മുംബൈ: എസ്‌എംഇ (സ്‌മോള്‍ ആന്റ് മീഡിയം എന്റര്‍പ്രൈസസ്) ഐപിഒകള്‍ക്ക് നിക്ഷേപകരില്‍ നിന്നും ഈ വര്‍ഷം ലഭിച്ചത് വളരെ മികച്ച പ്രതികരണം.
ഈ വര്‍ഷം വിപണിയിലെത്തിയ 152 എസ്‌എംഇ ഐപിഒകള്‍ക്ക് ലഭിച്ച ശരാശരി സബ്‌സ്‌ക്രിപ്‌ഷന്‍ 200 മടങ്ങാണ്.
ഈ 152 എസ്‌എംഇ ഐപിഒകള്‍ സമാഹരിച്ചത് ശരാശരി 33 കോടി രൂപയാണ്. ഇതില്‍ 18 ഐപിഒകള്‍ക്ക് 400 മടങ്ങിലേറെ സബ്‌സ്‌ക്രിപ്‌ഷന്‍ ലഭിച്ചു.
ഈ വര്‍ഷം മെയില്‍ വിപണിയിലെത്തിയ ഹോക് ഫുഡ്‌സിന്റെ അഞ്ച് കോടി രൂപയുടെ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത് 1963 മടങ്ങാണ്. മജന്ത ലൈഫ് കെയറിന്റെ 6.6 കോടി രൂപയുടെ ഐപിഒയ്‌ക്ക് 100 മടങ്ങ് സബ്‌സ്‌ക്രിപ്‌ഷന്‍ ലഭിച്ചു.
ഈയാഴ്‌ച ക്ലോസ് ചെയ്‌ത റിസോഴ്‌സ്‌ഫുള്‍ ഓട്ടോമൊബൈല്‍ എന്ന കമ്പനി നടത്തിയ എസ്‌എംഇ ഐപിഒയ്‌ക്ക് ലഭിച്ചത് 4700 കോടി രൂപയുടെ ബിഡ്ഡുകള്‍ ആണ്. 12 കോടി രൂപ സമാഹരിക്കുന്നതിനായാണ് കമ്പനി ഐപിഒ നടത്തിയത്.
45 മെയിന്‍ ബോര്‍ഡ് ഐപിഒകള്‍ ഈ വര്‍ഷം വിപണിയിലെത്തിയപ്പോള്‍ അതിന്റെ മൂന്ന് മടങ്ങ് എസ്‌എംഇ ഐപിഒകളാണ് എത്തിയത്. 45 മെയിന്‍ ബോര്‍ഡ് ഐപിഒകള്‍ ശരാശരി 43 മടങ്ങാണ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്.
കോവിഡിനെ തുടര്‍ന്ന് ഓഹരി വിപണിയിലുണ്ടായ കുതിപ്പ് എസ്‌എംഇ ഐപിഒകളിലേക്ക് നിക്ഷേപ പ്രവാഹം ഉണ്ടാകുന്നതിനാണ് വഴിവെച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സബ്‌സ്‌ക്രിപ്‌ഷന്‍, ലിസ്റ്റിംഗ് നേട്ടം, ലിസ്റ്റിംഗിനു ശേഷമുള്ള നേട്ടം എന്നീ കാര്യങ്ങളിലെല്ലാം മെയിന്‍ബോര്‍ഡ് ഐപിഒകളേക്കാള്‍ മുന്നില്‍ നിന്നത് എസ്‌എംഇ ഐപിഒകളാണ്.
2019ല്‍ എസ്‌എംഇ ഐപിഒകളുടെ ശരാശരി ലിസ്റ്റിംഗ് നേട്ടം 2.2 ശതമാനം ആയിരുന്നുവെങ്കില്‍ 2024ല്‍ അത് 74 ശതമാനമായി ഉയര്‍ന്നു.