ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ഏഷ്യയിലെ ഏറ്റവും ദുർബല കറൻസിയായി ഇന്ത്യൻ രൂപ

കൊച്ചി: ക്രൂഡോയിൽ വില കുതിച്ചുയർന്നതുമൂലം ഇറക്കുമതിച്ചെലവേറിയപ്പോൾ ഏഷ്യൻ കറൻസികളിൽ ഏറ്റവും മോശം പ്രകടനം ഇന്ത്യൻ രൂപയുടേത്. ഈ വർഷം ഇതുവരെ മൂല്യത്തിലുണ്ടായ ഇടിവ് 6 ശതമാനത്തിനു മുകളിലാണ്. യുദ്ധത്തിനുശേഷം 5% ഇടിവുണ്ടായി.

കഴിഞ്ഞ 6 വ്യാപാരദിനങ്ങളിലായി 2% ഇടിവാണ് രൂപ നേരിട്ടത്. പശ്ചിമേഷ്യൻ യുദ്ധം മൂലം വൻകിട നിക്ഷേപകർ ഡോളറിലേക്കു ചുവടുമാറിയത് വികസ്വര രാജ്യങ്ങളുടെയെല്ലാം കറൻസികളുടെ മൂല്യം ഇടിക്കുന്നുണ്ട്.

എന്നാൽ, രാജ്യത്തെ ഓഹരി വിപണികളിൽ നിന്ന് വിദേശനിക്ഷേപകർ വൻതോതിൽ വിൽപന നടത്തുന്നതാണ് രൂപയെ കൂടുതൽ ദുർബലമാക്കുന്നത്. ഈ വർഷം ഇതുവരെ 2.1 ലക്ഷം കോടി രൂപയാണ് രാജ്യത്തെ ഓഹരി വിപണികളിൽ നിന്ന് പിൻവലിക്കപ്പെട്ടത്. ഓഹരി വിൽപനയിലൂടെ ലഭിക്കുന്ന പണം ഡോളറിൽ കൊണ്ടുപോകുന്നതിനാൽ ഡോളർ ഡിമാൻഡ് ഉയരുകയാണ്.

ഫലം കാണാതെ രക്ഷാപ്രവർത്തനം
വിദേശനാണ്യ കരുതൽ ശേഖരത്തിൽ നിന്ന് ഡോളർ വിപണിയിലെത്തിച്ച് രൂപയെ രക്ഷിക്കാൻ റിസർവ് ബാങ്ക് നടത്തുന്ന ശ്രമങ്ങൾക്കും ഇപ്പോൾ കാര്യമായ ഫലമില്ല. ബാങ്കുകൾക്കു നിയന്ത്രണമേർപ്പെടുത്തിയും കറൻസിയുടെ ഇടിവിന്റെ തോത് കുറയ്ക്കാൻ റിസർവ് ബാങ്ക് ശ്രമം നടത്തിയിരുന്നു. നേരിയ ആശ്വാസമുണ്ടാകുന്നുവെങ്കിലും എണ്ണവില വർധനയും വിദേശ നിക്ഷേപകരുടെ പിൻമാറ്റവും രൂപയെ അനുദിനം തളർത്തുകയാണ്.

ഡോളർ സൂചിക ശക്തമായി തുടരുന്നതും രൂപയ്ക്കു തിരിച്ചടിയാണ്. 99.25 നിലവാരത്തിലാണ് ഡോളർ സൂചിക. വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കു കുറയ്ക്കുമെന്നും അതുവഴി ഡോളറിന്റെ ആകർഷണീയത അൽപം കുറയുമെന്നും വിപണി പ്രതീക്ഷിച്ചിരുന്നെങ്കിലും മെച്ചപ്പെട്ട സാമ്പത്തിക ഡേറ്റകൾ പുറത്തുവന്നതോടെ ഈ സാധ്യതയ്ക്കു മങ്ങലേറ്റു. വെള്ളിയാഴ്ചത്തെ ഇടിവിന്റെ പ്രധാന കാരണം ഇതാണ്.

യുദ്ധം തളർത്തിയ കറൻസികൾ
(യുദ്ധം തുടങ്ങുമ്പോഴത്തെ ഡോളറിനെതിരെയുള്ള നിരക്കും ഇപ്പോഴത്തെ നിരക്കും)
∙ രൂപ: 90 – 96.14
∙ ജാപ്പനീസ് യെൻ: 154 – 159
∙ ഇന്തൊനീഷ്യൻ റുപിയ: 15,800 – 17,598
∙ ദക്ഷിണ കൊറിയൻ വോൺ: 1320 – 1496
∙ തായ് ബാട്ട്: 33.8 – 36.2
∙ ഫിലിപ്പൈൻ പെസോ: 55.5 – 58.8
∙ പാക്കിസ്ഥാനി റുപ്പി: 278 – 279
∙ ബംഗ്ലദേശി ടാക്ക: 110 – 122.78
∙ മലേഷ്യൻ റിങ്കിറ്റ്: 3.89 – 3.95

X
Top