
സ്വർണം നിക്ഷേപമായി കണ്ടവർക്കാണ് നിലവിലെ വിലയിടിവ് കൂടുതൽ ആശങ്ക നൽകുന്നത്
സ്വർണവില കുത്തനെ ഇടിഞ്ഞതോടെ സംസ്ഥാനത്തെ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും സ്വർണം പണയം വെച്ചവർ കടുത്ത ആശങ്കയിൽ.
ഉയർന്ന നിരക്കിൽ സ്വർണം പണയം വെച്ച് വായ്പ എടുത്തവർക്കാണ് നിലവിൽ ബാങ്കുകളിൽ നിന്ന് മെസ്സേജുകളും കത്തുകളും ലഭിക്കുന്നത്. സ്വർണത്തിന്റെ വിപണിമൂല്യം കുറഞ്ഞതോടെ വായ്പാ പരിധി കവിഞ്ഞതിനാൽ, നിശ്ചിത മാർജിൻ നിലനിർത്താൻ അധിക തുകയോ കൂടുതൽ സ്വർണമോ നൽകണമെന്നാണ് ബാങ്കുകളുടെ ആവശ്യം.
വായ്പാ തുകയ്ക്ക് ആനുപാതികമായി നിശ്ചിത മാർജിൻ നിലനിർത്താൻ കരാർ പ്രകാരം ഉപഭോക്താക്കൾ ബാധ്യസ്ഥരാണെന്നും, വില കുറഞ്ഞ സാഹചര്യത്തിൽ വായ്പാ പരിധിക്ക് മുകളിലുള്ള തുക പണമോ ചെക്കോ ആയി തിരിച്ചടയ്ക്കുകയോ അധിക സ്വർണം പണയം വെക്കുകയോ ചെയ്യണമെന്നുമാണ് സന്ദേശങ്ങളുടെ ഉള്ളടക്കം.
വിലയിലെ ചാഞ്ചാട്ടങ്ങൾക്കനുസരിച്ച് ഇത്തരം മുന്നറിയിപ്പുകൾ തുടർച്ചയായി എത്തിയേക്കാം. ‘ലോൺ ടു വാല്യു’ അനുപാതം അടിസ്ഥാനമാക്കിയാണ് ബാങ്കുകൾ വായ്പ അനുവദിക്കുന്നത്. കഴിഞ്ഞ ജനുവരി മുതൽ ഇതുവരെ ഒരു പവൻ സ്വർണത്തിന് 38,280 രൂപയുടെ (ഏകദേശം 29.4 ശതമാനം) വിലയിടിവാണ് ഉണ്ടായത്.
ഉദാഹരണത്തിന്, കഴിഞ്ഞ സെപ്റ്റംബറിൽ നാലേമുക്കാൽ ലക്ഷം രൂപ സ്വർണപ്പണയ വായ്പ എടുത്തവർക്ക് ഇന്ന് കുറഞ്ഞത് 9,000 രൂപയെങ്കിലും തിരിച്ചടയ്ക്കേണ്ട സാഹചര്യമുണ്ട്.
റിസർവ് ബാങ്ക് ചട്ടപ്രകാരമുള്ള വായ്പാ പരിധി ഇങ്ങനെയാണ്
2.5 ലക്ഷം രൂപ വരെ: സ്വർണ മൂല്യത്തിന്റെ 85 ശതമാനം വരെ.
5 ലക്ഷം രൂപ വരെ: 80 ശതമാനം വരെ.
25 ലക്ഷം രൂപയ്ക്ക് മുകളിൽ: 75 ശതമാനം വരെ.
ഉപഭോക്താക്കളെ കൃത്യമായി ബോധ്യപ്പെടുത്തി കരാറിൽ ഒപ്പിട്ട ശേഷമാണ് ബാങ്കുകൾ വായ്പ നൽകുന്നത്. അതിനാൽ വിലയിടിവുണ്ടാകുമ്പോൾ റിസർവ് ബാങ്ക് മാനദണ്ഡങ്ങൾക്കനുസരിച്ചാണ് ബാങ്കുകൾ മുന്നറിയിപ്പ് നൽകുന്നത്. പണം അടയ്ക്കുന്നതിൽ താമസം നേരിട്ടാൽ ഉടൻ തന്നെ സ്വർണം ലേലം ചെയ്യാൻ ബാങ്കുകൾക്ക് കഴിയില്ല.
ഉപഭോക്താക്കൾക്ക് മുൻകൂർ നോട്ടീസുകൾ നൽകുക, പത്രപരസ്യം പ്രസിദ്ധീകരിക്കുക തുടങ്ങിയ കർശനമായ നിയമനടപടികൾ റിസർവ് ബാങ്ക് നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ, പലിശ തിരിച്ചടവിൽ തുടർച്ചയായി വീഴ്ച വരുത്തുന്നത് വലിയ സാമ്പത്തിക ബാധ്യതയിലേക്കും ലേല നടപടികളിലേക്കും നയിച്ചേക്കാം. സ്വർണ വ്യാപാരി സംഘടനകളുടെ കണക്കനുസരിച്ച് ഇന്ത്യൻ കുടുംബങ്ങളുടെ കൈവശം ഏകദേശം 30,000 ടൺ സ്വർണവും കേരളത്തിൽ 2,000 ടൺ വരെയും സ്വർണമുണ്ട്.
22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 4,785 രൂപയുടെ വിലയിടിവ് കണക്കാക്കിയാൽ, ചെറിയ കാലയളവിനുള്ളിൽ കേരളത്തിലെ കുടുംബങ്ങളുടെ കൈവശമുള്ള സ്വർണത്തിന്റെ വിപണിമൂല്യത്തിൽ 9.57 ലക്ഷം കോടി രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
സ്വർണം നിക്ഷേപമായി കണ്ടവർക്കാണ് നിലവിലെ വിലയിടിവ് കൂടുതൽ ആശങ്ക നൽകുന്നത്. അതേസമയം, ആഗോള വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് സ്വർണവില വീണ്ടും ഉയരുകയാണെങ്കിൽ പണയക്കാർക്ക് വലിയ ആശ്വാസമാകും.
സ്വർണം പ്രധാനമായും ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന നിലയിൽ ആഭ്യന്തര വിപണിയിലെ വിലയെ സ്വാധീനിക്കാൻ പരിമിതികളുള്ളതിനാൽ അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് ഇനി നിർണ്ണായകമാകുക.






