
മുംബൈ: ഓഹരി വിപണിയുടെ മൂല്യം എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തിയ ഓഗസ്റ്റില്‍ ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ വില്‍പ്പന നടത്തി. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിക്ഷേപം നടത്തിയ ഓഗസ്റ്റിലാണ് മ്യൂച്വല്‍ ഫണ്ടുകള്‍ അറ്റവില്‍പ്പന തുടര്‍ന്നത്.
1642 കോടി രൂപയുടെ അറ്റവില്‍പ്പനയാണ് മ്യൂച്വല്‍ ഫണ്ടുകള്‍ നടത്തിയത്. ഇത് കഴിഞ്ഞ 17 മാസത്തിനിടെ ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ നടത്തുന്ന ഏറ്റവും ഉയര്‍ന്ന അറ്റവില്‍പ്പനയാണ്. തുടര്‍ച്ചയായി മൂന്നാമത്തെ മാസമാണ് മ്യൂച്വല്‍ ഫണ്ടുകള്‍ അറ്റവില്‍പ്പന നടത്തുന്നത്.
ഓഗസ്റ്റില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത് 50,000 കോടി രൂപയിലേറെയാണ്. ഓഗസ്റ്റ് വരെയുള്ള 12 മാസ കാലയളവില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ ഇന്ത്യന്‍ വിപണിയില്‍ 2.21 ലക്ഷം കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ജൂലൈയില്‍ ഇക്വിറ്റി ഫണ്ടുകളുടെ മൂല്യം 21.09 ലക്ഷം കോടി രൂപ എന്ന റെക്കോഡ് നിലവാരത്തിലെത്തിയിരുന്നു.
അതേ സമയം കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ മുതല്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വില്‍പ്പന നടത്തിവരികയായിരുന്നു. 2021 ഒക്‌ടോബര്‍ മുതല്‍ 2022 ജൂണ്‍ വരെ 2.46 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വിറ്റഴിച്ചത്.
നിക്ഷേപക സ്ഥാപനങ്ങള്‍ ഓഹരി വിപണിയില്‍ നടത്തുന്ന നിക്ഷേപത്തിന്റെ 17.4 ശതമാനം ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ വഴിയാണ്.