
വിദേശ കറൻസി നിക്ഷേപം, വായ്പ എന്നിവ ഉൾപ്പെടുന്ന ഡെറിവേറ്റീവ് പോർട്ട്ഫോളിയോയിൽ പിശകുകൾ സംഭവിച്ചെന്ന് സ്വയംവെളിപ്പെടുത്തി ‘വെട്ടിലായ’ ഇൻഡസ്ഇൻഡ് ബാങ്കിന്റെ ‘രക്ഷയ്ക്ക്’ ഐസിഐസിഐ ബാങ്കും കേരളം ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ ഫെഡറൽ ബാങ്കും രംഗത്ത്.
ഹ്രസ്വകാല സാമ്പത്തിക പിന്തുണ ഉറപ്പാക്കാൻ ഇരു ബാങ്കുകളും ഇൻഡസ്ഇൻഡ് ബാങ്കിനെ പിന്തുണയ്ക്കുന്നതായി ഇക്കണോമിക് ടൈംസ് ആണ് റിപ്പോർട്ട് ചെയ്തത്. മൂന്ന് ബാങ്കുകളും ഔഗ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വിദേശ കറൻസി നിക്ഷേപം, വായ്പ എന്നിവ ഉൾപ്പെടുന്ന ഡെറിവേറ്റീവ് പോർട്ട്ഫോളിയോയിൽ പിശകുകൾ സംഭവിച്ചെന്ന് ആഭ്യന്തര പരിശോധനയിലൂടെ കണ്ടെത്തിയെന്ന് സ്വകാര്യബാങ്കായ ഇൻഡസ്ഇൻഡ് ബാങ്ക് കഴിഞ്ഞമാസം ആദ്യമാണ് വെളിപ്പെടുത്തിയത്.
പിശകുകളുടെ പശ്ചാത്തലത്തിൽ ഫലത്തിൽ, 2024 ഡിസംബർ പാദപ്രകാരമുള്ള ബാങ്കിന്റെ ആസ്തിമൂല്യത്തിൽ (net worth) 2.35% ഇടിവുണ്ടാകുമെന്നാണ് വിലയിരുത്തൽ. ലാഭത്തിൽ 1,577 കോടി രൂപയുടെ ഇടിവും നേരിട്ടേക്കാം.
വെളിപ്പെടുത്തൽ ബാങ്കിന്റെ പ്രവർത്തനങ്ങളെ എങ്ങനെ ബാധിച്ചുവെന്ന് നാലംപാദ (ജനുവരി-മാർച്ച്) പ്രവർത്തനഫലം പുറത്തുവരുമ്പോൾ അറിയാനാകും.
ബാങ്കുകൾ തമ്മിൽ സഹകരിക്കുന്ന ഇന്റർ-ബാങ്ക് പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് (ഐബിപിസി) വഴിയാണ് ഫെഡറൽ ബാങ്കും ഐസിഐസിഐ ബാങ്കും ഇൻഡസ്ഇൻഡ് ബാങ്കിന് സാമ്പത്തിക പിന്തുണ നൽകുന്നതെന്ന് റിപ്പോർട്ട് പറയുന്നു.
അതായത്, ഇൻഡസ്ഇൻഡ് ബാങ്കിലെ ഉയർന്നമൂല്യമുള്ള കോർപ്പറേറ്റ് വായ്പകൾ (ബിസിനസ് വായ്പകൾ) ഈ ബാങ്കുകൾ ഏറ്റെടുത്ത് നിശ്ചിത തുക തിരികെ വായ്പയായി നൽകും. സാധാരണ 6 മാസമാണ് ഇതിന്റെ കാലാവധി.
6 മാസംകൊണ്ട് പലിശസഹിതം ഈ തുക തിരിച്ചടയ്ക്കുന്ന മുറയ്ക്ക് കോർപ്പറേറ്റ് വായ്പയായി കൈമാറിയ തുക തിരികെയും ലഭിക്കും. അതായത്, വായ്പ തന്നെ ഈടാക്കിവച്ച് മറ്റൊരു വായ്പ നേടുന്ന സൗകര്യമായി ഇതിനെ കാണാം.
ബാങ്കുകൾ പരസ്പരം സഹായിക്കുന്ന സംവിധാനമാണിത്. ഹ്രസ്വകാലത്തേക്ക് ബാങ്കിന്റെ പ്രവർത്തനത്തിന് പണലഭ്യത ഉറപ്പാക്കാനാണ് ഈ സംവിധാനം.
ഡെറിവേറ്റീവ് പോർട്ട്ഫോളിയോയിൽ പിശകുകൾ റിപ്പോർട്ട് ചെയ്യുന്നതിന് തൊട്ടുമുമ്പ് ഇൻഡസ്ഇൻഡ് ബാങ്കിന്റെ ഓഹരിവില 900 രൂപയോളമായിരുന്നത് പിന്നീട് 28 ശതമാനം വരെ ഇടിഞ്ഞ് 650 രൂപയിലേക്ക് എത്തിയിരുന്നു.