
ദുബായ്: ഇസ്രയേൽ അനുകൂല ഹാക്കർമാർ ഇറാനിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചായ നോബിടെക്‌സിൽ നിന്ന് 9 കോടി ഡോളറിലേറെ ചോർത്തിയതായി റിപ്പോർട്ട്.
ഹാക്കിങ്ങിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ‘ഗോഞ്ചേഷ്കെ ദരാൻഡെ’, കമ്പനിയുടെ സോഴ്‌സ് കോഡും ചോർത്തി. നോബിടെക്‌സ് ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് കമ്പനിയുടെ ആപ്പും വെബ്‌സൈറ്റും പ്രവർത്തനരഹിതമായി.
ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഉപരോധം പ്രതിരോധിക്കാനും ഭീകരവാദികൾക്ക് പണം കൈമാറാനും നോബിടെക്സ് സഹായം ചെയ്തുവെന്ന് ഹാക്കർ ഗ്രൂപ്പ് സമൂഹമാധ്യമത്തിൽ ആരോപിച്ചു. ബിറ്റ്‌കോയിൻ, എതേറിയം, ഡോജ്കോയിൻ എന്നിവയാണ് ചോർത്തിക്കൊണ്ടുപോയതിലേറെയും.
ഇറാനിൽ സർക്കാർ നിയന്ത്രണത്തിലുള്ള ബാങ്ക് സെപയ്‌ക്കെതിരെ ചൊവ്വാഴ്ച നടന്ന സൈബർ ആക്രമണത്തിന്റെ ഉത്തരവാദിത്തവും ഈ ഗ്രൂപ്പ് ഏറ്റെടുത്തിട്ടുണ്ട്.