
ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രക്ക് അദാനി ഗ്രൂപ്പ് ഫ്ലാഗ് ഓഫ് ചെയ്തു. പരമ്പരാഗത ഇന്ധനമായ പെട്രോളിനും ഡീസലിനും മേലുള്ള ആശ്രിതത്വം കുറയ്ക്കുന്നതിനായി, ഖനന ലോജിസ്റ്റിക്സിനായിട്ടാണ് അദാനി ഗ്രൂപ്പ് ഈ ട്രക്ക് ഉപയോഗിക്കുക എന്നാണ് റിപ്പോട്ടുകൾ.
ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രക്ക് ഛത്തീസ്ഗഡിൽ ആണ് പുറത്തിറക്കിയത്. 40 ടൺ വരെ സാധനങ്ങൾ വഹിക്കാൻ ശേഷിയുള്ള ഈ ട്രക്ക്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് റായ്പൂരിൽ ഫ്ലാഗ് ഓഫ് ചെയ്തു.
ഗാരെ പാൽമ ബ്ലോക്കിൽ നിന്ന് സംസ്ഥാനത്തെ വൈദ്യുത നിലയത്തിലേക്ക് കൽക്കരി കൊണ്ടുപോകാൻ ഈ ട്രക്ക് ഉപയോഗിക്കും എന്നാണ് റിപ്പോട്ടുകൾ.
കമ്പനിയുടെ ലോജിസ്റ്റിക് പ്രവർത്തനങ്ങളിൽ നിലവിലുള്ള ഡീസൽ ട്രക്കുകൾക്ക് പകരമായി ഈ ഹൈഡ്രജൻ ട്രക്കുകൾ ക്രമേണ ഉപയോഗിക്കുമെന്നും വരും കാലങ്ങളിൽ അവയുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും അദാനി ഗ്രൂപ്പ് പറയുന്നു.
ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ട്രക്കിന് ഒറ്റയടിക്ക് 200 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയുമെന്ന് കമ്പനി പറയുന്നു. മൂന്ന് ഹൈഡ്രജൻ ടാങ്കുകൾ ഈ ട്രക്കിൽ സജ്ജീകരിച്ചിരിക്കുന്നു. ഇത് ലോഡ് കപ്പാസിറ്റിയുടെയും റേഞ്ചിന്റെയും കാര്യത്തിൽ ഡീസൽ പവർ ഹെവി വാഹനങ്ങളുമായി മത്സരിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു.
ഈ ഹൈഡ്രജൻ ട്രക്ക് വലിയ അളവിൽ കാബൺ പുറന്തള്ളൽ കുറയ്ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. കാർബൺ ഡൈ ഓക്സൈഡും മറ്റ് മലിനീകരണ വസ്തുക്കളും പുറന്തള്ളുന്ന പരമ്പരാഗത ഡീസൽ ട്രക്കുകളിൽ നിന്ന് വ്യത്യസ്തമായി, ഹൈഡ്രജൻ ട്രക്കുകൾ ജലബാഷ്പവും ചൂടുള്ള വായുവും മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ.
വാണിജ്യ വാഹന മേഖലയിലെ ഏറ്റവും വൃത്തിയുള്ള ഓപ്ഷനായി ഇതിനെ കാണുന്നു. ഇത് മലിനീകരണം ഗണ്യമായി കുറയ്ക്കുന്നു.
ഹൈഡ്രജൻ ഇന്ധന സെല്ലുകൾ ഒരു ഇലക്ട്രോകെമിക്കൽ പ്രക്രിയയിലൂടെയാണ് പ്രവർത്തിക്കുന്നത്. ഇത് ഹൈഡ്രജനെയും ഓക്സിജനെയും വൈദ്യുതിയാക്കി മാറ്റുന്നു. ഇതിൽ ഉപോൽപ്പന്നങ്ങളായി വെള്ളവും താപവും മാത്രമേ പുറത്തുവിടുന്നുള്ളൂ.
ഹൈഡ്രജൻ ഇന്ധന സെല്ലിലേക്ക് പ്രവേശിക്കുമ്പോൾ, അത് പ്രോട്ടോണുകളായും ഇലക്ട്രോണുകളായും വിഭജിക്കപ്പെടുന്നു. പ്രോട്ടോണുകൾ ഒരു മെംബ്രണിലൂടെ കടന്നുപോകുമ്പോൾ ഇലക്ട്രോണുകൾ ഒരു സർക്യൂട്ടിലൂടെ അയച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നു.
ഈ വൈദ്യുതി വാഹനത്തിന്റെ ഇലക്ട്രിക് മോട്ടോറിന് ശക്തി പകരുകയും വാഹനം ചലിക്കുകയും ചെയ്യുന്നു. ഈ സമയത്ത് വാഹനത്തിൽ നിന്നും ജലം മാത്രമേ പുറന്തള്ളപ്പെടുകയുള്ളൂ.