മുംബൈ: ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിനത്തിലും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ആഗോളതലത്തിലെ നെഗറ്റിവ് പ്രവണതകളും ഐടി ഓഹരികളിലെ ശക്തമായ വില്‍പ്പനയും മൂലം സെഷന്‍റെ തുടക്കം മുതല്‍ സെന്‍സെക്സും നിഫ്റ്റിയും ഇടിവിലായിരുന്നു.
ഉച്ചയ്ക്ക് ശേഷം നഷ്ടങ്ങള്‍ നികത്തി നേട്ടത്തിലേക്ക് കയറിയെങ്കിലും അത് നീണ്ടു നിന്നില്ല, വീണ്ടും ഇടിവിലേക്ക് നീങ്ങി.
സെന്‍സെക്സ്‍ 125.65 പോയിന്‍റ് (0.19%) ഇടിവോടെ 66,282.74ലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 42.95 പോയിന്‍റ് (0.22%) ഇടിവോടെ 19,734.30ല്‍ വ്യാപാരം അവസാനിപ്പിച്ചു.
സെപ്റ്റംബറിലെ യുഎസ് പണപ്പെരുപ്പ കണക്ക് നിഗമനങ്ങള്‍ക്ക് മുകളിലായ സാഹചര്യത്തില്‍ ഫെഡ് റിസര്‍വ് ഉയര്‍ന്ന പലിശ നിരക്ക് ദീര്‍ഘകാലം തുടരുമെന്ന ആശങ്ക കനപ്പെട്ടതും വിപണിക്ക് ആഘാതമായി.
ടാറ്റ മോട്ടോഴ്സ്, ഇൻഡസിന്ദ് ബാങ്ക്, എച്ച്സിഎൽ ടെക്നോളജീസ്, നെസ്‍ലെ ഇന്ത്യ, സൺ ഫാർമ എന്നിവയാണ് പ്രധാനമായും നേട്ടം കൊയ്ത ഓഹരികള്‍.
ആക്സിസ് ബാങ്ക്, ഇൻഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, വിപ്രോ, എച്ച്ഡിഎഫ്‍സി ബാങ്ക്, ഗെയിൽ ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ,ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികള്‍ ഇടിവ് നേരിട്ടു.
മറ്റ് പ്രധാന ഏഷ്യൻ സൂചികകളും ചുവപ്പിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഹോങ്കോങ്ങിന്റെ ഹാംഗ് സെംഗ് സൂചിക 2 ശതമാനത്തിലധികം ഇടിഞ്ഞു. യുഎസ്, യൂറോപ്യൻ വിപണികൾ വ്യാഴാഴ്ച നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്‌ഇയിൽ ലഭ്യമായ കണക്കുകൾ പ്രകാരം 1,862.57 കോടി രൂപയുടെ ഓഹരികൾ വിറ്റ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐകൾ) വ്യാഴാഴ്ച അറ്റ വിൽപ്പനക്കാരായിരുന്നു.