വിബിജി ആർഎഎംജി പദ്ധതി ജൂലൈ ഒന്നുമുതൽ നടപ്പിൽവരുംറഷ്യയുടെ എൽഎൻജി വേണ്ടെന്ന് ഇന്ത്യ; സിംഗപ്പൂരിനടുത്ത് പാതിവഴിയിൽ കുടുങ്ങി കപ്പൽഎണ്ണ കമ്പനികൾക്ക് വില പിടിച്ചു നിർത്താൻ കഴിയുമോ എന്നതിൽ ഉറപ്പ് പറയാൻ ആകില്ലെന്ന് കേന്ദ്ര സർക്കാർഇന്ത്യയുടെ ജിഡിപി പ്രവചനത്തിൽ വൻ ഇടിവ്യൂറോപ്യൻ വിപണി തുറന്നു; കടൽവിഭവ കയറ്റുമതിയിൽ ഇന്ത്യക്ക് നേട്ടമെന്ന് പിയൂഷ് ഗോയൽ

മ്യൂച്വല്‍ ഫണ്ടുകളിലേക്ക് ഒഴുകിയത് 38,440 കോടി

ഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യന്‍ ഓഹരി വിപണിയിലുള്ള വിശ്വാസമര്‍പ്പിച്ച് നിക്ഷേപകര്‍. ഏപ്രില്‍ മാസത്തില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് പദ്ധതികളിലേക്കുള്ള അറ്റ നിക്ഷേപം 38,440 കോടി രൂപയായി ഉയര്‍ന്നു. മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് അഞ്ച് ശതമാനത്തിന്റെ നേരിയ കുറവുണ്ടായെങ്കിലും, കഴിഞ്ഞ വര്‍ഷത്തെ ശരാശരി നിക്ഷേപത്തേക്കാള്‍ വളരെ ഉയര്‍ന്ന നിലയിലാണിതെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ (ആംഫി) വ്യക്തമാക്കുന്നു.

ഏപ്രിലില്‍ ഓഹരി വിപണി കൈവരിച്ച ഉജ്ജ്വലമായ തിരിച്ചുവരവാണ് നിക്ഷേപകരെ ആകര്‍ഷിച്ചത്. യുഎസ്-ഇറാന്‍ സംഘര്‍ഷഭീതി ഒഴിഞ്ഞതോടെ നിഫ്റ്റി-50 സൂചിക 7 ശതമാനം നേട്ടമുണ്ടാക്കി. എന്നാല്‍ ഇതിനേക്കാള്‍ വിസ്മയിപ്പിക്കുന്ന പ്രകടനം നടത്തിയത് സ്‌മോള്‍ക്യാപ് വിഭാഗമാണ്; നിഫ്റ്റി സ്മോള്‍ക്യാപ് 250 സൂചിക ഏപ്രിലില്‍ മാത്രം 17 ശതമാനത്തിലധികം കുതിച്ചുയര്‍ന്നു. വിപണിയിലെ ഈ അനുകൂല തരംഗം ചെറുകിട നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.

ഫ്ലെക്സിക്യാപ്, മിഡ്ക്യാപ്, സ്മോള്‍ക്യാപ് ഫണ്ടുകളിലേക്കാണ് നിക്ഷേപത്തിന്റെ വലിയൊരു പങ്കും എത്തിയത്. ആകെ ഇക്വിറ്റി ഇന്‍ഫ്‌ലോയുടെ 61 ശതമാനവും ഈ മൂന്ന് വിഭാഗങ്ങളില്‍ നിന്നായിരുന്നു. തുടര്‍ച്ചയായ രണ്ടാം മാസവും ഫ്ലെക്സിക്യാപ് ഫണ്ടുകള്‍ 10,000 കോടിയിലധികം സമാഹരിച്ചപ്പോള്‍, മിഡ്ക്യാപ്-സ്മോള്‍ക്യാപ് ഫണ്ടുകളിലേക്കുള്ള വരവ് 9 ശതമാനം വര്‍ധിച്ച് 13,437 കോടി രൂപയിലെത്തി. വിപണി തിരുത്തലുകള്‍ക്ക് ശേഷമുള്ള മൂല്യം തിരിച്ചറിഞ്ഞാണ് നിക്ഷേപകര്‍ സ്മോള്‍ക്യാപ് ഫണ്ടുകളിലേക്ക് പണമൊഴുക്കുന്നത്.

മൊത്തത്തിലുള്ള നിക്ഷേപം ശക്തമായി തുടരുമ്പോഴും സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ വഴി എത്തുന്ന തുകയില്‍ നേരിയ കുറവുണ്ടായത് ശ്രദ്ധേയമായി. എസ്ഐപി നിക്ഷേപം പ്രതിമാസം 3 ശതമാനം കുറഞ്ഞ് 31,115 കോടി രൂപയായി. ഫെബ്രുവരിയിലെ അവധി ദിനങ്ങള്‍ കാരണം ചില ഇടപാടുകള്‍ മാര്‍ച്ചിലേക്ക് നീങ്ങിയതാണ് മാര്‍ച്ച് മാസത്തിലെ കണക്കുകള്‍ വര്‍ദ്ധിക്കാന്‍ കാരണമായതെന്നും, ഇത് ഏപ്രിലില്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ഡെറ്റ് ഫണ്ടുകളിലെ 2.5 ട്രില്യണ്‍ രൂപയുടെ വന്‍ നിക്ഷേപം വ്യവസായത്തിന്റെ മൊത്തത്തിലുള്ള ആസ്തിയില്‍ 11 ശതമാനം വളര്‍ച്ചയുണ്ടാക്കി. ഹൈബ്രിഡ് ഫണ്ടുകളും പാസീവ് സ്‌കീമുകളും മികച്ച രീതിയില്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നുണ്ട്. വെല്ലുവിളി നിറഞ്ഞ ആഗോള സാഹചര്യത്തിനിടയിലും ഇന്ത്യന്‍ നിക്ഷേപകര്‍ പ്രകടിപ്പിക്കുന്ന ഈ പ്രതിരോധശേഷി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയുടെ തെളിവാണെന്ന് എച്ച്ഡിഎഫ്‌സി എഎംസി എംഡി നവനീത് മുനോട്ട് അഭിപ്രായപ്പെട്ടു.

X
Top