
മുംബൈ: വിപണി മൂല്യത്തിന്റെ (Market Cap) അടിസ്ഥാനത്തിലുള്ള ലിസ്റ്റഡ് കമ്പനികളുടെ ലോക റാങ്കിംഗിൽ ഇന്ത്യൻ കമ്പനികൾ ആദ്യ നൂറിൽ നിന്നും പുറത്ത്. കഴിഞ്ഞ നാല് വർഷത്തിനിടെ ആദ്യമായാണ്, ഇന്ത്യയിൽ നിന്നുള്ള ഒരു കമ്പനിക്ക് പോലും ആഗോള പട്ടികയിലെ ആദ്യ നൂറിനുള്ളിൽ ഇടം നേടാൻ കഴിയാതെ പോകുന്നത്.
ആഭ്യന്തര വിപണിയിൽ നേരിടുന്ന തിരിച്ചടിയാണ് ഇത്തരമൊരു ദൗർഭാഗ്യകരമായ നാഴികക്കല്ല് പിന്നിടാൻ വഴിയൊരുക്കിയത്.
2025-ന്റെ തുടക്കത്തിൽ മൂന്ന് ഇന്ത്യൻ കമ്പനികൾക്ക് ആഗോള റാങ്കിംഗിലെ ആദ്യ നൂറിനുള്ളിൽ സ്ഥാനം നേടാൻ കഴിഞ്ഞിരുന്നു. റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്), എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയായിരുന്നു അത്.
2026-ന്റെ തുടക്കത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന് മാത്രമാണ് ഇടം നേടാൻ സാധിച്ചത്. എന്നാൽ പിന്നീട്, ആഭ്യന്തര വിപണിയിൽ ശക്തമായ തിരുത്തൽ നേരിട്ടതോടെ മിക്ക ഓഹരികളും പ്രധാന സൂചികയേക്കാളും നഷ്ടം രേഖപ്പെടുത്തുകയായിരുന്നു.
റിലയൻസും വീണു
ലോകത്തെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനികളുടെ പട്ടികയിൽ 2025-ലും 2026-ന്റെ തുടക്കത്തിലും ശതകോടീശ്വര വ്യവസായി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് (BSE: 500325, NSE: RELIANCE) ഇടം നേടിയിരുന്നു. യഥാക്രമം 74, 73 റാങ്കുകളിലായിരുന്നു അന്ന് റിലയൻസിന്റെ സ്ഥാനമുണ്ടായിരുന്നത്. എന്നാൽ പിന്നീട് റിലയൻസ് ഇൻഡസ്ട്രീസ് ഓഹരിക്ക് ശക്തമായ തിരുത്തൽ നേരിടേണ്ടിവന്നു.
കഴിഞ്ഞ 3 മാസത്തിനിടെ 7 ശതമാനവും ഈ വർഷം ഇതുവരെയായി 15 ശതമാനം വീതവും നഷ്ടം റിലയൻസ് ഓഹരിയിൽ കുറിച്ചു. ഇതോടെ ആഗോള റാങ്കിംഗിൽ റിലയൻസിന്റെ സ്ഥാനം 105-ലേക്ക് താണു.
കമ്പനികളുടെ നിലവിലെ സ്ഥാനം
2025-ന്റെ തുടക്കത്തിൽ, ലോകത്തിലെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനികളുടെ കൂട്ടത്തിൽ ആദ്യ 500-നുള്ളിൽ 15 ഇന്ത്യൻ കമ്പനികളുണ്ടായിരുന്നു. 2026-ന്റെ തുടക്കത്തിൽ ഇത് 13 ആയി താഴ്ന്നു. നിലവിൽ 9 ഇന്ത്യൻ കമ്പനികൾ മാത്രമാണ് ആദ്യ 500-നുള്ളിൽ സ്ഥാനം പിടിച്ചിട്ടുള്ളത്.
അതുപോലെ ഈ വർഷം തുടക്കത്തിൽ 6 ഇന്ത്യൻ കമ്പനികൾക്ക് 100 ബില്യൺ ഡോളറിന് (10,000 കോടി ഡോളർ) മുകളിൽ വിപണി മൂല്യം ഉണ്ടായിരുന്നു. എന്നാൽ നിലവിൽ അത് മൂന്ന് കമ്പനികളായി ചുരുങ്ങി.
റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഭാരതി എയർടെൽ എന്നീ ഓഹരികൾക്ക് മാത്രമാണ് ഇപ്പോൾ 100 ബില്യൺ ഡോളർ ക്ലബ്ബിലുള്ളത്. സോഴ്സ്: ബ്ലൂംബർഗ്.






