ന്യൂഡൽഹി: ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (AB – PMJAY) യ്ക്ക് കീഴിൽ 70 വയസ്സിന് മുകളിൽ പ്രായമായവർക്ക് സൗജന്യ ആരോഗ്യ പരിരക്ഷ നൽകുന്നതുസംബന്ധിച്ച കേന്ദ്രമന്ത്രിസഭാ തീരുമാനം ഉടൻ പ്രാബല്യത്തിൽ വന്നേക്കും.
പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 29ന് നടത്തിയേക്കുമെന്ന് റിപ്പോർട്ട്. വരുമാന പരിധി അടിസ്ഥാനമാക്കാതെ 70 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും പ്രതിവർഷം അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതാണ് പദ്ധതി.
ഏകദേശം 4.5 കോടി കുടുംബങ്ങളിലെ ആറു കോടി പൗരന്മാർക്ക് പദ്ധതി പ്രയോജനപ്പെടുമെന്നാണ് കേന്ദ്രസർക്കാരിൻ്റെ കണക്കുകൂട്ടൽ.
70 വയസ്സിനും അതിന് മുകളിലും പ്രായമുള്ള എല്ലാവർക്കും ആയുഷ്മാൻ കാർഡ് ലഭ്യമാക്കാനാണ് കേന്ദ്രസർക്കാരിൻ്റെ നീക്കം. ഇതുവഴി പ്രതിവർഷം അഞ്ചു ലക്ഷം രൂപ വരെയുള്ള ചികിത്സകൾ സൗജന്യമായി ലഭ്യമാകും.
ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയ്ക്ക് കീഴിൽ എംപാനൽ ചെയ്തിട്ടുള്ള ആശുപത്രികളിലാണ് സേവനം ലഭ്യമാകുക. ഇക്കഴിഞ്ഞ സെപ്റ്റംബർ ഒന്നുവരെയുള്ള കണക്ക് പ്രകാരം, രാജ്യത്ത് 12,696 സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ 29,648 ആശുപത്രികൾ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയ്ക്ക് കീഴിൽ എംപാനൽ ചെയ്തിട്ടുണ്ട്.
ആധാർ കാർഡിൽ നൽകിയിട്ടുള്ള ജനനത്തീയതി പ്രകാരമാകും പ്രായം പരിഗണിക്കുക.
ഇതുപ്രകാരം, ഏഴുപതോ അതിന് മുകളിലോ പ്രായമുള്ളവർ ആരോഗ്യ പരിരക്ഷയ്ക്ക് അപേക്ഷിക്കുന്നതിനായി യോഗ്യരാണെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
അപേക്ഷാ കേന്ദ്രീകൃത പദ്ധതിയായതിനാൽ പിഎംജെഎവൈ പോർട്ടലിലോ ആയുഷ്മാൻ ആപ്പിലോ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. നിലവിൽ ആയുഷ്മാൻ കാർഡ് ഉപയോഗിക്കുന്നവർ കെവൈസി പുതുക്കി പുതിയ കാർഡിനായി അപേക്ഷിക്കേണ്ടിവരും.
നിലവിൽ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയുടെ ഗുണഭോക്താക്കളായ കുടുംബത്തിൽ ഉൾപ്പെടുന്ന ഏഴുപതോ അതിന് മുകളിൽ പ്രായമോ ഉള്ള ആൾക്ക് അഞ്ചു ലക്ഷം രൂപയുടെ അധിക ടോപ്പ് – അപ്പ് കവറേജ് കൂടി ലഭ്യമാകും.
സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് പോളിസി അടക്കം ഉള്ളവരും പദ്ധതിക്ക് കീഴിൽ ഉൾപ്പെടും. അതേസമയം കേന്ദ്രസർക്കാരിന്റെ ഹെൽത്ത് സ്കീം, എക്സ് സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം, ആയുഷ്മാൻ സെൻട്രൽ ആംഡ് പോലീസ് ഫോഴ്സ് തുടങ്ങിയവയുടെ ഗുണഭോക്താക്കൾക്ക് ഏതെങ്കിലും ഒന്ന് മാത്രമേ തിരഞ്ഞെടുക്കാനാകൂ.