
ന്യൂഡൽഹി: 8,415 കോടി രൂപയുടെ അഡീഷണൽ ടയർ 1 (എ.ടി 1) ബോണ്ടുകൾ എഴുതിത്തള്ളിയ നടപടി റദ്ദാക്കിയ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ റിവ്യൂ ഹരജി നൽകി യെസ് ബാങ്ക്. 2026 ഒക്ടോബർ 15ലെ വിധിയും ഉത്തരവും പുനപരിശോധിക്കണമെന്നാണ് ആവശ്യം. ഭരണഘടനയുടെ ആർട്ടിക്കിൾ 137 പ്രകാരമാണ് സുപ്രീംകോടതിയെ സമീപിച്ചതെന്ന് ബാങ്ക് വ്യക്തമാക്കി.
2020 മാർച്ചിൽ ബാങ്ക് പുനസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി എടി 1 ബോണ്ടുകളുടെ മുഴുവൻ മൂല്യവും എഴുതിത്തള്ളിയ യെസ് ബാങ്കിന്റെ തീരുമാനം റദ്ദാക്കിയ ബോംബെ ഹൈകോടതിയുടെ വിധി സുപ്രീംകോടതി ശരിവെച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.
യെസ് ബാങ്ക് പുനസംഘടനയുടെ ഭാഗമായി 2020 മാർച്ച് 14ന് 8,415 കോടി രൂപയുടെ എ.ടി 1 ബോണ്ടുകൾ പൂർണമായും എഴുതിത്തള്ളിയതോടെയാണ് തർക്കങ്ങൾക്ക് തുടക്കമായത്. ആ വർഷം മാർച്ചിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആർ.ബി.ഐ ബാങ്കിന് മേൽ മൊറട്ടോറിയം ഏർപ്പെടുത്തിയിരുന്നു.
ഈ തീരുമാനം ആക്സിസ് ട്രസ്റ്റി സർവീസസ് പ്രതിനിധീകരിച്ച ബോണ്ട് ഉടമകളുടെ നിക്ഷേപങ്ങളെ പൂർണ്ണമായും ഇല്ലാതാക്കി. അതോടെ ആക്സിസ് ട്രസ്റ്റി സർവീസസ് അടക്കമുള്ള ബോണ്ട് ഉടമകൾ ഈ നടപടിയെ ചോദ്യം ചെയ്ത് ബോംബെ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
തുടർന്ന് 2023 ജനുവരി 20ന് എഴുതിതള്ളിയ നടപടി റദ്ദാക്കി ബോംബെ ഹൈകോടതി ബോണ്ട് ഉടമകൾക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു. പിന്നാലെ ഈ വിധിയെ ചോദ്യം ചെയ്ത് യെസ് ബാങ്ക്, റിസർവ് ബാങ്ക്, കേന്ദ്ര സർക്കാർ എന്നിവർ സുപ്രീം കോടതിയെ സമീപിച്ചു.
ഹരജി പരിഗണിച്ച ജസ്റ്റിസ് ദീപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് ബെഞ്ച് 2023ലെ ബോംബെ ഹൈകോടതിയുടെ വിധി ശരിവെക്കുകയായിരുന്നു.
നിലവിൽ ഈ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് യെസ് പുതിയ ഹരജി നൽകിയത്. വിധിക്ക് പിന്നാലെ ബോണ്ടുകളും അനുബന്ധ അവകാശങ്ങളും പുനസ്ഥാപിക്കണമെന്ന് ആക്സിസ് ട്രസ്റ്റി സർവീസസ് ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം കോടതിയലക്ഷ്യ നടപടി തുടങ്ങുമെന്നും സൂചന നൽകിയിരുന്നു.
വിധി ബാങ്കിന്റെ മൂലധന സ്ഥിതിയെ ബാധിക്കുമെന്നാണ് യെസ് ബാങ്കിന്റെ വാദം. മുതൽ തുക പുനസ്ഥാപിക്കുന്നത് 2026 ജൂൺ നില പ്രകാരം ബാങ്കിന്റെ കോമൺ ഇക്വിറ്റി ടയർ 1 (സി.ഇ.ടി 1) മൂലധന അനുപാതത്തിൽ ഏകദേശം 250 ബേസിസ് പോയിന്റ് കുറവുണ്ടാക്കുമെന്ന് ബാങ്ക് നേരത്തെ സൂചിപ്പിച്ചിരുന്നു.






