Alt Image
ഇന്ത്യയിലേക്ക് 6 വർഷത്തിനിടയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപം ◆ ഇന്ത്യയിലെ ചോളം, കരിമ്പ് ഉല്‍പാദനം പ്രതിസന്ധിയില്‍; രാജ്യത്തിന്റെ ഇ20 ലക്ഷ്യത്തിന് തിരിച്ചടിയായേക്കും ◆ ഗള്‍ഫ് സംഘര്‍ഷം: കുത്തനെ ഇടിഞ്ഞ് പഴം, പച്ചക്കറി കയറ്റുമതി ◆ ഇന്ത്യയിൽ അതിദാരിദ്ര്യം പകുതിയായി കുറഞ്ഞു; 2.6 ശതമാനത്തിലെന്ന് ലോകബാങ്ക് കണക്കുകൾ ◆ മാനേജർ പദവികളിൽ സ്ത്രീ പങ്കാളിത്തം: റാങ്കിങ്ങിൽ ഇന്ത്യ ഏറ്റവും താഴെത്തട്ടിൽ ◆

ടാറ്റ ഇനി ലോകത്തിലെ നാലാമത്തെ വാണിജ്യ വാഹന ഭീമൻ

മുംബൈ: ഇറ്റലിയിലെ പ്രമുഖ വാണിജ്യ വാഹന നിർമാതാക്കളായ ഇവെകോ ഏറ്റെടുത്ത് ടാറ്റ മോട്ടോഴ്സ്. ഇവെകോയുടെ 89.42% ഓഹരികളും ടാറ്റ സ്വന്തമാക്കി. ഏകദേശം 31,000 കോടി രൂപയ്ക്കാണ് ഏറ്റെടുക്കൽ. ലയനത്തോടെ 2.28 ലക്ഷംകോടി രൂപ വരുമാനമുള്ള ലോകത്തിലെ നാലാമത്തെ വലിയ വാണിജ്യ വാഹന നിർമാതാക്കളായി ടാറ്റ മോട്ടോഴ്സ്.

ടാറ്റയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ടിഎംഎൽ സിവി ഹോൾഡിങ്സ് ബിവി വഴിയാണ് ഏറ്റെടുക്കൽ പൂർത്തിയായത്. 2008 ൽ ജാഗ്വാർ ലാൻഡ് റോവർ സ്വന്തമാക്കിയതിനു ശേഷം ടാറ്റ ഏറ്റെടുക്കുന്ന ഏറ്റവും വലിയ വിദേശ ഏറ്റെടുക്കലാണിത്.

30,000 ജീവനക്കാരുള്ള ഇവെകോ ഗ്രൂപ്പിന് 16 നിർമാണ കേന്ദ്രങ്ങളും 22 ഗവേഷണ–വികസന സ്ഥാപനങ്ങളും ഉണ്ട്. അടുത്ത 5 വർഷത്തിനുള്ളിൽ ഉൽപാദനവും വിൽപ്പനയും ഗണ്യമായി വർധിപ്പിക്കുകയും പ്രതിവർഷം 6 ലക്ഷം വാഹനങ്ങളുടെ വിൽപ്പനയാണ് ലക്ഷ്യമിടുന്നതെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു. ഇവെകോ മോഡലുകൾ പ്രാദേശികമായി നിർമിക്കാനും പദ്ധതിയുണ്ട്.

ലക്ഷ്യം രാജ്യാന്തര വിപണി
ഇന്ത്യയിലെ വാണിജ്യ വാഹനവിപണിയുടെ 40% വരും ടാറ്റയുടെ പങ്ക്. ലോകത്തെ നാലാമത്തെ വലിയ ട്രക്ക് നിർ‍മാണ കമ്പനിയാണ് ടാറ്റ. പ്രധാന വിപണി ഇന്ത്യയാണെന്നതു മാത്രമാണ് ടാറ്റ മോട്ടോഴ്‌സിനു മുന്നിലെ പ്രധാന പ്രശ്‌നം. ഈ പ്രശ്‌നത്തിനു പരിഹാരം കാണുകയെന്ന ലക്ഷ്യത്തിലാണ് ഇവേകോയെ ടാറ്റ ഏറ്റെടുത്തത്.

