മുംബൈ: ഐടി ഓഹരികളിലെ വലിയ വില്‍പ്പനയുടെ ഫലമായി ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ നേരിയ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. തുടക്ക വ്യാപാരത്തില്‍ നേട്ടം പ്രകടമാക്കിയ സൂചികകള്‍ പിന്നീട് ഇടിവിലേക്കും ചാഞ്ചാട്ടത്തിലേക്കും നീങ്ങുകയായിരുന്നു.
മന്ദഗതിയിലായ ആഗോള സാമ്പത്തിക സാഹചര്യങ്ങളില്‍ ഐടി മേഖല വെല്ലുവിളി നേരിടുന്നത് തുടരുന്നുവെന്ന് ടിസിഎസിന്‍റെ രണ്ടാംപാദ ഫലം സൂചിപ്പിച്ചത് ഐടി ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദം സൃഷ്ടിക്കുകയായിരുന്നു.
നിഫ്റ്റി 50 28 പോയിന്റ് (0.14 ശതമാനം) ഇടിഞ്ഞ് 19,783.85ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 65 പോയിന്‍റ് (0.10 ശതമാനം) ഇടിഞ്ഞ് 66,408.39ലാണ് ക്ലോസ് ചെയ്തത്.
ഐടി സൂചികയില്‍ 1.8 ശതമാനത്തോളം ഇടിവ് പ്രകടമായി. അതേസമയം ലോഹം, ഊര്‍ജ്ജം, ഓയില്‍-ഗ്യാസ് ഓഹരികള്‍ മികച്ച നേട്ടം സ്വന്തമാക്കി. യുഎസ് ഫെഡറൽ റിസർവിന്റെ മീറ്റിംഗ് മിനുറ്റ്സ് പുറത്തിറങ്ങിയതിന്‍റെ പശ്ചാത്തലത്തില്‍ റേറ്റ് സെൻസിറ്റീവ് ഓഹരികള്‍ നേട്ടമുണ്ടാക്കി.
അനിശ്ചിതത്വം നിറഞ്ഞ സാമ്പത്തിക സാഹചര്യങ്ങൾക്കിടയിൽ യുഎസ് കേന്ദ്ര ബാങ്ക് സമീപഭാവിയിൽ പലിശ നിരക്ക് ഉയർത്തില്ലെന്ന വീക്ഷണമാണ് ഇതിന് കാരണം.
മാരുതി സുസുക്കി, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, എന്‍ടിപിസി, ടാറ്റ സ്റ്റീൽ, ഇൻഡസ് ഇന്‍ഡ് ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികളാണ് വലിയ നേട്ടത്തിലുള്ളത്.
ടാറ്റ കൺസൾട്ടൻസി സർവീസസ്, എച്ച്സിഎൽ ടെക്നോളജീസ്, ഇന്‍ഫോസിസ്, വിപ്രൊ, ബജാജ് ഫിനാൻസ്, ഭാരതി എയർടെൽ, ടെക് മഹീന്ദ്ര എന്നിവയാണ് വലിയ നഷ്ടം നേരിടുന്നത്.
യുഎസ് വിപണികളിലെ മുന്നേറ്റത്തെ തുടർന്ന് ജപ്പാൻ, ചൈന, ഹോങ്കോംഗ് എന്നിവയുൾപ്പെടെയുള്ള ഏഷ്യൻ വിപണികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബുധനാഴ്ച സെൻസെക്‌സ് 393.69 പോയിന്റ് അഥവാ 0.6 ശതമാനം ഉയർന്ന് 66,473.05ലും നിഫ്റ്റി 121.50 പോയിന്റ് അഥവാ 0.62 ശതമാനം ഉയർന്ന് 19,811.35ലും എത്തി.
ബിഎസ്‌ഇയിൽ ലഭ്യമായ കണക്കുകൾ പ്രകാരം ബുധനാഴ്ച 421.77 കോടി രൂപയുടെ ഓഹരികൾ ഓഫ്‌ലോഡ് ചെയ്ത് വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) അറ്റ വിൽപ്പനക്കാരായി തുടർന്നു.