ഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചുഐടി രംഗത്ത് അരലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ ഒരുങ്ങുന്നുഅടുത്ത 4 വർഷത്തിനുള്ളിൽ എസി വിൽപന ഇരട്ടിയായേക്കും

റബര്‍ ഉത്പാദനത്തിൽ ഒരു ലക്ഷം ടണ്‍ കുറവുണ്ടായേക്കും

കോട്ടയം: വിലയിടിവ്, സംസ്‌കരണച്ചെലവ്, വിലസ്ഥിരതാപദ്ധതിയിലെ സര്‍ക്കാര്‍ അനാസ്ഥ, കാലാവസ്ഥാവ്യതിയാനം തുടങ്ങി വിവിധ കാരണങ്ങളാല്‍ നടപ്പുസാമ്പത്തിക വര്‍ഷം റബര്‍ ഉത്പാദനത്തില്‍ ഒരു ലക്ഷം ടണ്ണിലേറെ കുറവുണ്ടായേക്കും.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 8.39 ലക്ഷം ടണ്ണായിരുന്ന ഉത്പാദനം. ഇക്കൊല്ലം ഏഴര ലക്ഷമാകുമെന്നാണ് സൂചന.

പ്രധാന ഉത്പാദനസീസണായ ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ പിന്നിട്ട മൂന്നു സാമ്പത്തിക വര്‍ഷങ്ങളെക്കാള്‍ കുറവായിരിക്കും ഇക്കൊല്ലത്തെ ഉത്പാദനം. മഞ്ഞിന്‍റെ അഭാവവും കനത്ത ചൂടുംകാരണം ഫെബ്രുവരി പകുതിയോടെ ടാപ്പിംഗ് നിലയ്ക്കും.

വിദേശ ഉത്പാദനത്തിലും 20 ശതമാനം കുറവുണ്ടാകാമെന്നിരിക്കെ ആഭ്യന്തരവില വരുംദിവസങ്ങള്‍ ഉയരാനാണ് സാധ്യത.

ഒരു കിലോ റബര്‍ ഷീറ്റിന് 170 രൂപ ഉറപ്പാക്കുന്ന വിലസ്ഥിരതാ പദ്ധതി സംസ്ഥാന സര്‍ക്കാരിന്‍റെ അനാസ്ഥയില്‍ നിലച്ചതിനാല്‍ ചെറുകിടക്കാര്‍ ടാപ്പിംഗില്‍നിന്ന് പിന്‍മാറിയതും ഉത്പാദനം കുറയാന്‍ കാരണമായി.

റബര്‍ ഷീറ്റ് വിറ്റ ബില്ലും മറ്റ് രേഖകളും അപ്‌ലോഡ് ചെയ്യാനുള്ള ഓണ്‍ലൈന്‍ വെബ്‌സൈറ്റ് ഇക്കൊല്ലം ഒക്ടോബറില്‍ തുറന്ന് 40 ദിവസമേ പ്രവര്‍ത്തിച്ചുള്ളൂ. ജൂണില്‍ തുറക്കേണ്ടിയിരുന്ന വൈബ്‌സൈറ്റിന്‍റെ സേവനം അഞ്ചു മാസം വൈകിയതിനാല്‍ ആറു കോടി രൂപ സബ്‌സിഡിക്കുള്ള ബില്ലുകളുടെ അപ് ലോഡിംഗ് മാത്രമേ നടന്നിട്ടുള്ളു.

റബര്‍ ബോര്‍ഡില്‍ ഉദ്യോഗസ്ഥരുടെ എണ്ണം നാമമാത്രമായതോടെ 60 കോടി രൂപ സബ്‌സിഡിക്കുള്ള ബില്ലുകളുടെ പരിശോധന മുടങ്ങിയിരിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 214 കോടി രൂപ കര്‍ഷകര്‍ക്ക് പദ്ധതി പ്രകാരം സബ്‌സിഡി ലഭിച്ചിരുന്നു.

റബര്‍ വിറ്റതിന്‍റെ ബില്ല് അപ് ലോഡ് ചെയ്യാന്‍ കരാറുണ്ടാക്കിയ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്‍ററിന് (എന്‍ഐസി) സംസ്ഥാന സര്‍ക്കാര്‍ 15 കോടി രൂപ സര്‍വീസ് ചാര്‍ജ് കൊടുത്തുതീര്‍ക്കാനുണ്ട്.

നിരവധി തവണ ആവശ്യപ്പെട്ടിട്ടും തുക നല്‍കാതെ വന്ന സാഹചര്യത്തിലാണ് എന്‍ഐസി കരാര്‍ റദ്ദാക്കി സര്‍വീസ് അവസാനിപ്പിച്ചത്.

ലാറ്റക്‌സിനും സര്‍ക്കാര്‍ നിലവില്‍ നാമമാത്ര സബ്സിഡിയേ നല്‍കുന്നുള്ളൂ. സര്‍ക്കാര്‍ നടപ്പാക്കിയ ആശാസ്ത്രീയ മാനദണ്ഡങ്ങള്‍പ്രാകാരം ഒരു കിലോ ലാറ്റക്‌സിന് 10 രൂപയോളമാണ് നടപ്പ് സബ്ഡി. തുച്ഛമായ ആ അനുകൂല്യവും വെബ്സൈറ്റ് നിലച്ചതോടെ കിട്ടാതായി.

വേനല്‍ച്ചൂട് ശക്തമായി റബറിന്‍റെ ഇലകൊഴിയുന്നതോടെ ഉത്പാദനം നാമമാത്രമാകും. കൂലി, സംസ്‌കരണച്ചെലവ് കണക്കാക്കിയാല്‍ ടാപ്പിംഗ് നഷ്ടമാകുന്ന സാഹചര്യത്തില്‍ ഉത്പാദനം ആഴ്ചകള്‍ക്കുള്ളില്‍ നിലയ്ക്കും.

ഡിമാന്‍ഡ് അനുസരിച്ച ഉത്പന്നം ലഭിക്കാതെ വന്നതോടെ വരുംവാരങ്ങളില്‍ വില ഉയരുമെന്നാണ് വിപണി സൂചന.

X
Top