Alt Image
ഗള്‍ഫ് സംഘര്‍ഷം: കുത്തനെ ഇടിഞ്ഞ് പഴം, പച്ചക്കറി കയറ്റുമതി ◆ ഇന്ത്യയിൽ അതിദാരിദ്ര്യം പകുതിയായി കുറഞ്ഞു; 2.6 ശതമാനത്തിലെന്ന് ലോകബാങ്ക് കണക്കുകൾ ◆ മാനേജർ പദവികളിൽ സ്ത്രീ പങ്കാളിത്തം: റാങ്കിങ്ങിൽ ഇന്ത്യ ഏറ്റവും താഴെത്തട്ടിൽ ◆ എഥനോൾ ഉൽപാദനത്തിൽ കടുപ്പിച്ചു കേന്ദ്രം; പഞ്ചസാരക്കു പിന്നാലെ അരിക്കും നിയന്ത്രണം ◆ പഞ്ചസാര വില കുതിക്കുന്നു ◆

ഗള്‍ഫ് സംഘര്‍ഷം: കുത്തനെ ഇടിഞ്ഞ് പഴം, പച്ചക്കറി കയറ്റുമതി

കോഴിക്കോട്: പശ്ചിമേഷ്യൻ സംഘർഷവും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളിലെ തടസങ്ങളും കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി കയറ്റുമതിക്ക് കനത്ത തിരിച്ചടിയായി.

കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴി ഗള്‍ഫിലേക്കുള്ള കയറ്റുമതി 18 ശതമാനം കുറഞ്ഞു. കണ്ണൂരില്‍ 44.1 ശതമാനവും കോഴിക്കോട് 18.1 ശതമാനവും തിരുവനന്തപുരത്ത് 15 ശതമാനവുമാണ് ഇടിവ്. കൊച്ചി വിമാനത്താവളം വഴിയുള്ള കയറ്റുമതി 15,200 ടണ്ണില്‍ നിന്ന് 18,376 ടണ്ണായി ഉയർന്നതു മാത്രമാണ് ആശ്വാസം.

ഗള്‍ഫ് മേഖലയിലേക്ക് സംസ്ഥാനത്തുനിന്ന് ശരാശരി 500 ടണ്‍ വരെ പഴം, പച്ചക്കറികള്‍ കയറ്റുമതി ചെയ്തിരുന്നതാണ് ഇപ്പോള്‍ 300-350 ടണ്ണായി കുറഞ്ഞത്. വിമാന സർവീസുകള്‍ റദ്ദാക്കിയതും നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയതും സൗദി അറേബ്യ, ഖത്തർ, യു.എ.ഇ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിക്ക് തിരിച്ചടിയായി. ചരക്കുകള്‍ വിമാനത്താവളങ്ങളില്‍ കെട്ടിക്കിടക്കുകയാണ്.

പഴം, പച്ചക്കറി കയറ്റുമതിയുടെ പ്രധാന കേന്ദ്രമായിരുന്ന കോഴിക്കോട് വിമാനത്താവളത്തിലും പ്രതിസന്ധി രൂക്ഷമാണ്. കോഴിക്കോട്ടുനിന്ന് കയറ്റുമതി ചെയ്യേണ്ട ചരക്കുകള്‍ കൊച്ചിയിലെത്തിച്ചാണ് ഇപ്പോള്‍ വിദേശത്തേക്ക് അയക്കുന്നത്.

അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത വെല്ലുവിളി
കോഴിക്കോട് കാർഗോ സൂക്ഷിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും പ്രതിസന്ധി കൂട്ടി. പഴം, പച്ചക്കറി, നാളികേര ഉത്പ്പന്നങ്ങളാണ് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. പെട്ടെന്ന് കേടാകുന്ന ഉത്പ്പന്നങ്ങളായതിനാല്‍ കയറ്റുമതി വൈകുന്നത് കർഷകർ, വ്യാപാരികള്‍ എന്നിവർക്കെല്ലാം വലിയ നഷ്ടമുണ്ടാകുന്നു.

കൊച്ചിയില്‍നിന്ന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കുള്‍പ്പെടെ നേരിട്ട് കയറ്റുമതി ചെയ്യാനുള്ള സൗകര്യമുണ്ട്. തിരുവനന്തപുരത്തും കോഴിക്കോടും ഇതിനുള്ള അനുമതി അടുത്തിടെയാണ് ലഭിച്ചത്.

”കയറ്റുമതി സുഗമമാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാൻ സർക്കാർ തയ്യാറായാല്‍ പ്രതിസന്ധി ഒരു പരിധി വരെ ഒഴിവാക്കാനാവും”-
മുൻഷിദ് അലി , സെക്രട്ടറി,
കേരള എക്സ്പോർട്ടേഴ്സ് ഫോറം

കയറ്റുമതിയിലെ ഇടിവ്
വിമാനത്താവളം : മുൻവർഷം: ഈ വർഷം: മാറ്റം
കണ്ണൂർ : 1,156 ടണ്‍: 646 ടണ്‍: -44.1%
കോഴിക്കോട് – 4,870 ടണ്‍: 3,990 ടണ്‍: -18.1%
തിരുവനന്തപുരം: 5,190 ടണ്‍: 4,412 ടണ്‍: -15%
കൊച്ചി: 15,200 ടണ്‍: 18,376 ടണ്‍: +20.9%

X
Top