Alt Image
118 ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഇളവുകൾ കേന്ദ്രം പുനഃപരിശോധിക്കുന്നു ◆ കേന്ദ്ര സർക്കാരിന്റെ ധനക്കമ്മി ഉയരാൻ സാധ്യത; സർക്കാർ ചെലവുകൾ വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന് എസ്ബിഐ റിസർച്ചിന്റെ റിപ്പോർട്ട് ◆ രാജ്യത്തിൻറെ നിര്‍മാണമേഖലയില്‍ ഉണര്‍വ് ◆ ഇന്ത്യയുടെ ധനക്കമ്മി ലക്ഷ്യം കൈവരിക്കാനാകുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ്; കോര്‍പ്പറേറ്റ് നികുതി വരുമാനത്തില്‍ വന്‍ വര്‍ധന ◆ ഇന്ത്യൻ കയർ കയറ്റുമതിയിൽ 52% വളർച്ച; വരുമാനം 6,614 കോടി രൂപയായി ◆

ദീർഘകാല മൂലധന നേട്ടം: നികുതി നീക്കിയാലും കേന്ദ്രത്തിന് കാര്യമായ വരുമാന നഷ്ടമുണ്ടാകില്ല

ന്യൂഡൽഹി: ഓഹരി നിക്ഷേപകർക്കുമേൽ ഈടാക്കുന്ന ദീർഘകാല മൂലധന നേട്ട (ലോങ് ടേം ക്യാപ്പിറ്റൽ ഗെയ്ൻ–എൽടിസിജി) നികുതി നീക്കിയാൽ കേന്ദ്രസർക്കാരിന് കാര്യമായ വരുമാന നഷ്ടമുണ്ടാകില്ലെന്ന് റിപ്പോർട്ട്. 2027-28 സാമ്പത്തിക വർഷം കേന്ദ്രസർക്കാരിനുണ്ടാകുന്ന വരുമാന നഷ്ടം 40,000-50,000 കോടി രൂപയിൽ ഒതുങ്ങുമെന്ന് എസ്ബിഐ റിസർച്ചിന്റെ റിപ്പോർട്ട് പറയുന്നു.

ഓഹരി വിപണിയിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനും നിലവിലെ വിദേശ നിക്ഷേപകരെ ഉൾപ്പെടെ പിടിച്ചുനിർത്താനും എൽടിസിജി കുറയ്ക്കണമെന്ന് സെക്യൂരിറ്റീസ് ആൻ‍ഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയും (സെബി) കേന്ദ്ര സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ദീപാവലിക്കു മുൻപേ തീരുമാനമെടുത്തേക്കാം. ബജറ്റുവരെ കാത്തിരിക്കേണ്ടി വരില്ലെന്നാണ് സൂചനകൾ.

എൽടിസിജി ഇളവ് ഇന്ത്യയുടെ ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) 0.1-0.2 ശതമാനം വരെ ഇടിവുണ്ടാക്കും എന്നും എസ്ബിഐ റിസർച്ചിന്റെ എക്കോറാപ് റിപ്പോർട്ടിലുണ്ട്. നിലവിൽ കേന്ദ്രസർക്കാരിന്റെ ധനസ്ഥിതി അനുസരിച്ച് താങ്ങാവുന്ന ആഘാതം മാത്രമാണിത്.

2025-26ൽ ഒരു ലക്ഷം കോടി രൂപയാണ് എൽടിസിജി ഇനത്തിൽ കേന്ദ്രത്തിന് ലഭിച്ചത്. നടപ്പുവർഷം ഇത് 40,00-50,000 കോടി രൂപയായി കുറയും. ഓഹരി വിപണിയിയിൽ നിന്ന് 30 ശതമാനം വരെ റിട്ടേൺ ലഭിച്ചതു കൊണ്ടാണ് 2024-25 സാമ്പത്തിക വർഷത്തിൽ 1.3 ലക്ഷം കോടി രൂപയുടെ എൽടിസിജി നികുതി ലഭിച്ചത്.

