
- നേരത്തെ മെയ് മാസത്തിലും ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ വലിയ ഇടിവുണ്ടാവുകയും ഒരു വർഷത്തിലേറെ കാലയളവിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തുകയും ചെയ്തിരുന്നു.
മുംബൈ: ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ വൻ ഇടിവ്. നവംബർ 13-ന് അവസാനിച്ച ആഴ്ചയിൽ 14 ബില്യൺ ഡോളറിലധികം കുറഞ്ഞ് വിദേശനാണ്യ ശേഖരം 705.3 ബില്യൺ ഡോളറിലെത്തി.
കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണിതെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. തൊട്ടുമുൻപത്തെ ആഴ്ചയിൽ 719.547 ബില്യൺ ഡോളറായിരുന്നു ശേഖരം.
വിദേശ കറൻസി ആസ്തികളുടെയും സ്വർണശേഖരത്തിന്റെയും മൂല്യത്തിലുണ്ടായ ഇടിവാണ് കരുതൽ ശേഖരം കുത്തനെ കുറയാൻ പ്രധാന കാരണമായത്. ഒരാഴ്ചയ്ക്കിടെ 7.8 ബില്യൺ ഡോളറിന്റെ കുറവുണ്ടായി.
ഡോളറിൽ കണക്കാക്കുന്ന ഈ ആസ്തികളിൽ മറ്റ് പ്രമുഖ അന്താരാഷ്ട്ര കറൻസികളുടെ മൂല്യവ്യത്യാസവും പ്രതിഫലിച്ചിട്ടുണ്ട്. ആഗോള വിപണിയിലെ സ്വർണവില ഇടിവിനെ തുടർന്ന് കരുതൽ സ്വർണശേഖരത്തിന്റെ മൂല്യത്തിൽ 6.1 ബില്യൺ ഡോളറിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
വിദേശനാണ്യ ശേഖരത്തിലെ ഇടിവിനൊപ്പം ഇന്ത്യൻ രൂപയുടെ മൂല്യത്തിലും കടുത്ത സമ്മർദ്ദം തുടരുകയാണ്. അവലോകന ആഴ്ചയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം ഏകദേശം 0.3 ശതമാനം ഇടിഞ്ഞ് 94.24 എന്ന നിലയിലെത്തി.
ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം നടത്തുന്ന കറൻസികളിലൊന്നായി രൂപ മാറിയിരിക്കുകയാണ്. ഇറാനെതിരായ അമേരിക്ക-ഇസ്രയേൽ സംഘർഷത്തിന് മുൻപ് തന്നെ രൂപയുടെ മൂല്യം ഇടിഞ്ഞുതുടങ്ങിയിരുന്നു.
സംഘർഷം രൂക്ഷമായതോടെ സ്ഥിതി കൂടുതൽ വഷളായി. നിലവിലെ സാഹചര്യം തുടർന്നാൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 100 വരെ താഴാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.
നേരത്തെ മെയ് മാസത്തിലും ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ വലിയ ഇടിവുണ്ടാവുകയും ഒരു വർഷത്തിലേറെ കാലയളവിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തുകയും ചെയ്തിരുന്നു.
വിദേശനാണ്യം രാജ്യത്തിന് പുറത്തേക്ക് ഒഴുകുന്നത് തടയുന്നതിനായി, ഇന്ധന ഉപയോഗം കുറയ്ക്കാനും വിദേശയാത്രകൾ ഒഴിവാക്കാനും ഒരു വർഷത്തേക്ക് അത്യാവശ്യമില്ലാതെ സ്വർണം വാങ്ങുന്നത് മാറ്റിവെക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.






