
കൊച്ചി: രണ്ട് പതിറ്റാണ്ടിന് മുൻപ് നല്‍കിയ ഉറപ്പുകളും വാഗ്ദാനങ്ങളും നൂറിലൊന്നുപോലും നടപ്പാക്കാതെ ‘സ്‌മാർട്ട്സിറ്റി കൊച്ചി’ പദ്ധതിയില്‍ നിന്ന് ദുബായിലെ ‘ടീകോം’ പിൻമാറുന്നു.
കൊച്ചി കാക്കനാട് 246 ഏക്കർ സ്ഥലം ലഭിച്ചിട്ടും കേരളത്തിന്റെ സ്വപ്ന പദ്ധതിക്കായി ഒന്നും ചെയ്യാതെയാണ് ടീകോം ഒഴിയുന്നത്.
ഏറെ രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് ശേഷം 2007 മേയ് 13നാണ് സ്‌മാർട്ട്സിറ്റി കരാർ ഒപ്പിട്ടത്. 2007 നവംബർ 16ന് നിർമ്മാണം ആരംഭിച്ച പദ്ധതി സ്‌തംഭിച്ചതോടെ ഭൂമി തിരിച്ചെടുക്കാൻ 2024 നവംബറില്‍ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. തർക്കങ്ങള്‍ കേന്ദ്രസർക്കാരിന്റെ ഇന്റർമിനിസ്‌റ്റീരിയല്‍ ഗ്രൂപ്പിന്റെ മദ്ധ്യസ്ഥതയില്‍ പരിഹരിച്ചതോടെ ഏറ്റെടുക്കല്‍ നടപടികള്‍ക്ക് വേഗതയേറും. ടീകോമിന്റെ നിക്ഷേപത്തിന്റെ മൂല്യം നിർണയിക്കാനുള്ള ഫോർമുലയില്‍ ധാരണയിലെത്തി.
സ്‌മാർട്ട്സിറ്റിയെ നിലനിറുത്തുക, ഇൻഫോപാർക്കിന്റെ ഭാഗമാക്കുക, സ്വകാര്യ പൊതുമേഖലാ പങ്കാളിത്ത (പി.പി.പി) വികസനം തുടങ്ങിയ നിർദ്ദേശങ്ങളാണ് പരിഗണിക്കുന്നത്. ഐ.ടി വകുപ്പ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടെ ശുപാർശയിലാകും തുടർനടപടികള്‍.
ടീകോമിന്റെ വീഴ്‌ച
ടീകോമിന് സാമ്പത്തിക, മാനേജ്മെന്റ് തലങ്ങളിലുണ്ടായ പ്രശ്‌നങ്ങളാണ് സ്‌മാർട്ട്സിറ്റി കൊച്ചിക്ക് വിനയായത്. 2018ല്‍ പൂർത്തിയാക്കിയ ആറരലക്ഷം ചതുരശ്രയടി വിസ്‌തൃതിയുള്ള ഐ.ടി കെട്ടിടം മാത്രമാണ് യാഥാർത്ഥ്യമായത്. സഹനിർമ്മാതാക്കളായ സാൻഡ്സ് ഇൻഫ്രയുടെ ഇരട്ട ടവർ, ജെംസ് അക്കാഡമി എന്നിവയും പൂർത്തിയായി.
പാഴായ വാഗ്ദാനങ്ങള്‍
2,609 കോടി രൂപയുടെ നിക്ഷേപം
88 ലക്ഷം ചതുരശ്രഅടി കെട്ടിടങ്ങള്‍
ആദ്യ അഞ്ചുവർഷം 5,000 തൊഴില്‍
പത്തുവർഷം 33,000 തൊഴില്‍
വൻകിട ഐ.ടി കമ്പനികള്‍ എത്തും
രാജ്യത്തെ ഏറ്റവും വലിയ ഐ.ടി പാർക്ക്
ലോകോത്തര വൻകിട ടൗണ്‍ഷിപ്പ്
ഓഹരിവിഹിതം
ദുബായ് ടീകോം 84%
കേരള സർക്കാർ 16%






