
മുംബൈ: സ്വർണവില കുതിക്കുമ്പോൾ നിക്ഷേപിക്കാൻ അവസരം ലഭിച്ചില്ലെന്നോർത്ത് ഇനി സങ്കടപ്പെടേണ്ട. ഇന്ത്യൻ ഓഹരി വിപണിയിലൂടെ ഇനി ഡിജിറ്റലായി കുറഞ്ഞ പണം ഉപയോഗിച്ചും സ്വർണത്തിൽ നിക്ഷേപിക്കാം. സ്വർണത്തിൽ ഡിജിറ്റലായി നിക്ഷേപിക്കാൻ കഴിയുന്ന തരത്തിൽ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് പുതുതായി തുടങ്ങിയ സംവിധാനം ഹിറ്റായി.
എൻഎസ്ഇയുടെ ഇലക്ട്രോണിക് ഗോൾഡ് റെസീറ്റ് (ഇജിആർ) പ്ലാറ്റ്ഫോമിൽ ആദ്യദിവസം നടന്നത് 33 കോടി രൂപയുടെ ഇടപാടുകൾ. എൻഎസ്ഇയും ഓഗ്മെന്റ് എന്റർപ്രൈസസ് ലിമിറ്റഡും സഹകരിച്ചാണ് പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചത്. വെള്ളിയാഴ്ച ആകെ 2.27 ലക്ഷം യൂണിറ്റുകളുടെ കൈമാറ്റമാണ് നടന്നത്. ഏകദേശം ആറുകിലോ സ്വർണം. ഓരോ ഇജിആറും 100 മില്ലിഗ്രാം ഭൗതിക സ്വർണത്തിനു തുല്യമാണ്.
എന്താണ് ഇജിആർ
സെബി തന്നെ നിയന്ത്രിക്കുന്ന, സെബിയുടെ ചട്ടക്കൂടിലുള്ള ഡിജിറ്റൽ സ്വർണമാണ് ഇജിആർ. ഭൗതിക സ്വർണത്തെ ഡിജിറ്റൽ സെക്യൂരിറ്റിയാക്കി മാറ്റി, ഓഹരികൾ പോലെ ഓഹരി വിപണിയിലൂടെ വ്യാപാരം നടത്താൻ അനുവദിക്കുന്ന സംവിധാനമാണിത്. സ്വർണ വിപണിയിലെ സുതാര്യത ഉറപ്പാക്കാനും സ്വർണത്തിന്റെ കൃത്യമായ വില നിർണയത്തിനും നിക്ഷേപകർക്ക് സുരക്ഷിതമായി സ്വർണത്തിൽ നിക്ഷേപിക്കാനും ഇതു സഹായിക്കുന്നു.
എന്താണ് നേട്ടം
∙ ഡിജിറ്റൽ രൂപത്തിലാണ് ഇജിആറിലെ നിക്ഷേപം. നിക്ഷേപകരുടെ ഡിമാറ്റ് അക്കൗണ്ടിലാണ് ഇജിആറുകൾ സൂക്ഷിക്കുന്നത്.
∙ ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതുപോലെ തന്നെ പ്രമുഖ സ്റ്റോക് എക്സ്ചേഞ്ചുകൾ വഴി ഇജിആർ വളരെ എളുപ്പത്തിൽ വാങ്ങാനും വിൽക്കാനും കഴിയും. സാധാരണ ട്രേഡിങ് സമയങ്ങളിൽ വ്യാപാരം നടത്താം.
∙ എല്ലാ ഇജിആറുകൾക്കും കൃത്യമായ അളവിലുള്ള യഥാർഥ സ്വർണത്തിന്റെ പിൻബലമുണ്ട്. സെബി അനുവദിച്ചിട്ടുള്ള പ്രത്യേക വോൾട്ടുകളിൽ ഈ സ്വർണം സുരക്ഷിതമായി സൂക്ഷിക്കുന്നു.
∙ നിക്ഷേപകർക്ക് ആവശ്യമെങ്കിൽ തങ്ങളുടെ പക്കലുള്ള ഇജിആർ സമർപ്പിച്ച് അതിനു തുല്യമായ യഥാർഥ സ്വർണം (കോയിനുകളോ ബാറുകളോ) വോൾട്ടുകളിൽ നിന്നു കൈപ്പറ്റാനാകും.
∙ രാജ്യത്തുടനീളം ഒരേവിലയിൽ സ്വർണ വ്യാപാരം സാധ്യമാക്കാൻ ഇജിആറിലൂടെ കഴിയുന്നു. സ്വർണത്തിന്റെ ഗുണനിലവാരത്തിലും വിലയിലും പൂർണമായ സുതാര്യത ഉറപ്പുനൽകുന്നു.
∙ വലിയ തുക ഒന്നിച്ചു നിക്ഷേപിക്കാൻ സാധിക്കാത്തവർക്കും ചെറിയ അളവിലുള്ള ഇജിആറുകൾ വാങ്ങി നിക്ഷേപം ആരംഭിക്കാം.
∙ എക്സ്ചേഞ്ചുകൾ വഴി എപ്പോൾ വേണമെങ്കിലും ഇജിആർ വിറ്റു പണമാക്കാം. സെബി നിയന്ത്രിക്കുന്നതിനാൽ പൂർണ സുരക്ഷയുമുണ്ട്. സെബി അംഗീകൃത വോൾട്ടുകളിൽ സൂക്ഷിക്കുന്ന സ്വർണത്തിന്റെ പരിശുദ്ധിയിലും ആശങ്ക വേണ്ട. സെറ്റിൽമെന്റ് നടപടികളും ലളിതമായാണു ക്രമീകരിച്ചിരിക്കുന്നത്.
∙ 100 മില്ലിഗ്രാം മുതൽ 1 കിലോ വരെയുള്ള അളവുകളിൽ പോലും സ്വർണം വാങ്ങാം. വെറും 700-800 രൂപ ഉണ്ടെങ്കിൽ പോലും നിക്ഷേപം തുടങ്ങാമെന്ന് സാരം.






