റഷ്യയ്ക്കെതിരെ ഉപരോധ യുദ്ധം കടുപ്പിച്ച് യൂറോപ്യൻ യൂണിയൻ; ഇന്ത്യൻ കമ്പനികളും പുതിയ കരിമ്പട്ടികയിൽഎഥനോൾ ചേർത്ത പെട്രോളിന് ഇനി എക്സൈസ് നികുതിയില്ലഇന്ധന വില പിടിച്ചുനിർത്താൻ സർക്കാർ കമ്പനികൾക്ക് നൽകിയത് 1.23 ലക്ഷം കോടിഇന്ത്യൻ‌ കയറ്റുമതിയിൽ അരിക്ക് ഒന്നാം സ്ഥാനംഇന്ത്യയുടെ കയറ്റുമതിയില്‍ ചരിത്രനേട്ടം

ബിഎസ്- VII മലിനീകരണ നിയന്ത്രണ മാർഗരേഖ ഈ സാമ്പത്തിക വർഷം പുറത്തിറക്കും

വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം കുറയ്ക്കാനുള്ള ‘ബിഎസ്- VII’ മാർഗരേഖ ഈ സാമ്പത്തികവർഷം പുറത്തിറക്കും. 2030 മുതൽ നടപ്പാക്കുകയാണു ലക്ഷ്യം. രാജ്യാന്തര നിലവാരത്തിലുള്ള മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതോടെ വാഹനങ്ങളുടെ ബേസ് മോഡലുകൾക്ക് ഉൾപ്പെടെ വില കൂടും.

കർശന നിയന്ത്രണങ്ങളുള്ള ബിഎസ്- VII മാർഗരേഖ പരമ്പരാഗത ഡീസൽ എൻജിൻ വാഹനങ്ങളുടെ കാര്യത്തിൽ വലിയ വെല്ലുവിളിയാകുമെന്നാണു വിലയിരുത്തൽ. മാർഗരേഖ ഇറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രാലയം മറ്റു മന്ത്രാലയങ്ങളുമായി ചർച്ച തുടങ്ങി. വാഹന നിർമാതാക്കളുമായും ഇന്ധന കമ്പനികളുമായും ചർച്ച നടക്കുന്നുണ്ട്.

ഇന്ത്യയിലെ വാഹനങ്ങൾ പുറന്തള്ളുന്ന പുകയുടെ അളവ് നിയന്ത്രിക്കുന്നതിനാണു ഭാരത് സ്റ്റേജ് എമിഷൻ സ്റ്റാൻഡേഡ്സ് (ബിഎസ്) അവതരിപ്പിക്കുന്നത്. നിലവിൽ ബിഎസ് – VI വാഹനങ്ങളിലുള്ള റിയൽ ഡ്രൈവ് എമിഷൻ പരിശോധന സംവിധാനത്തെക്കാൾ മുകളിലുള്ള ഓൺബോർഡ് മോണിറ്ററിങ് സംവിധാനമായിരിക്കും ബിഎസ് – VII വാഹനങ്ങളിലുണ്ടാകുക.

നൈട്രജൻ ഉൾപ്പെടെ മലിനീകരണമുണ്ടാക്കുന്ന വസ്തുക്കളുടെ പുറന്തള്ളലിനു പരിധി നിശ്ചയിക്കും. യൂറോപ്യൻ യൂണിയൻ അംഗീകരിച്ച യൂറോ – VII മാർഗരേഖയ്ക്കു സമാനമായ നിബന്ധനകൾ ഇന്ത്യയിലെ റോഡുകളുടെ നിലവാരത്തിന്റെയും ഇന്ധന ഗുണ മേൻമയുടെയും അടിസ്ഥാനത്തിലുള്ള മാറ്റങ്ങളോടെയാകും ബിഎസ് – VIIൽ ഉൾക്കൊള്ളിക്കുക.

അതേസമയം, മാർഗനിർദേശങ്ങൾ ഉൾപ്പെടുത്താൻ കൂടുതൽ സമയം വേണ്ടിവരുമെന്നതിനാൽ നടപ്പാക്കാൻ വാഹന നിർമാതാക്കൾക്ക് ഒരു വർഷം കൂടി സമയം നീട്ടിനൽകിയേക്കും.

ഗുരുതര ശ്വാസകോശ രോഗങ്ങൾക്ക് ഉൾപ്പെടെ ഇടയാക്കുന്ന പിഎം കണങ്ങളും (പർട്ടിക്കുലേറ്റ് മാറ്റർ) നൈട്രജൻ ഓക്സൈഡും കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ 2016ലാണ് വാഹനങ്ങൾ ബിഎസ്- VI നിലവാരത്തിലേക്കു മാറണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചത്. 2020ൽ നടപ്പിലാക്കി. വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം കുറയ്ക്കാൻ യൂറോപ്യൻ രാജ്യങ്ങളിൽ നിലവിലുള്ള മാർഗരേഖകൾ പിൻതുടർന്ന് 2000ലാണ് കേന്ദ്ര സർക്കാർ വായുമലിനീകരണ നിലവാര മാർഗരേഖ നിശ്ചയിച്ചത്. നിലവിലെ ബിഎസ്- VI രണ്ടാംഘട്ടം യൂറോ 6ന് സമാനമാണ്.

യൂറോപ്പിൽ പുറത്തിറങ്ങുന്ന കാറുകളെ അപേക്ഷിച്ച് നാലര മടങ്ങിലധികം ഇന്ത്യൻ കാറുകൾ കാൻസർ പോലുള്ള മാരക രോഗങ്ങൾക്കു കാരണമാകുന്ന നൈട്രജൻ ഓക്സൈഡ് പുറന്തള്ളുന്നുവെന്നതും കർശന നിർദേശങ്ങളടങ്ങിയ മാർഗരേഖ പുറത്തിറക്കുന്നതിലേക്കു വഴിവച്ചു.

X
Top