വിലക്കയറ്റത്തോതിൽ വീണ്ടും വർധന; ചീത്തപ്പേരിന്റെ ‘ടോപ് 5ൽ’ നിന്ന് കേരളം ഇക്കുറിയും രക്ഷപ്പെട്ടുഎം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്

വിലക്കയറ്റത്തോതിൽ വീണ്ടും വർധന; ചീത്തപ്പേരിന്റെ ‘ടോപ് 5ൽ’ നിന്ന് കേരളം ഇക്കുറിയും രക്ഷപ്പെട്ടു

ന്യൂഡൽഹി: ആശങ്കയായി രാജ്യത്തെ വിലക്കയറ്റത്തോതിൽ വീണ്ടും വർധന. ഏപ്രിലിൽ 3.48 ശതമാനമായിരുന്ന ചില്ലറ വിലക്കയറ്റത്തോത് (കൺസ്യൂമർ പ്രൈസ് ഇൻഡക്സ്) മേയിൽ 3.9 ശതമാനമായി വർധിച്ചെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം വ്യക്തമാക്കി. തുടർച്ചയായ അഞ്ചാം മാസമാണ് വർധന.

ഇറാൻ – യുഎസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നിരക്ക് 4.1 ശതമാനത്തിനു മുകളിലേക്ക് ഉയരുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. എന്നാൽ മേയിലെ നിരക്ക് റിസർവ് ബാങ്കിന്റെ നിയന്ത്രണ പരിധിയായ നാലു ശതമാനത്തിന് തൊട്ടുപിന്നിലെത്തി.

വിലക്കയറ്റത്തോത് സ്ഥിരമായി 4 ശതമാനത്തിൽ താഴെ നിർത്തുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം. ഇക്കൊല്ലം ജനുവരി മുതൽ പണപ്പെരുപ്പം കണക്കാക്കുന്ന അടിസ്ഥാന വർഷം (ബേസ് ഇയർ) 2012ൽ നിന്നു 2024ലേക്ക് മാറ്റിയിരുന്നു.

കേരളത്തിന്റെ വിലക്കയറ്റത്തോതിലും വർധനയുണ്ട്. ഏപ്രിലിൽ 3.77 ശതമാനമായിരുന്ന നിരക്ക് മേയിൽ 4.30 ശതമാനമായാണ് കൂടിയത്. മാർച്ചിൽ ഇത് 3.62 ശതമാനമായിരുന്നു. സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇക്കുറിയും ആറാമതാണ് കേരളം. കഴിഞ്ഞ വർഷം ജനുവരി മുതൽ ഡിസംബർ വരെയുള്ള തുടർച്ചയായ 12 മാസം രാജ്യത്തെ ഏറ്റവും വിലക്കയറ്റത്തോതുള്ള സംസ്ഥാനമെന്ന ചീത്തപ്പേര് കേരളത്തിനായിരുന്നു.

എന്നാൽ പണപ്പെരുപ്പം കണക്കാക്കാൻ പുതിയ അടിസ്ഥാന വർഷം കൊണ്ടുവന്നതോടെ ഇക്കൊല്ലം ജനുവരിയിൽ രണ്ടാം സ്ഥാനത്തെത്തി. മാർച്ചിൽ ഏഴാം സ്ഥാനത്തെത്തിയെങ്കിലും കഴിഞ്ഞ രണ്ടു മാസമായി വിലക്കയറ്റത്തിൽ ആറാം സ്ഥാനത്താണ് കേരളം. മേയിൽ നിരക്ക് വർധിച്ചതും റിസർവ് ബാങ്കിന്റെ നിയന്ത്രണ പരിധിക്ക് മുകളിൽ നിലനിൽക്കുന്നതും ആശങ്കയാണ്.

വി.ഡി.സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പുറത്തുവരുന്ന ആദ്യ വിലക്കയറ്റ കണക്കാണിത്. കേരളത്തിൽ വിലക്കയറ്റം രൂക്ഷമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അങ്ങനെയിരിക്കെ ഇക്കുറി ബജറ്റിൽ വിലക്കയറ്റം പിടിച്ചു നിർത്താൻ എന്തൊക്കെ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

∙ 6.15 ശതമാനവുമായി തെലങ്കാനയാണ് സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇക്കുറിയും ഒന്നാം സ്ഥാനത്ത്. 5.11 ശതമാനം വിലക്കയറ്റത്തോത് രേഖപ്പെടുത്തിയ തമിഴ്നാട് പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ട്. ആന്ധ്രപ്രദേശ് (4.90 ശതമാനം), കർണാടക (4.59 ശതമാനം), ഒഡിഷ (4.54 ശതമാനം) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. മിസോറാമാണ് ഏറ്റവും കുറവ് വിലക്കയറ്റത്തോത് രേഖപ്പെടുത്തിയ സംസ്ഥാനം. കേവലം 1.03 ശതമാനം മാത്രം.

∙ തൊട്ടുമുൻവർഷത്തെ അപേക്ഷിച്ച് രാജ്യത്തെ ഭക്ഷ്യവിലക്കയറ്റം മേയിൽ 4.78 ശതമാനമായി വർധിച്ചതായും കണക്കുകൾ‍ പറയുന്നു. ഗ്രാമമേഖലകളിൽ ഇത് 4.85 ശമതാനവും നഗരങ്ങളിൽ 4.66 ശതമാനവുമാണ് വിലക്കയറ്റം.

∙ പാൻമസാല, പുകയില തുടങ്ങിയ ഉൽപന്നങ്ങളുടെ വില 4.83 ശതമാനം വർധിച്ചു. വസ്ത്രങ്ങളുടെയും പാദരക്ഷകളുടെയും വില 2.98 ശതമാനവും കൂടി. ഹൗസിങ്, വാട്ടർ, വൈദ്യുതി,ഗ്യാസ് തുടങ്ങിയവയുടെ വില 1.73 ശതമാനം വർധിച്ചതായും കണക്കുകൾ പറയുന്നു.

∙ ഉരുളക്കിഴങ്ങ്, പയർ, കാറുകൾ, ജീരകം, മോട്ടോർ സൈക്കിളുകളും സ്കൂട്ടറുകളും എന്നിവയ്ക്കാണ് ഏറ്റവും കുറവ് വിലക്കയറ്റം രേഖപ്പെടുത്തിയത്. വെള്ളി, തക്കാളി, സ്വർണം, ഇഞ്ചി, കിസ്മിസ് തുടങ്ങിയ ഉൽപന്നങ്ങൾക്കാണ് ഏറ്റവും കൂടുതൽ വിലക്കയറ്റുമുണ്ടായതെന്നും കണക്ക്.

X
Top