ന്യൂഡൽഹി: വരും വര്‍ഷത്തില്‍ ആഗോള സമ്പദ് വ്യവസ്ഥ ദുര്‍ബലമാകുമെന്ന് പഠനം. എന്നാല്‍ ദക്ഷിണേഷ്യയില്‍, പ്രത്യേകിച്ച് ഇന്ത്യയില്‍ ഇത് പ്രതിഫലിക്കാന്‍ സാധ്യത കുറവാണെന്ന് ഭൂരിപക്ഷം സാമ്പത്തിക വിദഗ്ധരും വിലയിരുത്തുന്നു.
അതേസമയം ചൈനയുടെ സ്ഥിതി പരുങ്ങലിലാണ്. റിയല്‍ എസ്റ്റേറ്റ് വിപണിയിലെ പ്രതിസന്ധികള്‍ ബെയ്ജിംഗിനെ ബാധിക്കുമെന്ന് വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ഏറ്റവും പുതിയ ‘ചീഫ് ഇക്കണോമിസ്റ്റ് ഔട്ട്ലുക്ക്’ റിപ്പോര്‍ട്ട് പറയുന്നു.
ആഗോളതലത്തില്‍ രാഷ്ട്രീയവും സാമ്പത്തികവുമായ ചാഞ്ചാട്ടങ്ങള്‍ പിടിമുറുക്കുന്നു. ഇക്കാരണത്താല്‍ യുഎന്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ്ഡിജി) കൈവരിക്കുന്നതിനുള്ള പുരോഗതി തടസപ്പെടുമെന്ന് ഭൂരിപക്ഷം സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെട്ടു.
ആഭ്യന്തര, അന്തര്‍ദേശീയ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ആഗോള സമ്പദ് വ്യവസ്ഥ വരും വര്‍ഷത്തില്‍ ദുര്‍ബലമാകുമെന്ന് 60 ശതമാനത്തിലധികം സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നതായി വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
വികസ്വര രാജ്യങ്ങള്‍ ഈ ആഗോള പ്രതിസന്ധിയുടെ ഏറ്റവും രൂക്ഷമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും. ഭക്ഷ്യസുരക്ഷ, കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ സംരക്ഷണം എന്നിവയുള്‍പ്പെടെ പല മേഖലകളിലും പുരോഗതി മന്ദഗതിയിലാകും. ഏറ്റവും ഗുരുതരമായ വസ്തുത 2030-ല്‍ 500ലക്ഷത്തിലധികം പേര്‍ കടുത്ത ദാരിദ്ര്യത്തില്‍ ജീവിക്കും- റിപ്പോര്‍ട്ട് പറയുന്നു.
വികസിത, വികസ്വര രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണവും സ്വകാര്യ മൂലധന പ്രവാഹവും അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കുറയാനാണ് സാധ്യത. എന്നാലും, സ്വകാര്യ മൂലധനത്തിന്റെ ഒഴുക്ക് ഉയർത്താന്‍ കഴിയുമെങ്കില്‍ വികസനത്തിന്റെ പ്രത്യേക മേഖലകളില്‍ പോസിറ്റീവ് സ്വാധീനം സാധ്യമാണ്.
”ഏറ്റവും പുതിയ ചീഫ് ഇക്കണോമിസ്റ്റ് ഔട്ട്ലുക്ക് ആഗോള സമ്പദ്വ്യവസ്ഥയിലെ ദുര്‍ബലതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്,” ഡബ്ല്യുഇഎഫ് മാനേജിംഗ് ഡയറക്ടര്‍ സാദിയ സാഹിദി പറഞ്ഞു.
2023-2024 ലെ സാമ്പത്തിക വീക്ഷണം ഓരോ പ്രദേശങ്ങളിലും വ്യത്യാസപ്പെടുന്നു.
‘സാമ്പത്തിക വിദഗ്ധരില്‍ 90 ശതമാനത്തിലേറെപ്പേര്‍ ഈ വര്‍ഷം ദക്ഷിണേഷ്യയില്‍, പ്രത്യേകിച്ച് ഇന്ത്യയില്‍, മിതമായതോ ശക്തമോ ആയ വളര്‍ച്ച പ്രതീക്ഷിക്കുന്നു. മേഖലയില്‍ ശക്തമായ വളര്‍ച്ച പ്രതീക്ഷിക്കുന്നവരുടെ എണ്ണം 36 ശതമാനത്തില്‍ നിന്ന് 52 ശതമാനമായി,’ ഡബ്ല്യുഇഎഫ് പറഞ്ഞു.
യുഎസില്‍ മെയ് മുതല്‍ ഈ വീക്ഷണം ശക്തിപ്പെട്ടിട്ടുണ്ട്. പ്രതികരിച്ച 10 വിദഗ്ധരില്‍ എട്ട് പേരും 2023ലും 2024ലും മിതമായതോ ശക്തമായതോ ആയ വളര്‍ച്ച പ്രതീക്ഷിക്കുന്നു.
അതേസമയം യൂറോപ്പില്‍, ഈ വര്‍ഷം ദുര്‍ബലമായതോ വളരെ ദുര്‍ബലമായതോ ആയ വളര്‍ച്ചയാണ് 77 ശതമാനം പ്രതീക്ഷിക്കുന്നത്.
എന്നാല്‍ 2024നെ കുറിച്ച് വര്‍ധിച്ചുവരുന്ന ശുഭാപ്തിവിശ്വാസമുണ്ട്. മിതമായതോ ശക്തമായതോ ആയ വളര്‍ച്ച പ്രതീക്ഷിക്കുന്നവരുടെ എണ്ണം 23 ശതമാനത്തില്‍ നിന്ന് 60 ശതമാനമായി ഉയർന്നു.