
മുംബൈ: മ്യൂച്വല്‍ ഫണ്ടുകളും ഇന്‍ഷുറന്‍സ് കമ്പനികളും ബാങ്കുകളും പെന്‍ഷന്‍ ഫണ്ടുകളും ഉള്‍പ്പെടെയുള്ള ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ 2026ലെ ഇന്ത്യന്‍ ഓഹരി വിപണിയിലെ അറ്റനിക്ഷേപം മൂന്ന് ലക്ഷം കോടി രൂപക്ക് മുകളിലെത്തി.
ജനുവരിയില്‍ 69,220 കോടി രൂപയും ഫെബ്രുവരിയില്‍ 39,702 കോടി രൂപയും മാര്‍ച്ചില്‍ 1.4 ലക്ഷം കോടി രൂപയും ഏപ്രിലില്‍ 43,892 കോടി രൂപയുമാണ് ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിച്ചത്.
മെയ് മാസത്തിലെ ഇതുവരെയുള്ള നിക്ഷേപം 14,204 കോടി രൂപയാണ്. 2026ല്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ദ്വിതീയ വിപണിയില്‍ നടത്തിയ മൊത്തം വില്‍പ്പന 2 ലക്ഷം കോടി രൂപയ്‌ക്ക് മുകളിലെത്തിയപ്പോഴാണ് മറുഭാഗത്ത് ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ ഗണ്യമായ നിക്ഷേപത്തിലൂടെ വിപണിക്ക് പിന്തുണ നല്‍കിയത്.
2024 മുതല്‍ വിദേശ നിക്ഷേപകരുടെ വില്‍പ്പനയുടെ ആഘാതം ഇന്ത്യന്‍ വിപണി മറികടന്നത് ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ നിക്ഷേപത്തിലൂടെയാണ്. 2025ല്‍ 7.75 ലക്ഷം കോടി രൂപയാണ് ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിച്ചത്. ഇത് ഒരു വര്‍ഷത്തെ നിക്ഷേപത്തിലെ റെക്കോഡ് ആണ്. 2024ല്‍ 5.23 ലക്ഷം കോടി രൂപയും നിക്ഷേപിച്ചു.
അതേ സമയം 2025ല്‍ 2.4 ലക്ഷം കോടി രൂപയുടെയും 2024ല്‍ 1.29 ലക്ഷം കോടി രൂപയുടെയും വില്‍പ്പനയാണ് വിദേശ നിക്ഷേപകര്‍ ദ്വിതീയ വിപണിയില്‍ നടത്തിയിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യന്‍ കമ്പനികളിലെ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി ഉടമസ്ഥത 1.70 ശതമാനം വര്‍ധിച്ചു. 2026 ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ 20.9 ശതമാനമാണ് ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി ഉടമസ്ഥത.
പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നതും രൂപയുടെ മൂല്യത്തിലുണ്ടായ തുടര്‍ച്ചയായ ഇടിവും വിദേശ നിക്ഷേപക സ്ഥാപനങ്ങളെ വില്‍പ്പനയ്‌ക്ക് പ്രേരിപ്പിച്ച ഘടകങ്ങളാണ്. ഫെബ്രുവരിയില്‍ വിദേശ നിക്ഷേപകര്‍ അറ്റനിക്ഷേപം നടത്തിയെങ്കിലും ജനുവരിയില്‍ എഐയുമായി ബന്ധപ്പെട്ട ആശങ്ക മൂലം ഗണ്യമായ തോതില്‍ വില്‍പ്പന നടത്തി.
ഈ വില്‍പ്പനയുടെ വിപണിയിലെ ആഘാതം ഒരു പരിധിക്ക് അപ്പുറത്തേക്ക് പോകാതിരുന്നത് ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ തുടര്‍ച്ചയായ നിക്ഷേപം മൂലമാണ്.






