Alt Image
വിദേശനാണ്യ ശേഖരം 705.3 ബില്യൺ ഡോളറിലേക്ക് താഴ്ന്നു ◆ യുഎസില്‍ ഇന്ത്യന്‍ തുണിത്തരങ്ങള്‍ക്ക് വീണ്ടും ഡിമാന്‍ഡ് ◆ ഇന്ത്യയിൽ സ്‍മാർട്ട്ഫോൺ വിൽപ്പനയിൽ 20% ഇടിവ്; ഏറ്റവും വലിയ തിരിച്ചടി ബജറ്റ് ഫോണുകൾക്ക് ◆ എല്‍പിജി ഇറക്കുമതി കുതിച്ചുയരുമെന്ന് മുന്നറിയിപ്പ് ◆ ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിച്ചെലവിൽ കുതിപ്പ്; 19.5 ബില്യൺ ഡോളറിന്റെ പർച്ചേസ് ◆

സ്‌പൈസ് ജെറ്റിന് ഡിജിസിഎ നോട്ടീസ്

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയും തുടര്‍ച്ചയായ വിമാന സര്‍വീസുകള്‍ റദ്ദാക്കലും പ്രവര്‍ത്തന പ്രതിസന്ധിയും നേരിടുന്ന സ്‌പൈസ് ജെറ്റിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ).

വിമാന സര്‍വീസുകളിലെ വീഴ്ചകള്‍, ചട്ടലംഘനങ്ങള്‍, കുടിശ്ശികകള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടി. ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കാനാണ് നവംബര്‍ 17ന് നല്‍കിയ നോട്ടീസില്‍ പറയുന്നത്. വിമാനങ്ങളുടെ നിലവിലെ അവസ്ഥയും പ്രവര്‍ത്തന പദ്ധതിയും വ്യക്തമാക്കണമെന്നും ഡിജിസിഎ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്‌പൈസ് ജെറ്റിന്റെ ഭൂരിഭാഗം വിമാനങ്ങളും നിലവില്‍ സര്‍വീസ് നടത്താനാകാത്ത നിലയിലാണെന്ന് ഡിജിസിഎ ചൂണ്ടിക്കാട്ടി. ഇവ വീണ്ടും സര്‍വീസിന് സജ്ജമാക്കാനുള്ള വിശ്വസനീയമായ പദ്ധതിയും കമ്പനി സമര്‍പ്പിച്ചിട്ടില്ല.

വൈകലുകളും റദ്ദാക്കലുകളും വര്‍ധിച്ചതും വിമാനങ്ങളുടെ കൃത്യസമയത്തുള്ള സര്‍വീസ് ചെയ്യല്‍ കുത്തനെ കുറഞ്ഞതും, സമയക്രമം പാലിക്കാത്തതും നോട്ടീസില്‍ പരാമര്‍ശിക്കുന്നുണ്ട്. സര്‍വീസ് തടസ്സപ്പെടുമ്പോള്‍ യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിലും വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തല്‍.

നവംബര്‍ 19ന് സ്‌പൈസ് ജെറ്റിന്റെ കൃത്യസമയ സര്‍വീസ് നിരക്ക് വെറും 25 ശതമാനമായിരുന്നു. മറ്റ് പ്രധാന വിമാനക്കമ്പനികളുടേത് 80 ശതമാനത്തിന് മുകളിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സ്‌പൈസ് ജെറ്റിന്റെ പകുതിയിലധികം സര്‍വീസുകളും റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്.

വിമാന ഇന്‍ഷുറന്‍സ് പുതുക്കുന്നതിലെ അനിശ്ചിതത്വം, വിദേശ വിമാനത്താവളങ്ങളിലെ സേവനദാതാക്കള്‍ക്ക് പണം നല്‍കാത്തതിനെത്തുടര്‍ന്നുണ്ടായ പ്രവര്‍ത്തന തടസ്സങ്ങള്‍, നേരത്തെ ചുമത്തിയ പിഴ അടയ്ക്കാത്തത് തുടങ്ങിയ കാര്യങ്ങളിലും വിശദീകരണം തേടിയിട്ടുണ്ട്. ജീവനക്കാരുടെ ശമ്പളവിതരണത്തിലെ കാലതാമസവും കുടിശ്ശികകളും കമ്പനിയുടെ പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.

അതിനിടെ സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ 5500 കോടി രൂപ വരെ സമാഹരിക്കാനുള്ള നിര്‍ദേശത്തിന് നവംബര്‍ 18ന് സ്‌പൈസ് ജെറ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിരുന്നു. വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിക്കാനും പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കാനുമാണ് പണം സമാഹരിക്കുന്നത്.

X
Top