ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

പ്രാദേശിക ഉത്പാദനവും തമിഴ്‌നാട്ടിൽനിന്നുള്ള വരവും കൂടിയതോടെ സംസ്ഥാനത്ത് കോഴിയിറച്ചി വില കുത്തനെ കുറഞ്ഞു

അടിമാലി: സംസ്ഥാനത്ത് ബ്രോയ്‌ലർ കോഴിയിറച്ചിവില കുത്തനെ കുറഞ്ഞു. പ്രാദേശിക ഉത്പാദനം കൂടിയതും തമിഴ്നാട്ടിൽനിന്നുള്ള കോഴിയുടെ വരവ് ഉയർന്നതുമാണ് വില കുറയുവാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു.

രണ്ടാഴ്ച മുമ്പ് 160 ആയിരുന്ന കോഴിയിറച്ചിവിലയാണ് ഇപ്പോൾ നൂറിലെത്തിനിൽക്കുന്നത്. വരും ദിവസങ്ങളിൽ വില ഇനിയും കുറയും എന്നാണ് കച്ചവടക്കാർ നൽകുന്ന സൂചന. രണ്ടാഴ്ചമുമ്പ് ഫാമുകളിൽ കോഴിയുടെ വില കുറഞ്ഞതാണെങ്കിലും ചില്ലറക്കച്ചവടക്കാർ വില കുറച്ചിരുന്നില്ല.

ഉപഭോക്താക്കൾ പ്രതിഷേധം ഉയർത്തിയതോടെയാണ് പലയിടങ്ങളിലും വില കുറയ്ക്കാൻ ചില്ലറവ്യാപാരികൾ തയ്യാറായത്. അടിമാലിയിൽ ചില കടകളിൽ 120 രൂപയ്ക്ക് കോഴിവിറ്റിരുന്നപ്പോൾ ചില സൂപ്പർമാർക്കറ്റുകളിൽ 99 രൂപയ്ക്കാണ് കോഴി വിറ്റഴിച്ചത്.

പെട്ടെന്നുള്ള വിലക്കുറവ് കോഴി ഫാം നടത്തിപ്പുകാരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

65 രൂപയ്ക്കാണ് ഫാമുകളിൽനിന്ന് ഏജന്റുമാർ ഇപ്പോൾ കോഴികളെ വാങ്ങുന്നത്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഫാമുകളിൽ വലിയ തോതിൽ കോഴികൾ ഉള്ളതിനാൽ ഏജന്റുമാർ പറയുന്ന വിലയ്ക്ക് നൽകേണ്ട അവസ്ഥയിലാണ് കർഷകർ.

വളർച്ചയെത്തിയശേഷം കോഴികളെ ഫാമുകളിൽ നിർത്തുന്നത് തീറ്റയിനത്തിൽ വീണ്ടും നഷ്ടം വരുത്തും. ഉത്പാദനം കൂടി ഫാമുകളിൽ കോഴികൾ കെട്ടിക്കിടക്കാൻ തുടങ്ങിയതോടെ പൊടുന്നനെ വില കുറഞ്ഞു.

മഴക്കാലം കോഴികളുടെ വളർച്ചയ്ക്ക് അനുകൂലമായ കാലാവസ്ഥയാണ്. തൂക്കവും കൂടും. ഇനി ഓണത്തോടനുബന്ധിച്ച് മാത്രമേ വിലവർധന ഉണ്ടാകൂവെന്നാണ് കച്ചവടക്കാർ പറയുന്നത്.

മൂന്നാർ അടക്കമുള്ള ടൂറിസം കേന്ദ്രങ്ങളിലാണ് കൂടുതൽ കോഴിക്കടകൾ പ്രവർത്തിക്കുന്നത്. എന്നാൽ, രണ്ടാഴ്ചയായി സന്ദർശകരുടെ വരവ് വളരെ കുറഞ്ഞു.

ഇതോടെ, കോഴിയുടെ വില്പനയും പകുതിയിൽ താഴെയായി. ദിവസേന 300 മുതൽ 400 കിലോ വരെ കോഴിയിറച്ചിയുടെ കച്ചവടം നടന്നിരുന്ന പല വലിയ ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്. വയനാട് ദുരന്തത്തോടെ ഇടുക്കിയിലേക്കുള്ള സഞ്ചാരികൾ പകുതിയിൽ താഴെയായി.

കേരളത്തിൽ ചെറുതും വലുതുമായ കൂടുതൽ ഫാമുകൾ പ്രവർത്തനം തുടങ്ങിയതും വില കുറയാൻ കാരണമായിട്ടുണ്ട്.

X
Top