
മുംബൈ: ചെറുകിട ബിസിനസുകൾക്ക് വായ്പ നൽകുന്നതിൽ ബാങ്കുകൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്ര. ഇത്തരം വായ്പകളിലൂടെ സമൂഹത്തിനും സമ്പദ്വ്യവസ്ഥയ്ക്കും ലഭിക്കുന്ന ഗുണങ്ങൾ വളരെ വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി.
പുണെ ജില്ലയിലെ മാവൽ താലൂക്കിലുള്ള വാക്സായി ഗ്രാമത്തിൽ ബാങ്ക് ഓഫ് മഹാരാഷ്ട്ര സംഘടിപ്പിച്ച ധനകാര്യ ഉൾപ്പെടുത്തൽ ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വൻകിട ബിസിനസ് സ്ഥാപനത്തിന് 1,000 കോടി രൂപ വായ്പ നൽകുന്നത് ഒരു വ്യക്തിയെയോ ഒരു സ്ഥാപനത്തെയോ മാത്രമേ സഹായിക്കുകയുള്ളൂ എന്ന് മൽഹോത്ര ചൂണ്ടിക്കാട്ടി.
ഗ്രാമീണ മേഖലകളിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലും ബാങ്കുകൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതിലൂടെ വലിയൊരു വിഭാഗം ജനങ്ങൾക്കുണ്ടായ മാറ്റങ്ങൾ നേരിട്ട് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രത്യേക അഭ്യർത്ഥന നടത്തുന്നതെന്ന് മൽഹോത്ര വ്യക്തമാക്കി.
“വികസനം എല്ലാവരെയും ഉൾക്കൊള്ളുന്നതാകണമെന്ന് നാം ഓർമ്മിക്കണം. വികസനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അത് എല്ലാവർക്കും വേണ്ടിയുള്ള വികസനമായിരിക്കണം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും എല്ലാ പ്രദേശങ്ങളെയും ഒപ്പം കൊണ്ടുപോകേണ്ടത് പ്രധാനമാണ്,” അദ്ദേഹം പറഞ്ഞു.
60 കോടിയിലധികം ബാങ്ക് അക്കൗണ്ടുകൾ തുറന്ന സർക്കാറിന്റെ ധനകാര്യ ഉൾപ്പെടുത്തൽ പദ്ധതിയെ പരാമർശിച്ച്, ഇനി സാമ്പത്തിക സാക്ഷരതയ്ക്കും ഡിജിറ്റൽ സാക്ഷരതയ്ക്കുമാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്നും മൽഹോത്ര പറഞ്ഞു.
ബാങ്കിങ് സേവനങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയാണ് കൂടുതലായും ഉപയോഗിക്കപ്പെടുന്നത്. അതിനാൽ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.
“ചുരുങ്ങിയ കാലയളവിൽ 20%, 30% അല്ലെങ്കിൽ 40% വരെ വരുമാനം വാഗ്ദാനം ചെയ്യുന്ന ഓഫറുകളുമായി ആരെങ്കിലും സമീപിച്ചാൽ നിങ്ങൾ അതീവ ജാഗ്രത പാലിക്കണം. ഇത്തരം അസാധാരണമായ ഉയർന്ന വരുമാന വാഗ്ദാനങ്ങൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന അപകടസാധ്യതകളോ തട്ടിപ്പ് പദ്ധതികളോ ഉണ്ടാകാറുണ്ട്,” അദ്ദേഹം മുന്നറിയിപ്പ് നൽകി.






