
മുംബൈ: ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുുകളിലെ നിക്ഷേപം ഫെബ്രുവരിയില്‍ മുന്‍ മാസത്തേക്കാള്‍ 26 ശതമാനം കുറഞ്ഞു. നിക്ഷേപകര്‍ ഓഹരി വിപണിയിലെ ഇടിവിനെ തുടര്‍ന്ന് പുതിയ നിക്ഷേപങ്ങള്‍ കുറച്ചതോടെയാണ് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള പണത്തിന്റെ വരവ് കുറഞ്ഞത്.
ഫെബ്രുവരിയില്‍ ഇക്വിറ്റി സ്‌കീമുകളില്‍ എത്തിയ നിക്ഷേപം 29,303 കോടി രൂപയാണ്. എന്നാല്‍ ജനുവരിയില്‍ ഇത് 39,688 കോടി രൂപയായിരുന്നു.
സിസ്‌റ്റമാറ്റിക് ഇന്‍വെസ്‌റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) വഴിയുള്ള നിക്ഷേപം ജനുവരിയിലെ 26,400 കോടി രൂപയില്‍ നിന്നും നേരിയ തോതില്‍ കുറഞ്ഞ് 25,999 കോടി രൂപയായി.
മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിന്റെ മൊത്തം ആസ്‌തി ജനുവരിയില്‍ രേഖപ്പെടുത്തിയ 66.98 ലക്ഷം കോടിയില്‍ നിന്നും ഫെബ്രുവരിയില്‍ 64.53 ലക്ഷം കോടി രൂപയായി കുറയുകയും ചെയ്‌തു. ഹ്രസ്വകാല ഡെറ്റ് ഫണ്ടുകളില്‍ നിന്നും ഈ മാസം നിക്ഷേപം പിന്‍വലിക്കപ്പെട്ടു.
മിഡ്, സ്‌മോള്‍ക്യാപ് ഫണ്ടുകളിലെ നിക്ഷേപം മുന്‍ മാസത്തെ അപേക്ഷിച്ച് കുത്തനെ ഇടിവ് രേഖപ്പെടുത്തിയിട്ടണ്ട്. ഫെബ്രുവരിയില്‍ മിഡ്‌ക്യാപ് സ്‌കീമുകളിലെത്തിയ നിക്ഷേപം 3409 കോടി രൂപയാണ്. എന്നാല്‍ മുന്‍മാസം ഇത് 5148 കോടി രൂപയായിരുന്നു.
കഴിഞ്ഞ മാസം സ്‌മോള്‍ ക്യാപ് സ്‌കീമുകളിലെത്തിയ നിക്ഷേപം 3722 കോടി രൂപയാണ്. ജനുവരിയില്‍ ഇത് 9017 കോടിയായിരുന്നു.
ഫെബ്രുവരിയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം എത്തിയത് ഫ്‌ളെക്‌സിക്യാപ്പ് ഫണ്ടുകളിലാണ്- 5698 കോടി രൂപ. ലാര്‍ജ് ക്യാപ് ഫണ്ടുകളിലെ നിക്ഷേപം 3063 കോടിയില്‍ നിന്നും 2866 കോടി രൂപയായി കുറഞ്ഞു.
മള്‍ട്ടിക്യാപ് ഫണ്ടുകളിലെ നിക്ഷേപം 2518 കോടിയില്‍ നിന്നും 3567 കോടി രൂപയായി.
തീരുവ യുദ്ധം ശക്തമാകുമെന്ന ആശങ്കയും രൂപയുടെ മൂല്യത്തകര്‍ച്ച ഉയര്‍ത്തുന്ന പ്രതികൂല വികാരവും ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്ക് (ഇടിഎഫ്) 1980 കോടി ഡോളര്‍ രൂപയുടെ നിക്ഷേപം എത്തുന്നതിന് വഴിവെച്ചു.