
മുംബൈ: ഡിസംബറില്‍ രാജ്യത്ത് വാഹന വില്‍പ്പനയില്‍ ഇടിവ്. ചില്ലറവില്‍പ്പനയില്‍ 12 ശതമാനംവരെയാണ് ഇടിവുണ്ടായിരിക്കുന്നതെന്ന് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷൻ (ഫാഡ) വ്യക്തമാക്കുന്നു.
അതേസമയം, 2024 കലണ്ടർ വർഷത്തില്‍ 2023-നെ അപേക്ഷിച്ച് രാജ്യത്ത് വാഹനവില്‍പ്പനയില്‍ ഒൻപതുശതമാനം വർധനനും രേഖപ്പെടുത്തിയിട്ടുണ്ട്.
ഡിസംബറില്‍ ട്രാക്ടർ ഒഴികെ മറ്റെല്ലാ വിഭാഗത്തിലും വില്‍പ്പന കുറഞ്ഞു. ഇരുചക്രവാഹനവിപണിയില്‍ ചില്ലറവില്‍പ്പനയില്‍ 18 ശതമാനം വരെയാണ് ഇടിവ്.
കാർ വില്‍പ്പനയില്‍ രണ്ടുശതമാനം, വാണിജ്യവാഹന വിഭാഗത്തില്‍ 5.2 ശതമാനം, മുച്ചക്രവാഹനങ്ങളുടെ ഗണത്തില്‍ 4.5 ശതമാനം എന്നിങ്ങനെയാണ് കണക്ക്. ട്രാക്ടർ വില്‍പ്പനയില്‍ 25.7 ശതമാനം വർധനയുണ്ടായി.
2024 കലണ്ടർ വർഷത്തില്‍ 2.61 കോടി വാഹനങ്ങളാണ് ഇന്ത്യയില്‍ വിറ്റഴിഞ്ഞത്. 2023-ലിത് 2.39 കോടിയായിരുന്നു.
വൈദ്യുതവാഹനങ്ങളിലേക്ക് കൂടുതലായി ഉപഭോക്താക്കള്‍ മാറുന്ന പ്രവണതയും കഴിഞ്ഞവർഷം വിപണിയില്‍ പ്രകടമായതായി ഫാഡ പറയുന്നു.
ഇത് ഇരുചക്രവാഹനവിഭാഗത്തിലാണ് കൂടുതല്‍. മുച്ചക്രവാഹനങ്ങളില്‍ 10.5 ശതമാനം, കാറുകള്‍ -അഞ്ചുശതമാനം, ട്രാക്ടർ -മൂന്നുശതമാനം, വാണിജ്യവാഹനങ്ങള്‍ -0.07 ശതമാനം എന്നിങ്ങനെയാണ് വില്‍പ്പന വളർച്ച.