
ന്യൂഡൽഹി: ഇറാനുമായുള്ള ഇടപാടുകൾക്ക് യുഎസ് ഏർപ്പെടുത്തിയ ഉപരോധം ലംഘിച്ച കേസിൽ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് ഒത്തുതീർപ്പിലെത്തി. ഉപരോധം ലംഘിച്ച് എൽപിജി വാങ്ങിയെന്ന കേസിൽ 27.5 കോടി ഡോളർ (2649 കോടി രൂപ) പിഴയടയ്ക്കാമെന്ന് കമ്പനി സമ്മതിച്ചു.
2023 നവംബറിനും 2025 ജൂണിനും ഇടയിലാണ് അദാനി എന്റർപ്രൈസസ് എൽപിജി ഇറക്കുമതി ചെയ്തത്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെത്തിയ കപ്പലുകളിലുള്ളത് ഒമാനിൽനിന്നും ഇറാഖിൽനിന്നുമുള്ള എൽപിജിയാണെന്നാണ് ദുബായിലെ വിതരണക്കാരൻ അറിയിച്ചതെന്നാണ് കമ്പനി വാദിച്ചത്. ഇറാനിൽനിന്നുള്ള എൽപിജിയെന്ന് സൂചിപ്പിക്കുന്ന ഒന്നും രേഖകളിലുണ്ടായിരുന്നില്ല.
ഇറാനിൽനിന്നുള്ളതെന്ന വിവരം കഴിഞ്ഞ വർഷം ജൂണിൽ ചർച്ചയായതോടെ, ഇടപാടുകളെല്ലാം നിർത്തിവച്ചെന്നും വിവരം യുഎസിനെ അറിയിച്ചെന്നും കമ്പനി പറയുന്നു. അന്വേഷണത്തിൽ സഹകരിക്കാമെന്നും ഏറ്റു. അതുകൊണ്ടുതന്നെ, കുറ്റം ചുമത്താത്ത രീതിയിലാണ് ഒത്തുതീർപ്പ്.
38.4 കോടി ഡോളർ വരെ പിഴ ചുമത്താവുന്ന കേസായിരുന്നു. പക്ഷേ, അങ്ങോട്ട് വിവരങ്ങൾ അറിയിച്ചതും തെറ്റ് ആവർത്തിക്കാതെ നടപടികളെടുത്തതും ചൂണ്ടിക്കാട്ടി പിഴത്തുക 27.5 കോടി ഡോളറായി കുറച്ചു.
അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, അനന്തരവൻ സാഗർ അദാനി എന്നിവർക്കെതിരായ കൈക്കൂലി, വഞ്ചനക്കേസുകൾ യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് റദ്ദാക്കിയിരുന്നു. ഈ കേസിലും പിഴയൊടുക്കിയാണ് അദാനി ഒത്തുതീർപ്പിലെത്തിയത്.