എന്നാൽ നിലവിലെ വിപണി സാഹചര്യങ്ങൾ വ്യത്യസ്തമാണ്. കഴിഞ്ഞ 3 വർഷത്തിനിടെ നിഫ്റ്റിയുടെ ശരാശരി റിട്ടേൺ 0.5 ശതമാനമായി ചുരുങ്ങി. ഇക്കാലയളവിൽ 4.8 ലക്ഷം കോടി രൂപയുടെ വിദേശനിക്ഷേപം പിൻവലിക്കപ്പെട്ടതായും എസ്ബിഐ റിസർച്ച് ചൂണ്ടിക്കാട്ടുന്നു.

ഇതിലൂടെയുണ്ടാകുന്ന നഷ്ടം നികത്താൻ ഓഹരി കൈമാറ്റത്തിൻ മേലുള്ള നികുതി (സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ്-എസ്ടിടി) ഉയർത്തുന്നത് അടക്കമുള്ള നിർദേശങ്ങളും എസ്ബിഐ മുന്നോട്ടുവയ്ക്കുന്നുണ്ട്. എസ്ടിടി 50% വർധിപ്പിച്ചാൽ 2027-28ൽ 45,000 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്താണ് മാറ്റം?
12 മാസത്തിൽ കൂടുതൽ കൈവശം വയ്ക്കുന്ന ഓഹരികൾ വിൽക്കുമ്പോൾ ലഭിക്കുന്ന ലാഭത്തിൽ നിന്ന് ഈടാക്കുന്ന 12.5% നികുതി (എൽടിസിജി) കുറയ്ക്കാനുള്ള ആലോചനയിലാണ് കേന്ദ്രം. ഇതിലൂടെ ആഭ്യന്തര, വിദേശ നിക്ഷേപകരെ ആകർഷിക്കാനും ഓഹരി വിപണിയിലെ നിക്ഷേപക വിശ്വാസം വീണ്ടെടുക്കാനാകുമെന്നാണ് കരുതുന്നത്.

വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർക്ക് (എഫ്പിഐ) ഓഹരികളിൽ നിന്നുള്ള ലാഭം കണക്കാക്കുന്ന രീതിയിൽ മാറ്റം വരുത്തുന്നതും പരിഗണനയിലുണ്ട്. നിലവിൽ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങൾ മൂലം ഡോളർ അടിസ്ഥാനത്തിൽ യഥാർഥ ലാഭമില്ലെങ്കിലും രൂപയിലെ നേട്ടത്തിന് നികുതി നൽകേണ്ടി വരുന്ന സാഹചര്യമുണ്ട്.

ഇതിനു പകരം വിദേശ നിക്ഷേപകരുടെ ലാഭം ഡോളർ അടിസ്ഥാനത്തിൽ കണക്കാക്കി നികുതി ചുമത്താനാണ് ആലോചന. ആഭ്യന്തര-വിദേശ നിക്ഷേപകർക്ക് എൽടിസിജി പൂർണമായി ഒഴിവാക്കുമെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ അന്തിമതീരുമാനമെടുത്തിട്ടില്ല.

മാറ്റം എന്തിന്?
കഴിഞ്ഞ രണ്ടുവർഷമായി ഓഹരി വിപണിയിൽനിന്ന് കാര്യമായ നേട്ടമില്ലാത്തതും സ്വകാര്യ മേഖലയിലെ വേതനവർധനയിലെ മന്ദഗതിയും നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നതായി സർക്കാർ വിലയിരുത്തുന്നു.

വിദേശനിക്ഷേപകർ ഇന്ത്യൻ വിപണിയിൽനിന്ന് പണം പിൻവലിക്കുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. എൽടിസിജി സംബന്ധിച്ച ചർച്ചകൾ ആരോഗ്യകരമാണെന്നും ഇതുസംബന്ധിച്ച നിർദേശങ്ങൾ കേൾക്കാൻ താൽപര്യമുണ്ടെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അടുത്തിടെ പറഞ്ഞിരുന്നു.

സമാനമായ നിർദേശം കഴിഞ്ഞ ദിവസം സെബിയും കേന്ദ്രസർക്കാരിന് നൽകിയിരുന്നു. ഈ നീക്കങ്ങൾ ഓഹരി വിപണിക്ക് അനുകൂലമായ തീരുമാനമാണെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് എംഡി ആൻഡ് സിഇഒ ധിരാജ് റെല്ലി അടക്കമുള്ളവരുടെ അഭിപ്രായം.

X
Top