
മുംബൈ: രാജ്യത്തെ ചില്ലറ വിലക്കയറ്റം രണ്ടു വർഷത്തിനിടെ ആദ്യമായി ആറു ശതമാനമെന്ന ആർബിഐ പരിധി കടന്ന് 6.09 ശതമാനത്തിലെത്തി. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 8.94 ശതമാനമായി ഉയർന്നതും ക്രൂഡ് ഓയിൽ അടക്കമുള്ള ഇന്ധന വില കൂടിയതുമാണ് പണപ്പെരുപ്പം വർധിക്കാൻ പ്രധാന കാരണം.
വിലക്കയറ്റം സാധാരണക്കാരുടെ ജീവിതച്ചെലവ് വർധിപ്പിക്കുമെന്നും നിലവിലെ സാഹചര്യം തുടർന്നാൽ വായ്പകളുടെ പലിശ നിരക്കുകളും ഇഎംഐയും ഉയരാൻ സാധ്യതയുണ്ടെന്നും സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു.
രാജ്യത്തു പണപ്പെരുപ്പം കുതിക്കുകയാണ്. വിലക്കയറ്റം രണ്ടു വർഷത്തിനിടെ ആദ്യമായി 6.09 ശതമാനത്തിലെത്തി. ഇതിനു പുറമേ മൊത്തവില പണപ്പെരുപ്പത്തിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ കണക്കെടുത്താൽ, ഒരു വർഷത്തിനിടെ വിലക്കയറ്റം ഉണ്ടായ 15 ഇനങ്ങളിൽ 12ഉം ഭക്ഷ്യവസ്തുക്കളായിരുന്നു. സംസ്ഥാനത്തെ മൊത്തത്തിലുള്ള വിലക്കയറ്റം 6.22 ശതമാനമായി ഉയർന്നു.
സാധനങ്ങളുടെയും സേവനങ്ങളുടെയും വില വർധിക്കുന്ന നിരക്കാണ് പണപ്പെരുപ്പം. ജനങ്ങളുടെ വാങ്ങൽശേഷിയെ പണപ്പെരുപ്പം നേരിട്ട് സ്വാധീനിക്കുന്നു. ഒരു നിശ്ചിത തുക കൊണ്ട് മുൻപ് വാങ്ങിയിരുന്ന സാധനങ്ങൾ പിന്നീട് അതേ തുകയ്ക്കു വാങ്ങാൻ സാധിക്കാതെ വരികയും പണത്തിന്റെ മൂല്യം കുറയുകയും ചെയ്യുന്ന അവസ്ഥയാണിത്.
ഭക്ഷണം, വസ്ത്രം, ഗതാഗതം തുടങ്ങി നിത്യജീവിതത്തെ ബാധിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ശരാശരി വിലയിലെ മാറ്റങ്ങൾ പരിശോധിച്ചാണ് പണപ്പെരുപ്പം വിലയിരുത്തുന്നത്.
ഒക്ടോബറിൽ രാജ്യത്തെ മൊത്തവില പണപ്പെരുപ്പം 12.29 ശതമാനമായി വർധിച്ചു. സെപ്റ്റംബറിൽ ഇതു 11.39 ശതമാനമായിരുന്നു. 2022–23 വർഷത്തെ അടിസ്ഥാനമാക്കിയുള്ള സൂചികയിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. ക്രൂഡ് ഓയിൽ, മിനറൽ ഓയിൽ, വൈദ്യുതി എന്നിവയുടെ വിലവർധനവാണു വിലക്കയറ്റത്തിനു കാരണം.
പശ്ചിമേഷ്യൻ സംഘർഷങ്ങളും ഹോർമുസിലെ പ്രതിസന്ധികളും കാരണം ഒക്ടോബറിൽ ഇന്ധന വിലക്കയറ്റം 32.84 ശതമാനമായി ഉയർന്നു. സെപ്റ്റംബറിൽ ഇത് 25.85 ശതമാനമായിരുന്നു. ചില്ലറ വിലക്കയറ്റം റിസർവ് ബാങ്കിന്റെ ആറു ശതമാനമെന്ന പരിധി ഭേദിച്ച് 6.09 ശതമാനമായി. സെപ്റ്റംബറിൽ ഇതു 5.54 ശതമാനമായിരുന്നു.
ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 8.94 ശതമാനമായി ഉയർന്നതാണു പണപ്പെരുപ്പത്തിനു പിന്നിലെ പ്രധാന കാരണം. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയമാണു കണക്കുകൾ പുറത്തുവിട്ടത്.
ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും ലഭ്യത കുറയുമ്പോഴാണ് പണപ്പെരുപ്പം ഉണ്ടാകുന്നത്. ക്രൂഡ് ഓയിലിന്റെ വില അപ്രതീക്ഷിതമായി 40 ശതമാനത്തോളം ഉയർന്നു. അതേസമയം, എൽ നിനോ പ്രതിഭാസം കാർഷിക മേഖലയിൽ ഉൽപാദനം കുറയ്ക്കാൻ കാരണമായി.
തൽഫലമായി അരി, ഗോതമ്പ്, പയർ വർഗങ്ങൾ, പച്ചക്കറികൾ എന്നിവയുടെ വില വർധിച്ചു. ലോഹങ്ങളുടെയും കെമിക്കലുകളുടെയും വിലവർധന വാഹന നിർമാണ ചെലവിനെയും ബാധിച്ചു. ഇന്ത്യയിൽ മാത്രമല്ല, ആഗോള തലത്തിലും പണപ്പെരുപ്പം വർധിച്ചുവരികയാണ്.
എങ്കിലും മറ്റു വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ വിലക്കയറ്റത്തിന്റെ തോത് നിയന്ത്രണവിധേയമാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.






