മുംബൈ: ആഗോള വിപണികളിലെ ദുർബലമായ പ്രവണതകളുടെയും വിദേശ ഫണ്ടുകളുടെ പുറത്തേക്കൊഴുക്കിന്‍റെയും പശ്ചാത്തലത്തില്‍ തുടര്‍ച്ചയായ രണ്ടാം സെഷനിലും ആഭ്യന്തര ഓഹരി വിപണി സൂചികകൾ നഷ്ടം കുറിച്ചു. തുടക്ക വ്യാപാരത്തിലെ കനത്ത ഇടിവിന് ശേഷം ചാഞ്ചാട്ടം പ്രകടമാക്കിയെങ്കിലും സൂചികകള്‍ ചുവപ്പില്‍ തന്നെ നിലകൊണ്ടു. നിഫ്റ്റി 50, 65 പോയിൻറ് അഥവാ 0.33 ശതമാനം ഇടിഞ്ഞ് 19,606 ലും സെൻസെക്സ് 246 പോയിൻറ് അഥവാ 0.37 ശതമാനം ഇടിഞ്ഞ് 65,630.72 ലും ക്ലോസ് ചെയ്തു.
നെസ്ലെ ഇന്ത്യ, അൾട്രാടെക് സിമന്റ്,ഇൻഡസ് ൻഡ് ബാങ്ക്,ബജാജ് ഫിൻസെർവ്,ഏഷ്യൻ പെയിന്റ്സ് എന്നിവ മികച്ച നേട്ടം കരസ്ഥമാക്കി. വിപ്രോ, ഭാരതി എയർടെൽ, എൻടിപിസി, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ എന്നിവ വലിയ ഇടിവ് നേരിട്ടു. ഐടി ഓഹരികള്‍ പൊതുവില്‍ ഇടിവ് നേരിട്ടു. ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നെഗറ്റീവായാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് വിപണികൾ ബുധനാഴ്ച നഷ്ടത്തിലാണ് അവസാനിച്ചത്.
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) ബുധനാഴ്ച 1,831.84 കോടി രൂപയുടെ ഇക്വിറ്റികൾ ഓഫ്‌ലോഡ് ചെയ്തുവെന്ന് എക്സ്ചേഞ്ച് ഡാറ്റ കാണിക്കുന്നത്.
“വിദേശ സ്ഥാപന നിക്ഷേപകരുടെ ഓഹരി വിറ്റഴിക്കൽ, ഇസ്രായേൽ-പാലസ്തീൻ സംഘർഷം, കോർപ്പറേറ്റ് പ്രകടനം, യുഎസ് ട്രഷറി യീൽഡുകളുടെ വർദ്ധനവ്, ജെറോം പവലിന്റെ (ഫെഡ് ചെയർ) വരാനിരിക്കുന്ന പ്രസംഗം എന്നിവ ഉൾപ്പെടെ വിവിധ ആശങ്കകൾ നിക്ഷേപകർ അഭിമുഖീകരിക്കുന്നു,” മേത്ത ഇക്വിറ്റീസ് ലിമിറ്റഡിലെ സീനിയർ വിപി (റിസര്‍ച്ച്) ആയ പ്രശാന്ത് തപ്സെ പറഞ്ഞു.
ബിഎസ്ഇ ബെഞ്ച്മാർക്ക് ബുധനാഴ്ച 551.07 പോയിന്റ് അഥവാ 0.83 ശതമാനം ഇടിഞ്ഞ് 65,877.02 എന്ന നിലയിലെത്തി. നിഫ്റ്റി 140.40 പോയിന്റ് അഥവാ 0.71 ശതമാനം ഇടിഞ്ഞ് 19,671.10ൽ എത്തി.