
ന്യൂഡല്‍ഹി: ആണവായുധ ശേഖരത്തില്‍ പാകിസ്താനെ മറികടന്ന് ഇന്ത്യ. സ്റ്റോക്ക്ഹോം ഇന്റർനാഷണല്‍ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാർഷിക റിപ്പോർട്ട് അനുസരിച്ച്, പാകിസ്താന്റെ ശേഖരത്തിലുള്ള 170 ആണവ പോർമുനകളെ അപേക്ഷിച്ച് ഇന്ത്യക്ക് നിലവില്‍ 180 ആണവ പോർമുനകളുണ്ട്.
2025-ല്‍ എട്ട് പോർമുനകള്‍ കൂടി ചേർത്താണ് ഇന്ത്യ ആണവശേഖരം വിപുലമാക്കിയത്. പ്രവർത്തനക്ഷമമായ ഈ ആയുധങ്ങള്‍ വിന്യസിക്കാൻ തയ്യാറായവയാണ്. പാകിസ്താന് ഈ വർഷം ഒരു ആണവപോർമുന പോലും കൂട്ടിച്ചേർക്കാനായില്ല.
1966-ല്‍ സ്ഥാപിതമായ സ്റ്റോക്ക്ഹോം ഇന്റർനാഷണല്‍ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്(SIPRI) സംഘർഷം, ആയുധ നിയന്ത്രണം, ആയുധങ്ങള്‍, നിരായുധീകരണം എന്നിവയെക്കുറിച്ച് ഗവേഷണം നടത്തുന്ന സ്വതന്ത്ര സ്ഥാപനമാണ്.
ഇന്ത്യ പുതിയ വിക്ഷേപണ സംവിധാനങ്ങളുടെ വികസനം തുടരുന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഒന്നിലധികം പോർമുനകള്‍ വഹിക്കാൻ ശേഷിയുള്ള കാനിസ്റ്ററുകളില്‍ നിന്ന് വിക്ഷേപിക്കാവുന്ന തരത്തിലുള്ള മിസൈലുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യയുടെ കര, വ്യോമ, നാവികശേഷിയെ വൈവിധ്യവല്‍ക്കരിക്കുന്നതില്‍ ദ്രുതഗതിയിലാണ് മുന്നോട്ടുപോവുന്നത്. കൂടുതല്‍ പണം നിക്ഷേപിക്കുന്നു, പാകിസ്താനുമായി താരതമ്യപ്പെടുത്തുമ്ബോള്‍ രാജ്യത്തിന് കൂടുതല്‍ വിശ്വസനീയവും അതിജീവിക്കാൻ സാധ്യതയുള്ളതുമായ പ്രത്യാക്രമണ ശേഷിയുണ്ട്. ഓപ്പറേഷൻ സിന്ദൂറിന് തുടർച്ചയായാണ് ഈ വെളിപ്പെടുത്തലുകള്‍ വരുന്നത്.
ഈ ഓപ്പറേഷന് മുൻപ് പോലും, ഇന്ത്യ പാകിസ്താനിലെയും പാക് അധിനിവേശ കാശ്മീരിലെയും ഒമ്ബതോളം ഭീകര ക്യാമ്ബുകളില്‍ ആക്രമണം നടത്തിയപ്പോള്‍, പാകിസ്താൻ ആണവ ഭീഷണി മുഴക്കുന്നുണ്ടായിരുന്നു.
എന്നാല്‍ ഓപ്പറേഷൻ സിന്ദൂറിന് ശേഷമുണ്ടായ നാല് ദിവസത്തെ സംഘർഷത്തില്‍ ഇന്ത്യ ഈ ഭീഷണികള്‍ തകർത്തു. ഇത് പിന്നീട് പാകിസ്താനും സമ്മതിച്ചു. SIPRI വാർഷിക റിപ്പോർട്ട് ഊന്നിപ്പറയുന്നത്, ഇന്ത്യയും പാകിസ്താനും ഔപചാരിക ആണവായുധ നിയന്ത്രണ ചട്ടക്കൂടിന് പുറത്താണെങ്കിലും, ഇന്ത്യയുടെ ആധുനികവല്‍ക്കരണം കൂടുതല്‍ സ്ഥിരതയുള്ളതായി കാണപ്പെടുന്നു എന്നാണ്. ‘ആദ്യം ഉപയോഗിക്കില്ല’ എന്ന പ്രതിരോധ നയത്തിന് അനുസരിച്ചുള്ളതാണ് ഇന്ത്യയുടെ ആണവായുധ വികസനം.
റിപ്പോർട്ട് അനുസരിച്ച്, ഒമ്ബത് ആണവശക്തികളിലായി 12,241 ആണവ പോർമുനകളുണ്ട്. ഇവയില്‍ 3,912 എണ്ണം വിന്യസിച്ച നിലയിലാണ്. ശേഷിച്ച 9,614 എണ്ണം അതതു രാജ്യങ്ങളുടെ ശേഖരത്തിലും. ലോകമെമ്ബാടുമുള്ള ആണവ പോർമുനകളില്‍ 90 ശതമാനത്തിന്റെയും ഉടമകള്‍ അമേരിക്കയും റഷ്യയുമാണ്. ചൈനയ്ക്ക് 600 ആണവ പോർമുനകളുണ്ട്, അതില്‍ 24 എണ്ണം വിന്യസിച്ച നിലയിലാണ്.
ചൈനയും ഇന്ത്യയും അതിവേഗം ആണവശക്തികളായി ഉയർന്നുവരുന്നു എന്നതാണ് ശ്രദ്ധേയം. എന്നാല്‍, ഇന്ത്യ സുസ്ഥിരവും ശ്രദ്ധാപൂർവ്വവുമായ പാതയാണ് പിന്തുടരുന്നതെന്ന് SIPRI റിപ്പോർട്ട് പറയുന്നു.