ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆ ഒക്ടോബർ 1 മുതൽ ഗൃഹോപകരണങ്ങളുടെ വില വർധിക്കുന്നു ◆ ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆

ഇൻഷുറൻസ് കമ്പനികൾക്കു കടുത്ത നിയന്ത്രണം വരുന്നു, പ്രീമിയത്തിൽ വലിയ കുറവുണ്ടായേക്കും

ന്യൂഡൽഹി: ഇൻഷുറൻസ് കമ്പനികളുടെ പ്രവർത്തനച്ചെലവുകൾക്കും വിതരണ കമ്മിഷനും കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി (ഐആർഡിഎഐ) ഒരുങ്ങുന്നു.

ഇൻഷുറൻസ് പോളിസികളുടെ വിൽപനച്ചെലവ് കുറയ്ക്കുന്നതുവഴി ഉപയോക്താക്കളുടെ പ്രീമിയം അടക്കമുള്ളവയിൽ കുറവുണ്ടാകുമെന്നാണ് ഐആർഡിഎഐയുടെ പ്രതീക്ഷ. ഇതുസംബന്ധിച്ച കൺസൽറ്റേഷൻ പേപ്പർ പൊതുജനാഭിപ്രായങ്ങൾക്കായി പ്രസിദ്ധീകരിച്ചു.

ലൈഫ് ഇൻഷുറൻസ് കമ്പനികളുടെ മാനേജ്മെന്റ് ചെലവ് 5 വർഷത്തിനകം പ്രീമിയത്തിന്റെ 12.5 ശതമാനമായും ജനറൽ ഇൻഷുറൻസ് കമ്പനികളുടേത് പ്രീമിയം വരുമാനത്തിന്റെ 20 ശതമാനമായും കുറയ്ക്കാനാണ് നിർദേശം.

പ്രവർത്തനച്ചെലവുകൾ, കമ്മിഷൻ, ബ്രോക്കറേജ് അടക്കമുള്ളവ മാനേജ്മെന്റ് ചെലവിൽ ഉൾപ്പെടും. 2023ൽ ഇൻഷുറൻസ് കമ്മിഷൻ സംബന്ധിച്ച പരിധി നീക്കിയതിനു പിന്നാലെ കമ്മിഷൻ നൽകുന്നതിന്റെ തോത് ഗണ്യമായി വർധിച്ചതായി ഐആർഡിഎഐ വിലയിരുത്തി.

അതുകൊണ്ട് 2023ൽ അവസാനിച്ച കമ്മിഷൻ പരിധി തിരികെക്കൊണ്ടുവരാനാണ് നീക്കം. ഇത് ഏജന്റുമാർക്കും ഇടനിലക്കാർക്കും തിരിച്ചടിയായേക്കും.

ഇൻഷുറൻസ് ഉൽപന്നത്തിന്റെ സങ്കീർണത, വിൽപനയ്ക്ക് ആവശ്യമായ പരിശ്രമം എന്നിവ കണക്കിലെടുത്തായിരിക്കും കമ്മിഷൻ നിശ്ചയിക്കുക.

തേഡ് പാർട്ടി മോട്ടർ ഇൻഷുറൻസ് പോലെയുള്ള നിർബന്ധിത ഇൻഷുറൻസുകൾക്ക് കുറഞ്ഞ തോതിലായിരിക്കും കമ്മിഷൻ. ഗ്രാമീണമേഖലകളിലും മറ്റുമുള്ള ഇൻഷുറൻസ് വിൽപനയ്ക്ക് കൂടുതൽ കമ്മിഷൻ നൽകാം.

ഗ്രൂപ്പ് ഇൻഷുറൻസുകൾക്ക് കുറഞ്ഞ നിരക്കിലായിരിക്കും കമ്മിഷൻ. വായ്പകൾ അനുവദിക്കുന്നതിനൊപ്പം ഉപയോക്താക്കൾക്ക് നിർബന്ധമായി ഇൻഷുറൻസ് വിൽക്കുന്നത് നിരോധിക്കാനും ഐആർഡിഎഐ നിർദേശിച്ചു.

തെറ്റിദ്ധരിപ്പിച്ച് ഇൻഷുറൻസ് വിൽക്കുന്ന (മിസ്‍–സെല്ലിങ്) ജീവനക്കാരിൽ നിന്ന് കമ്മിഷൻ തിരിച്ചുപിടിക്കാനും നിർദേശമുണ്ട്.

X
Top