
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ അമേരിക്കയുടെ രഹസ്യ എണ്ണനീക്കം വെളിപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ അടച്ചുപൂട്ടിയ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ അതീവ രഹസ്യമായി പത്ത് കോടി ബാരലിലധികം എണ്ണ കടത്തിയതായാണ് ട്രംപ് അവകാശപ്പെട്ടിരിക്കുന്നത്.
‘ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം’ എന്ന് പേരിട്ടിരിക്കുന്ന ഈ സൈനിക ദൗത്യത്തിലൂടെ 200-ലധികം വാണിജ്യ കപ്പലുകളെ സുരക്ഷിതമായി ഹോർമുസ് കടലിടുക്കിലൂടെ കടത്തിവിട്ടതായും ക്രൂഡോയിലിനെ അന്താരാഷ്ട്ര വിപണിയിൽ എത്തിച്ചതായും ട്രംപ് അറിയിച്ചു.
രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെയാണ് കപ്പലുകൾ നീങ്ങിയത് എന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ഇറാന്റെ പക്കൽ റഡാർ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ഈ നീക്കം കണ്ടെത്താൻ അവർക്ക് സാധിച്ചില്ലെന്നും ട്രംപ് അവകാശപ്പെട്ടു.
ഒറ്റ രാത്രിയിൽ മാത്രം ഇത്തരത്തിൽ 22 കപ്പലുകൾ പുറത്തെത്തിച്ചു. എണ്ണവില ബാരലിന് 200 ഡോളറിന് മുകളിലേക്ക് ഉയരുന്നത് തടയാനും വില 90 ഡോളറിൽ താഴെ നിലനിർത്താനും ഈ ദൗത്യം സഹായിച്ചതായി അദ്ദേഹം പറഞ്ഞു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇപ്പോൾ അമേരിക്കയുടെ കൈവശമാണെന്നും ഇറാന്റെ സൈന്യം പരാജയപ്പെട്ടതായും ട്രംപ് സോഷ്യൽ മീഡിയയിലൂടെ അവകാശപ്പെട്ടു.
മേയ് മാസത്തിൽ ആരംഭിച്ച ഈ ദൗത്യം ഇടയ്ക്ക് നിർത്തിവെച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും, അത് തുടരുകയായിരുന്നുവെന്നാണ് ട്രംപിന്റെ പ്രസ്താവനയിൽ നിന്ന് വ്യക്തമാകുന്നത്. ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന പാതയാണ് ഹോർമുസ് കടലിടുക്ക്.
ഫെബ്രുവരി 28 മുതലാണ് ഇറാൻ ഈ പാത അടച്ചത്. ഈ മേഖലയിൽ അമേരിക്കയുടെ അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിനെത്തുടർന്നാണ് സംഘർഷം രൂക്ഷമായത്. ഇതിന് മറുപടിയായി ഇറാനിലെ ടെഹ്റാൻ, ഇസ്ഫഹാൻ തുടങ്ങി വിവിധ നഗരങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു.
ഇതിനെതിരെ ഇറാൻ റെവല്യൂഷണറി ഗാർഡ് പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങളിലെ 18 കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് തിരിച്ചടി നൽകുകയും ചെയ്തു.






