Alt Image
ഇന്ത്യയിലേക്ക് 6 വർഷത്തിനിടയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപം ◆ ഇന്ത്യയിലെ ചോളം, കരിമ്പ് ഉല്‍പാദനം പ്രതിസന്ധിയില്‍; രാജ്യത്തിന്റെ ഇ20 ലക്ഷ്യത്തിന് തിരിച്ചടിയായേക്കും ◆ ഗള്‍ഫ് സംഘര്‍ഷം: കുത്തനെ ഇടിഞ്ഞ് പഴം, പച്ചക്കറി കയറ്റുമതി ◆ ഇന്ത്യയിൽ അതിദാരിദ്ര്യം പകുതിയായി കുറഞ്ഞു; 2.6 ശതമാനത്തിലെന്ന് ലോകബാങ്ക് കണക്കുകൾ ◆ മാനേജർ പദവികളിൽ സ്ത്രീ പങ്കാളിത്തം: റാങ്കിങ്ങിൽ ഇന്ത്യ ഏറ്റവും താഴെത്തട്ടിൽ ◆

റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്ക് ഇനി ഇന്ത്യൻ അളവുകോല്‍

കൊച്ചി: വിവിധ ബ്രാൻഡുകളുടെ വസ്ത്രങ്ങള്‍ക്ക് വ്യത്യസ്ത അളവുകളുള്ളതിനാല്‍ ഉപഭോക്താക്കള്‍ നേരിടുന്ന ബുദ്ധിമുട്ടിന് പരിഹാരമാകാൻ ഇന്ത്യയുടെ സ്വന്തം വസ്ത്ര അളവുകോല്‍.

ഇന്ത്യൻ ജനതയുടെ ശരീരഘടന അടിസ്ഥാനമാക്കി നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്നോളജി (നിഫ്റ്റ്) തയ്യാറാക്കിയ ‘ഇന്ത്യസൈസ്’ ചാർട്ട് നടപ്പാക്കാൻ പ്രമുഖ വസ്ത്ര കമ്പനികള്‍ ഒരുങ്ങുന്നു.

അമേരിക്കൻ, ബ്രിട്ടീഷ് അളവുകോലുകള്‍ ഇന്ത്യൻ ശരീരഘടനയ്ക്ക് അനുസരിച്ച്‌ മാറ്റിയാണ് ഇതുവരെ പല ബ്രാൻഡുകളും വസ്ത്രങ്ങള്‍ നിർമ്മിച്ചിരുന്നത്. ഇതുമൂലം ഒരേ എസ്, എം, എല്‍ വലുപ്പങ്ങള്‍ക്ക് ബ്രാൻഡുകള്‍ക്കിടയില്‍ വ്യത്യാസമുണ്ടാകുകയും ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ വസ്ത്രം കണ്ടെത്താൻ പ്രയാസമുണ്ടാകുകയും ചെയ്തിരുന്നു.

15 വയസിന് മുകളിലുള്ള 26,324 പേരില്‍ നിഫ്റ്റ് നടത്തിയ ത്രിമാന ശരീര അളവെടുപ്പിന്റെ അടിസ്ഥാനത്തിലാണ് പുതിയ ചാർട്ട് തയ്യാറാക്കിയത്. പുരുഷന്മാർക്കായി 14 വിഭാഗങ്ങളും സ്ത്രീകള്‍ക്കായി 13 വിഭാഗങ്ങളുമുള്ള അളവുചാർട്ടുകള്‍ 2026 ജനുവരി മുതല്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്.

മൂന്ന് ഉയരവിഭാഗങ്ങളും അഞ്ച് ശരീരഘടനകളും അടിസ്ഥാനമാക്കിയുള്ള ചാർട്ടുകള്‍ ഡിജിറ്റലായി ടെക്സ്റ്റൈല്‍ മന്ത്രാലയത്തില്‍ നിന്ന് 20,000 രൂപ നിരക്കില്‍ ലഭിക്കും.

ഇ ബുക്ക് ഡൗണ്‍ലോഡ് കുതിക്കുന്നു
ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയില്‍, റെയ്മണ്ട് ലൈഫ്‌സ്റ്റൈല്‍, അരവിന്ദ് ഫാഷൻസ്, റിലയൻസ് റീട്ടെയില്‍ തുടങ്ങിയ പ്രമുഖ കമ്പനികള്‍ ഇന്ത്യ സൈസ് നടപ്പാക്കാൻ തയ്യാറെടുക്കുകയാണ്.

സൈസ് ചാർട്ടിന്റെ സൗജന്യ ഇ ബുക്ക് ഡൗണ്‍ലോഡ് ചെയ്യാനുള്ള രജിസ്ട്രേഷൻ 2,400 കടന്നു. എന്നാല്‍ എല്ലാ ബ്രാൻഡുകളും പുതിയ അളവുകോല്‍ നടപ്പാക്കിയതായി സ്ഥിരീകരിച്ചിട്ടില്ല. ഐ.എൻ ടാഗിനുള്ള ദേശീയ മാനദണ്ഡങ്ങള്‍ നിലവില്‍ തയ്യാറാക്കുന്ന ഘട്ടത്തിലാണ്.

X
Top