Alt Image
ഇന്ത്യയിലേക്ക് 6 വർഷത്തിനിടയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപം ◆ ഇന്ത്യയിലെ ചോളം, കരിമ്പ് ഉല്‍പാദനം പ്രതിസന്ധിയില്‍; രാജ്യത്തിന്റെ ഇ20 ലക്ഷ്യത്തിന് തിരിച്ചടിയായേക്കും ◆ ഗള്‍ഫ് സംഘര്‍ഷം: കുത്തനെ ഇടിഞ്ഞ് പഴം, പച്ചക്കറി കയറ്റുമതി ◆ ഇന്ത്യയിൽ അതിദാരിദ്ര്യം പകുതിയായി കുറഞ്ഞു; 2.6 ശതമാനത്തിലെന്ന് ലോകബാങ്ക് കണക്കുകൾ ◆ മാനേജർ പദവികളിൽ സ്ത്രീ പങ്കാളിത്തം: റാങ്കിങ്ങിൽ ഇന്ത്യ ഏറ്റവും താഴെത്തട്ടിൽ ◆

1,000 പുതിയ ട്രെയിനുകളുമായി റെയിൽവേയുടെ വമ്പൻ നീക്കം

ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വെയിറ്റിങ് ലിസ്റ്റ് കണ്ട് നിരാശപ്പെടുന്ന യാത്രക്കാർക്ക് ആശ്വാസവാർത്ത. രാജ്യത്തെ ഏഴ് പ്രധാന റെയിൽവേ ഇടനാഴികൾ നാലുവരി പാതകളാക്കി വികസിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. പദ്ധതി പൂർത്തിയാകുന്നതോടെ 1,000-ത്തിലധികം അധിക ട്രെയിനുകൾ സർവീസ് നടത്താനാകുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന റൂട്ടുകളിലാണ് പ്രധാനമായും വികസനം നടപ്പാക്കുന്നത്. ഇതിന് പുറമെ ഡൽഹി-ചെന്നൈ, മുംബൈ-കൊൽക്കത്ത, ഡൽഹി-ഗുവാഹത്തി എന്നീ മൂന്ന് പ്രധാന ഡയഗണൽ ഇടനാഴികളും പദ്ധതിയുടെ ഭാഗമാണ്. നിലവിലുള്ള റെയിൽവേ ശൃംഖലയിലെ തിരക്ക് കുറയ്ക്കുകയും യാത്രാ സൗകര്യം മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം.

ഏഴ് പ്രധാന ഇടനാഴികളിലും നാല് സമാന്തര ട്രാക്കുകൾ ഒരുക്കുന്നതോടെ യാത്രാ-ചരക്ക് ട്രെയിനുകൾക്ക് കൂടുതൽ സൗകര്യത്തോടെ സർവീസ് നടത്താനാകും. നിലവിലെ ട്രാക്കുകളിലെ തിരക്കും ട്രെയിൻ വൈകലും കുറയ്ക്കുന്നതിനൊപ്പം കൂടുതൽ സ്ഥിരം ട്രെയിൻ സർവീസുകൾ ആരംഭിക്കാനും ഇതിലൂടെ സാധിക്കും.

പദ്ധതി പൂർത്തിയാകുന്നതോടെ 1,000-ത്തിലധികം പുതിയ സ്ഥിരം ട്രെയിനുകൾ ഓടിക്കാനാകുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം.

കൽക്കരി ഉൾപ്പെടെയുള്ള ചരക്കുനീക്കം വർധിച്ചതും യാത്രക്കാരുടെ തിരക്കും നിലവിലെ റെയിൽവേ ശൃംഖലയിൽ വലിയ സമ്മർദം സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യം പരിഹരിക്കാൻ പുതിയ പാതകൾ നിർമിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ പത്ത് വർഷത്തിനിടെ 36,000 കിലോമീറ്റർ അധിക റെയിൽവേ ട്രാക്കുകൾ നിർമിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ഉത്സവകാല തിരക്ക് നിയന്ത്രിക്കുന്നതിനായി ഈ സീസണിൽ 18,000 പ്രത്യേക ട്രെയിനുകളും റെയിൽവേ സർവീസ് നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 12,000 പ്രത്യേക ട്രെയിനുകളായിരുന്നു സർവീസ് നടത്തിയത്. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ വിവിധ സ്റ്റേഷനുകളിലായി 700-ഓളം AI ക്യാമറകളും 20 സ്റ്റേഷനുകളിൽ പ്രത്യേക കാത്തിരിപ്പ് കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്.

പുതിയ ട്രാക്ക് വികസന പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ വെയിറ്റിങ് ലിസ്റ്റ് കുറയുന്നതിനും ട്രെയിൻ ലഭ്യത വർധിക്കുന്നതിനും യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുന്നതിനും കഴിയുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ.

X
Top