ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

വ്യവസായ കേരളത്തിന്റെ കുതിപ്പിന് കരുത്തേകാൻ സിന്തൈറ്റ്

150 കോടി രൂപ മുതൽമുടക്കിൽ സിന്തൈറ്റ് ഗ്രൂപ്പ് സ്ഥാപിച്ച അഗ്രോ പ്രോസസിംഗ് ക്ലസ്റ്ററും സയൻസ് ആൻഡ് ടെക്‌നോളജി സെന്ററും പ്രവർത്തനമാരംഭിക്കുന്നത് എണാകുളം ജില്ലയിലെ ഐക്കരനാട് പഞ്ചായത്തിൽ

കൊച്ചി: പ്രമുഖ മൂല്യവര്‍ധിത സുഗന്ധവ്യഞ്ജന നിര്‍മാതാക്കളായ സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് എറണാകുളം ജില്ലയിൽ പൂർത്തീകരിച്ച അഗ്രോ പ്രോസസിംഗ് ക്ലസ്റ്ററിന്റെയും ശാസ്ത്രസാങ്കേതിക ഗവേഷണ കേന്ദ്രത്തിന്റെയും ഉദ്‌ഘാടനം ഇന്ന്. ഐക്കരനാട് പഞ്ചായത്തിലെ പാങ്ങോട് സിന്തൈറ്റ് ടേസ്റ്റ് പാർക്കിലാണ് സിന്തൈറ്റ് ഗ്രൂപ്പ് സ്ഥാപകൻ സി. വി. ജേക്കബിന്റെ സ്മരണാർത്ഥം സിവിജെ (CVJ) അഗ്രോ പ്രോസസിംഗ് ക്ലസ്റ്ററും മുൻ വൈസ് ചെയർമാനും മാനേജിങ് ഡയറക്‌ടറുമായിരുന്ന ജോർജ് പോളിന്റെ സ്മരണാർത്ഥം ജിപി (GP) സയൻസ് & ടെക്‌നോളജി സെന്ററും സ്ഥാപിതമായിരിക്കുന്നത്. അഞ്ഞൂറിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പതിനായിരത്തോളം കാർഷിക കുടുംബങ്ങൾക്ക് ഗുണപ്രദമാവുകയും ചെയ്യുന്ന അഗ്രോ പ്രോസസിംഗ് ക്ലസ്റ്റർ 150 കോടി രൂപ മുതൽമുടക്കിലാണ് നിർമിച്ചിട്ടുള്ളത്. ക്ലസ്റ്ററിന്റെ ഔപചാരിക ഉദ്ഘാടനം വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിക്കും. കേന്ദ്ര സർക്കാരിന് കീഴിലുള്ള  ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 

സിന്തൈറ്റ് ഗ്രൂപ്പ് സ്ഥാപകൻ സി. വി. ജേക്കബിന്റെ പേരിലുള്ള സിവിജെ അഗ്രോ പ്രോസസിംഗ് ക്ലസ്റ്റർ, വിവിധ കാർഷികോത്പന്നങ്ങളുടെയും മൂല്യവർധിത സുഗന്ധവ്യഞ്ജനങ്ങളുടെയും സംസ്കരണത്തിനും ഉൽപ്പാദനത്തിനും വിപണനത്തിനും സമഗ്രമായ സൗകര്യങ്ങൾ ഉറപ്പാക്കുന്നു. സിന്തൈറ്റ് ഗ്രൂപ്പിന്റെ വിവിധ  യൂണിറ്റുകളുടെ ആവശ്യകതകൾ നിറവേറ്റുന്ന ഒരു കേന്ദ്രീകൃത ലബോറട്ടറി സൗകര്യമായാണ് ജോർജ്ജ് പോൾ സയൻസ് & ടെക്നോളജി സെന്റർ വിഭാവനം ചെയ്തിട്ടുള്ളത്. ഫെർമെന്റേഷൻ ടെക്‌നോളജി ഉപയോഗിച്ച് ഭക്ഷ്യവിഭവങ്ങൾ സുരക്ഷിതമായി നിലനിർത്താനുള്ള സേവനം ലഭ്യമാക്കുന്ന സിന്തൈറ്റ് ബയോടെക്കും ക്യാമ്പസിലുണ്ട്. സിന്തൈറ്റ് ഗ്രൂപ്പിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സിന്തൈറ്റ് ഇൻഗ്രേഡിയൻറ്സ്, പ്രോട്ടീൻ എക്സ്ട്രാക്ട്സ് & ബീവറേജ് സപ്ലിമെൻറ്സ്, സ്‌പൈസസ്-സ്‌പൈസ് ഓയിൽസ്-എക്സ്ട്രാക്ട്സ്, കളിനറി പ്രൊഡക്ട്സ് & നാചുറൽ കളേഴ്സ് എന്നിങ്ങനെ 4 വ്യത്യസ്ത യൂണിറ്റുകൾ സിവിജെ അഗ്രോ പ്രോസസിംഗ് ക്ലസ്റ്ററിൽ പ്രവർത്തിക്കുന്നു. ഗ്രൂപ്പ് കമ്പനികളായ സിജ്മാക് എക്‌സ്‌പോർട്ട്‌സ്, ഇന്റർഗ്രോ ബ്രാൻഡ്‌സ് എന്നിവയുടെ നിർമാണ യൂണിറ്റുകളും ക്ലസ്റ്ററിന്റെ ഭാഗമാണ്. 