യൂറോപ്പിന്റെ ട്രക്ക് വിപണിയുടെ 11% സ്വന്തമായുള്ള കമ്പനിയാണ് ഇവേകോ. യൂറോപ്പിലെ രണ്ടാമത്തെ ബസ് നിർ‍മാണ കമ്പനിയും ലോകത്തെ അഞ്ചാമത്തെ വലിയ എൻ‍ജിൻ നിർ‍മാണ കമ്പനിയും ഇവേകോ തന്നെ. ഇവേകോയുടെ വരുമാനത്തിന്റെ 75 ശതമാനവും വരുന്നത് യൂറോപ്പിൽ‍നിന്നാണ്.

2014ലെ ഇവേകോയുടെ വരുമാനത്തിന്റെ കണക്കു നോക്കിയാൽ 90,000 കോടി രൂപ ട്രക്ക് വിൽ‍പനയിൽ‍നിന്നും 23,400 കോടി രൂപ ബസ് വിൽ‍പനയിൽ‍നിന്നും 31,500 കോടി രൂപ എൻജിൻ വിൽ‍പനയിൽ‍നിന്നുമാണ് ലഭിച്ചിരിക്കുന്നത്.

ഇവെകോയുടെ ചരിത്രം
ഇറ്റലിയിലെ ടൂറിന്‍ ആസ്ഥാനമായുള്ള ബഹുരാഷ്ട്ര വാണിജ്യ വാഹന നിര്‍മാണ കമ്പനിയാണ് ഇവെകോ (ഇന്‍ഡസ്ട്രിയല്‍ വെഹിക്കിള്‍സ് കോര്‍പറേഷന്‍). ചെറുകിട, ഇടത്തരം, ഭാര വാണിജ്യ വാഹനങ്ങള്‍ ഇവേകോ നിര്‍മിക്കുന്നുണ്ട്.

ഫിയറ്റ് ഗ്രൂപ്പിന്റെ ഭാഗമായുള്ള അഞ്ച് ട്രക്ക് ബ്രാന്‍ഡുകള്‍ 1975ല്‍ കൂടിച്ചേര്‍ന്നാണ് ഇവെകോ സ്ഥാപിക്കപ്പെടുന്നത്. ഇറ്റലിയില്‍നിന്നുള്ള ഫിയറ്റ്, ഒഎം, ലാന്‍സിയ, ഫ്രാന്‍സിലെ യുണീക്, ജര്‍മനിയിലെ മഗിറസ് ഡോയ്റ്റ്‌സ് (Magirus-Deutz) കമ്പനിയും ചേര്‍ന്നാണ് ഇവേകോ സ്ഥാപിക്കുന്നത്. പിന്നീട് പലപ്പോഴായി വേറെയും പല കമ്പനികളും ഇവെകോയുടെ ഭാഗമായി.

എന്തുകൊണ്ട് ഇവേകോ?
ടാറ്റ മോട്ടോഴ്‌സിന്റെ എക്കാലത്തെയും വലിയ ഏറ്റെടുക്കലാണ് ഇവേകോയുമായി നടക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍നിന്നു ലോക വിപണിയിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കാൻ പറ്റിയ മാര്‍ഗമായിട്ടാണ് ടാറ്റയുടെ ഈ ഏറ്റെടുക്കല്‍ വിലയിരുത്തപ്പെടുന്നത്.

ടാറ്റ മോട്ടോഴ്‌സും ഇവെകോയും ചേര്‍ത്തുവച്ചാല്‍ 2.28 ലക്ഷം കോടി രൂപയുടെ വാണിജ്യവാഹന സാമ്രാജ്യമായി മാറും. ഈ വരുമാനത്തില്‍ 50% യൂറോപ്പില്‍നിന്നും 35% ഇന്ത്യയില്‍നിന്നും ബാക്കി അമേരിക്കയില്‍നിന്നും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുമായിരിക്കും.

ടാറ്റ മോട്ടോഴ്‌സിനു കാര്യമായ സ്വാധീനമില്ലാത്ത വിപണികളിലാണ് ഇവെകോയുടെ ശക്തി. രാജ്യാന്തര വിപണിയിലേക്കു ബിസിനസ് വ്യാപിപ്പിക്കാനുള്ള എളുപ്പവഴിയാണ് ടാറ്റയ്ക്ക് ഇവെകോ. ഇതില്‍ത്തന്നെ യൂറോപ്യന്‍ വിപണിയാണ് ടാറ്റയുടെ ലക്ഷ്യം.

X
Top