രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികൾ ഓരോ എൽപിജി സിലണ്ടറിലും 700 രൂപയുടെ നഷ്‌ടം സഹിക്കുന്നുഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം ഉയര്‍ന്നുപെട്രോൾ, ഡീസൽ വില വർദ്ധിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ആർബിഐ ഗവർണർഇന്ത്യ-യുഎസ് വ്യാപാര കരാർ: ആദ്യ ഘട്ടം ജൂലൈ പകുതിയോടെ ഒപ്പുവെച്ചേക്കുംരൂപയുടെ മൂല്യം മൂന്നക്കത്തിലേക്ക് ഇടിഞ്ഞേക്കുമെന്ന ആശങ്കകളെ തള്ളിക്കളഞ്ഞ് ഷാമിക രവി

കെഎസ്ആർടിസിയിലെ സൗജന്യയാത്ര ആദ്യം ഓർഡിനറിയിൽ

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രമായി നടപ്പാക്കാൻ തീരുമാനം. മുഖ്യമന്ത്രി വി.ഡി.സതീശനും ഗതാഗത മന്ത്രി സി.പി. ജോണും തമ്മിൽ നടത്തിയ ചർച്ചയിലാണു ധാരണയായത്. ജൂൺ 15 മുതൽ പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.

ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറി ബസ്സുകളിൽ പദ്ധതി നടപ്പിലാക്കും. ഇതിനുശേഷം വിലയിരുത്തൽ നടത്തിയശേഷം മറ്റു ബസ്സുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും.

കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന നഷ്ടം നികത്തുന്നത് പഠിക്കാൻ ധനകാര്യ സെക്രട്ടറിയെ ചുമതലപെടുത്തി. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര.

ഏതൊക്കെ ബസിൽ പദ്ധതി നടപ്പാക്കിയാൽ എത്ര രൂപ വീതം ചെലവു വരുമെന്ന കണക്കുകൾ കെഎസ്ആർടിസി കൈമാറിയിരുന്നു. മുഴുവൻ ബസുകളിലും സൗജന്യ യാത്ര അനുവദിച്ചാൽ 3 മാസത്തെ നഷ്ടം 112 കോടിരൂപയാണ്. ഓർഡിനറി ബസിൽ മാത്രമാക്കിയാൽ 57 കോടി, സിറ്റി ഫാസ്റ്റ്, ഓർഡിനറി എന്നിവയിൽ നടപ്പാക്കിയാൽ 65 കോടി, ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് എന്നിവയിൽ നടപ്പാക്കിയാൽ 90 കോടി എന്നിങ്ങനെയാണു നഷ്ടം കണക്കാക്കിയിരിക്കുന്നത്.

ശമ്പളത്തിനും പെൻഷനുമുള്ള സാമ്പത്തിക സഹായത്തിനു പുറമേ ഈ തുക കൂടി സർക്കാർ കെഎസ്ആർടിസിക്ക് നൽകേണ്ടിവരും. പ്രതിദിനം 10 മുതൽ 12 വരെ ലക്ഷം വനിതകൾ കെഎസ്ആർടിസിയിൽ സഞ്ചരിക്കുന്നുവെന്നാണ് കണക്ക്. പദ്ധതി നടപ്പാക്കുന്നതോടെ കൂടുതൽ വനിതകൾ യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് ഗതാഗതമന്ത്രി സി.പി.ജോൺ പറഞ്ഞു. എല്ലാ സ്ത്രീകൾക്കും സൗജന്യയാത്ര അനുവദിക്കും. എപിഎൽ, ബിപിഎൽ വ്യത്യാസമുണ്ടാകില്ല.

ട്രാൻസ്ജൻഡർ വിഭാഗത്തിനും സൗജന്യയാത്ര അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. തുക സർക്കാർ കെഎസ്ആർടിസിക്ക് റീഫണ്ട് ചെയ്യും. 15ന് പദ്ധതി ആരംഭിക്കും. കെഎസ്ആർടിസിക്ക് സാമ്പത്തിക ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.

X
Top