ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വ്യാജനോട്ടുകളുടെ എണ്ണത്തില്‍ വൻവർധനയെന്ന് കേന്ദ്രം. പുതിയ 500 രൂപയുടെ വ്യാജനോട്ടുകളുടെ എണ്ണത്തില്‍ 312 ശതമാനവും 2000 രൂപ വ്യാജനോട്ടുകളുടെ എണ്ണത്തില്‍ 166 ശതമാനവും വർധനയുണ്ടായെന്നാണ് കേന്ദ്രധനകാര്യമന്ത്രാലയത്തിന്റെ കണക്ക്.
ഡി.എം.കെ. എം.പി. ടി.എം. സെല്‍വഗണപതിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രധനകാര്യസഹമന്ത്രി പങ്കജ് ചൗധരി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, 2024 സാമ്പത്തിക വർഷത്തില്‍ 500 രൂപയുടെ വ്യാജനോട്ടുകളില്‍ 15% കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. 2022 സാമ്ബത്തിക വർഷം 102% വർധനയാണ് ഉണ്ടായത്. 500, 2000 രൂപയുടെ വ്യജനോട്ടുകളില്‍ വർധനയുണ്ടായിട്ടും മൊത്തം വ്യാജനോട്ടുകളുടെ എണ്ണത്തില്‍ 30% കുറവാണ് രേഖപ്പെടുത്തിയതെന്നും സർക്കാർ കണക്ക് വ്യക്തമാക്കുന്നു.
2018-19 സാമ്പത്തിക വർഷത്തില്‍ 500 രൂപയുടെ 21,865 ദശലക്ഷം വ്യാജനോട്ടുകളാണ് കണ്ടെത്തിയത്. 2022-23 സാമ്പത്തിക വർഷത്തില്‍ ഇത് 91,110 ദശലക്ഷമായി ഉയർന്നു. 2023-24 വർഷത്തില്‍ ഇത് 85,711 ദശലക്ഷമായി കുറഞ്ഞു.
2000 രൂപയുടെ വ്യാജനോട്ടുകള്‍ 2018-19-ല്‍ ഉണ്ടായിരുന്ന 21,847 ദശലക്ഷത്തില്‍നിന്ന് 2023-24 വർഷത്തില്‍ 26,035 ദശലക്ഷമായി ഉയർന്നുവെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. 2023 മേയിലെ പ്രഖ്യാപനത്തെത്തുടർന്ന് സെപ്റ്റംബർ മുതല്‍ 2000 രൂപയുടെ നോട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പിൻവലിച്ചിരുന്നു.