
ഹൈദരാബാദ്: 1,800 കോടിയിലധികം രൂപയുടെ നിക്ഷേപത്തിനുള്ള വിപുലീകരണ പദ്ധതികൾ പ്രഖ്യാപിച്ച് ബയോളജിക്കൽ ഇ ലിമിറ്റഡ് (ബിഇ). ഈ നിക്ഷേപം ജീനോം വാലിയിലെ മൂന്ന് സൗകര്യങ്ങളിലായി 2,500 ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിപുലീകരണം പ്രാഥമികമായി ലക്ഷ്യമിടുന്നത് ജനറിക് ഇൻജക്‌ടബിളുകൾക്കും ഗവേഷണ-വികസനത്തിനും ഒപ്പം വാക്‌സിനുകളുടെ നിർമ്മാണം വർദ്ധിപ്പിക്കുക എന്നതാണ്. പ്രതിവർഷം ഒമ്പത് ബില്യൺ ഡോസ് ശേഷിയുള്ള ആഗോള വാക്സിൻ ഉൽപാദനത്തിന്റെ മൂന്നിലൊന്ന് നടക്കുന്നത് ഹൈദരാബാദിലാണ്. ശേഷി അഞ്ച് ബില്യൺ ഡോസുകളാക്കി വർദ്ധിപ്പിക്കാൻ പുതിയ നിക്ഷേപം സഹായിക്കുമെന്ന് കമ്പനി അറിയിച്ചു.
ജാൻസെൻ കോവിഡ്, എംആർ, പിസിവി, ടൈഫോയ്ഡ്, കൊവിഡ് വാക്‌സിനുകൾ, ടെറ്റനസ് ടോക്‌സൈഡ് ആംപ്യൂൾസ്, ഐപിവി വാക്‌സിൻ, പെർട്ടുസിസ് വാക്‌സിൻ, ബയോളജിക്കൽ എപിഐകൾ, ഫോർമുലേഷനുകൾ, സ്പെഷ്യാലിറ്റി ജനറിക് ഇൻജക്‌ടബിളുകൾ എന്നിവയുടെ നിർമാണത്തിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടാതെ 80 കോടി രൂപ മുതൽമുടക്കിൽ ആർ ആൻഡ് ഡി കേന്ദ്രം ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നു. 1953-ൽ ഒരു ബയോളജിക്കൽ ഉൽപ്പന്ന കമ്പനിയായാണ് ബയോളജിക്കൽ ഇ ലിമിറ്റഡ് (ബിഇ) അതിന്റെ പ്രവർത്തനം ആരംഭിച്ചത്. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ മേഖലയിലെ ബയോളജിക്കൽ ഉൽപ്പന്ന കമ്പനിയും ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഫാർമസ്യൂട്ടിക്കൽ കമ്പനിയുമാണ് ഇത്.
നിലവിൽ ബിഇയ്ക്ക്, ബ്രാൻഡഡ് ഫോർമുലേഷൻസ്, സ്പെഷ്യാലിറ്റി ജനറിക് ഇൻജക്‌റ്റബിൾസ്, സിന്തറ്റിക് ബയോളജി, വാക്‌സിനുകൾ എന്നിങ്ങനെ നാല് തന്ത്രപ്രധാനമായ ബിസിനസ് യൂണിറ്റുകളുണ്ട്.