ഫാം ഗേറ്റ് മുതൽ ഉപഭോക്താവ് വരെ നീളുന്ന സംയോജിതവും സമ്പൂർണവുമായ ഭക്ഷ്യസംസ്കരണ-സംരക്ഷണ ശൃംഖല സൃഷ്ടിക്കാനും കർഷക കൂട്ടായ്മകളെ വിപണിയുമായി ഫലപ്രദമായി ബന്ധിപ്പിക്കാനും ഉതകുന്ന അടിസ്ഥാനസൗകര്യ വികസനം ഉറപ്പാക്കാനാണ് പദ്ധതിയിലൂടെ സിന്തൈറ്റ് ലക്ഷ്യമിടുന്നതെന്ന് മാനേജിംഗ് ഡയറക്ടർ വിജു ജേക്കബ് പറഞ്ഞു. ഭക്ഷ്യസുരക്ഷ, മെച്ചപ്പെട്ട പോഷകാഹാരം, ഉത്പന്നങ്ങൾക്ക് ദൈർഘ്യമേറിയ ഷെൽഫ് ലൈഫ് തുടങ്ങിയ നേട്ടങ്ങൾ കൈവരിച്ചുകൊണ്ട് പൊതുസമൂഹത്തിൽ കൂടുതൽ വൈവിധ്യമാർന്ന അവസരങ്ങളും സാമ്പത്തിക വളർച്ചയും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പാണ് പദ്ധതിയെന്ന് സിന്തൈറ്റ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ അജു ജേക്കബ് വ്യക്തമാക്കി.

1972ൽ കോലഞ്ചേരിയിലെ കടയിരുപ്പിൽ ആരംഭിച്ച സിന്തൈറ്റ് ഇന്ന് സുഗന്ധവ്യഞ്ജനങ്ങളിൽ നിന്ന് സംസ്കരിച്ചെടുക്കുന്ന വിവിധയിനം സത്തുകളായ ഒലിയോറെസിൻസിന്റെ ലോകത്തെ ഏറ്റവും വലിയ കമ്പനിയാണ്. ഒലിയോറെസിന്റെ ആഗോള വിപണിയുടെ മൂന്നിലൊന്നും സിന്തൈറ്റിന്റെതാണ്. കേരളത്തിനു പുറമേ ആന്ധ്ര, തമിഴ്നാട്, കർണാടക, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലും ഇന്ത്യയ്ക്ക് പുറത്ത് ചൈന, ശ്രീലങ്ക, വിയറ്റ്നാം, യുക്രൈയ്ൻ, ബ്രസീൽ എന്നീ രാജ്യങ്ങളിലും നിർമാണ കേന്ദ്രങ്ങളുള്ള സിന്തൈറ്റ് ഗ്രൂപ്പിന് മൂവായിരം കോടി രൂപയോളം വാർഷിക വിറ്റുവരവുണ്ട്.

X
Top