യുഎസ് ഫെഡ് റിസര്‍വിന്റെ(US Fed Reserve) നിരക്ക് കുറയ്ക്കല്‍ നടപടികളില്‍ ഊര്‍ജം കണ്ടെത്തി എണ്ണ. കൊവിഡിനും ശേഷം ആദ്യമായി ഫെഡ് റിസര്‍വ് നടത്തിയ നീക്കം എണ്ണ ആവശ്യകത(Crude Demand) വര്‍ധിപ്പിക്കുമെന്ന വിലയിരുത്തലിലാണ് വിദഗ്ധര്‍.
അടിസ്ഥാന നിരക്കുകളില്‍ 0.5% കുറവാണ് യോഗം പ്രഖ്യാപിച്ചത്. വരും യോഗങ്ങളിലും നിരക്ക് കുറയ്ക്കല്‍ തുടരുമെന്ന സൂചനയും ഫെഡ് നല്‍കിയിട്ടുണ്ട്.
ഫെഡ് നിരക്ക് കുറയ്ക്കല്‍ യുഎസ് ഡോളറിന്റെ കുതിപ്പിനെ പ്രതിരോധിക്കുന്നു. അതായത് ഡോളറിന്റെ മൂല്യം കുറയുന്നത് മറ്റു രാജ്യങ്ങളുടെ എണ്ണ വാങ്ങല്‍ ചെലവ് കുറയ്ക്കും.
തല്‍ഫലമായി എണ്ണ ആവശ്യകത ഉയരാം. ആഗോള വിപണിയില്‍ എണ്ണ ഡിമാന്‍ഡ് ആശങ്കകള്‍ ശക്തിപ്പെട്ടതിനെ തുടര്‍ന്ന കഴിഞ്ഞ ആഴ്ചകളില്‍ എണ്ണവില കൂപ്പുകുത്തിയിരുന്നു. നിലവിലെ ഫെഡ് നീക്കം ഡിമാന്‍ഡ് ആശങ്കകള്‍ ലഘൂകരിക്കുന്നതാണ്.
അതേസമയം ചൈനീസ് ഡിമാന്‍ഡിനെക്കുറിച്ചുള്ള അശുഭാപ്തിവിശ്വാസവും, ചില സമ്പദ്‌വ്യവസ്ഥകളില്‍ തുടരുന്ന മാന്ദ്യ സൂചനകളുമാണ് എണ്ണയുടെ കുതിപ്പിനെ പ്രതിരോധിക്കുന്നത്.
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നതും എണ്ണയെ അസ്വസ്ഥമാക്കുന്നു. ഹിസ്ബുല്ല പോരാളികള്‍ ഉപയോഗിച്ച ആയിരക്കണക്കിന് പേജറുകള്‍ ലെബനനില്‍ പൊട്ടിത്തെറിച്ചതായി ആഴ്ചയുടെ തുടക്കത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ആഗോള വിശകലന സ്ഥാപനമായ സിറ്റിയുടെ ചൈനയെ പറ്റിയുള്ള പുതിയ റിപ്പോര്‍ട്ട് എണ്ണയ്ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ഉയര്‍ന്ന റിഫൈനറി റണ്‍ റേറ്റുകള്‍ മൂലം എണ്ണവിലയില്‍ ഒരു തിരിച്ചുവരവ് ഉണ്ടാകുമെന്നാണു പ്രവചനം.
ബാങ്കിന്റെ അഭിപ്രായത്തില്‍, റണ്‍ റേറ്റിലെ വര്‍ധന് ചൈനീസ് ഡിമാന്‍ഡിലേക്ക് 3,00,000 ബിപിഡി എങ്കിലും ചേര്‍ക്കും.
നിലവില്‍ ആഗോള വിപണിയില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 74.78 ഡോളറിലും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 72.01 ഡോളറിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഴ്ചകള്‍ക്കു ശേഷമാണ് എണ്ണവില 75 ഡോളറിലേയ്്ക്ക് അടുക്കുന്നത്.
വരുന്ന ഒപെക്ക് പ്ലസ് യോഗം എണ്ണയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. ദുര്‍ബലമായ എണ്ണ ആവശ്യകതയും, വിലയിടിവും കാരണം ഒപെക് പ്ലസ് സഖ്യം ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കല്‍ കൂടുതല്‍ വൈകിച്ചേക്കും. ഈ വര്‍ഷം ഉല്‍പ്പാദനം വര്‍ധിപ്പിച്ചേക്കില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്.
ഊഹക്കച്ചവടക്കാരും, മണി മാനേജര്‍മാരും ഓയില്‍ ഫ്യൂച്ചറുകളില്‍ നെറ്റ് ഷോര്‍ട്ട് പൊസിഷനുകള്‍ കൈവശം വച്ചിരിക്കുന്നതിനാല്‍ വിപണിയില്‍ ബിയറിഷ് ട്രെന്‍ഡ് ആണ് ശക്തം.
ഊഹക്കച്ചവടക്കാരുടെ കളികള്‍ക്കെതിരേ എണ്ണഭീമനായ സൗദി എന്നും നിലകൊള്ളുന്നു. ഇതു ഗ്രൂപ്പിന്റെ തീരുമാനങ്ങളെ സ്വാധീനിച്ചേക്കാം.
കുറഞ്ഞ ഡിമാന്‍ഡും, വര്‍ദ്ധിച്ചുവരുന്ന വിതരണവും മൂലം വരും മാസങ്ങളില്‍ എണ്ണ വിപണിയില്‍ മിച്ചവും, വിലയും കുറയുമെന്ന വിദഗ്ധരുടെ നിരീക്ഷണങ്ങളും ഗ്രൂപ്പ് കണക്കിലെടുക്കാം.