
കൊച്ചി: റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ ധനനയ നിർണയസമിതിയുടെ (എം.പി.സി) നടപ്പുവർഷത്തെ മൂന്നാം ദ്വൈമാസ ധനനയ പ്രഖ്യാപനം ഇന്ന്.
ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത ഭീഷണിയുയർത്തി നാണയപ്പെരുപ്പം മുന്നേറുന്ന നിലവിലെ സാഹചര്യത്തിൽ പലിശനിരക്ക് കൂട്ടുകയെന്ന നടപടി ഇത്തവണയും എം.പി.സി തുടർന്നേക്കും. റിപ്പോനിരക്ക് ഏപ്രിലിൽ 0.40 ശതമാനവും ജൂണിൽ 0.50 ശതമാനവും കൂട്ടിയിരുന്നു; കഴിഞ്ഞ രണ്ടുയോഗങ്ങളിലായി ഒറ്റയടിക്ക് കൂട്ടിയത് 0.90 ശതമാനമാണ്.
റെക്കാഡ് താഴ്‌ചയിലായിരുന്ന റിപ്പോനിരക്ക് ഇതോടെ 4 ശതമാനത്തിൽ നിന്ന് 4.90 ശതമാനത്തിലെത്തി. ഇന്ന് 0.25 ശതമാനം മുതൽ 0.50 ശതമാനം വരെ വർദ്ധന പ്രതീക്ഷിക്കുന്നു. ലോകരാജ്യങ്ങളാകെ നാണയപ്പെരുപ്പത്തിന്റെ കെടുതിയിലാണ്.
നാണയപ്പെരുപ്പത്തിന് കടിഞ്ഞാണിടാൻ അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവും ബ്രിട്ടീഷ് കേന്ദ്രബാങ്കായ ബാങ്ക് ഒഫ് ഇംഗ്ളണ്ടും യൂറോപ്പിന്റെ യൂറോപ്യൻ സെൻട്രൽ ബാങ്കും ഉൾപ്പെടെ പലിശനിരക്ക് കൂട്ടുന്ന നടപടികളിലേക്ക് കടന്നിരുന്നു. ഇതേ ട്രെൻഡിനൊപ്പം നിൽക്കാൻ റിസർവ് ബാങ്കും നിർബന്ധിതരായതിനാൽ ഇന്നും പലിശഭാരം കൂട്ടാനാണ് സാദ്ധ്യതയെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പലിശനിരക്ക് കുറയ്ക്കാൻ തയ്യാറായ ‘അക്കോമഡേറ്റീവ്” നിലപാടിൽ നിന്ന് ‘ന്യൂട്രൽ” നിലപാടിലേക്കും എം.പി.സി ചുവടുമാറ്റിയേക്കും.
പലിശനിരക്ക് കൂടുമ്പോൾ ബാങ്കുകളിൽ നിന്ന് പൊതുവിപണിയിലേക്ക് ഒഴുകുന്ന പണത്തിന്റെ അളവ് കുറയും. ഇത് നാണയപ്പെരുപ്പം താഴാൻ സഹായിക്കും. വായ്‌പാ പലിശനിരക്ക് കൂട്ടിയാണ് ബാങ്കുകൾ പണലഭ്യത നിയന്ത്രിക്കുക. ഭവന, വാഹന, വ്യക്തിഗത വായ്‌പാപലിശ ഉയരുന്നത് ഇ.എം.ഐ കൂടാനിടയാക്കും. വായ്‌പാ ഇടപാടുകാർക്ക് ഇത് തിരിച്ചടിയാണ്.
ഉപഭോക്തൃവില (റീട്ടെയിൽ) സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം വിലയിരുത്തിയാണ് റിസർവ് ബാങ്ക് മുഖ്യപലിശ നിരക്കുകൾ പരിഷ്കരിക്കുന്നത്. ഇത് 4-6 ശതമാനത്തിനുള്ളിൽ നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം. എന്നാൽ, ഏറെ മാസങ്ങളായി ഇത് ഏഴ് ശതമാനത്തിനുമേൽ തുടരുകയാണ്. ജൂണിൽ 7.01 ശതമാനമായിരുന്നു. മൊത്തവില (ഹോൾസെയിൽ) നാണയപ്പെരുപ്പം 14 മാസത്തോളമായി 10 ശതമാനത്തിന് മേലെയാണുള്ളത്; ജൂണിൽ 15.18 ശതമാനം. ഈ സാഹചര്യത്തിൽ ഇന്ന് എം.പി.സി പലിശനിരക്ക് കൂട്ടാനാണ് സാദ്ധ്യത.
നിലവിലെ നിരക്ക്
റിപ്പോനിരക്ക് : 4.90%
എസ്.ഡി.എഫ്.ആർ : 4.65%
എം.എസ്.എഫ്.ആർ : 5.15%
ഫിക്സ്ഡ് റിവേഴ്സ് റിപ്പോ : 3.35%
എസ്.എൽ.ആർ : 18.00%
സി.ആർ.ആർ : 4.50%