
തൃശ്ശൂർ: കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നടപ്പാക്കുന്നത് സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുമെന്ന് ഉടമകളുടെ സംഘടനയായ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ. വരാൻ പോകുന്ന ബജറ്റിൽ പ്രത്യേക പാക്കേജ് ഉൾപ്പെടെയുള്ള നടപടികളുണ്ടായില്ലെങ്കിൽ സർവീസ് നിർത്തിവെച്ച് സമരം നടത്തുമെന്നും വ്യാഴാഴ്ച തൃശ്ശൂരിൽ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം നേതാക്കൾ പറഞ്ഞു.
സ്വകാര്യ ബസുകളിലെ 70 ശതമാനത്തോളം യാത്രക്കാർ സ്ത്രീകളാണ്. കെ.എസ്.ആർ.ടി.സി.യിൽ സൗജന്യയാത്ര അനുവദിക്കുന്നതോടെ ഇവരെല്ലാം സ്വകാര്യ ബസുകളെ കൈയൊഴിയും. സ്വകാര്യ ബസ് നടത്തിപ്പ് ഇതോടെ കടുത്ത പ്രതിസന്ധിയിലാവും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം തുടങ്ങി തെക്കൻ ജില്ലകളിൽ ദിവസങ്ങൾക്കകംതന്നെ സർവീസ് നിർത്തിവെക്കാൻ നിർബന്ധിക്കപ്പെടും.
മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും ഭവിഷ്യത്തുകൾ അറിയിച്ചിരുന്നു. എന്നാൽ, സ്വകാര്യ ബസ്സുടമകളോട് ചർച്ച ചെയ്യാതെയാണ് സൗജന്യയാത്ര തീരുമാനമെടുത്തിട്ടുള്ളത്. ഒരു ലക്ഷത്തോളം പേരാണ് ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നത്. ഇതിനുപുറമേ, സാധാരണക്കാരുടെ യാത്രാ ആവശ്യം നിറവേറ്റുന്നതിൽ ഈ മേഖലയ്ക്ക് വലിയ പങ്കുണ്ട്. 5000 കോടിയോളം രൂപ മുതൽമുടക്കുള്ള വ്യവസായമാണിത്.
ഡീസൽവില കുതിച്ചുകയറുന്നതിനൊപ്പം എല്ലാ കാര്യങ്ങൾക്കും ചെലവേറുകയാണ്. 15 വർഷമായി വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിച്ചിട്ടില്ല. കെ.എസ്.ആർ.ടി.സി.ക്ക് നൽകുന്നതിനു സമാനമായ ഇളവുകൾ പ്രഖ്യാപിച്ചാലേ സ്വകാര്യ ബസുകൾക്ക് പിടിച്ചുനിൽക്കാനാവുള്ളൂ. അത്തരം തീരുമാനങ്ങളുണ്ടായില്ലെങ്കിൽ മറ്റു സംഘടനകളുമായി ചർച്ച ചെയ്തു സമര പരിപാടികളിലേക്കു കടക്കും.
സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. പവിത്രൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി. ഗോപിനാഥൻ, കെ. രാധാകൃഷ്ണൻ, നൗഷാദ് ആറ്റുപറമ്പത്ത്, വി.എസ്. പ്രദീപ്, എൻ. വിദ്യാധരൻ, ജോർജ് ജോസഫ്, എം.സി. കുഞ്ഞിപ്പ, ജോസ് കുട്ടി മുളകുപാടൻ, ബിബിൻ ആലപ്പാട്ട് എന്നിവർ പ്രസംഗിച്ചു.






