പശ്ചിമേഷ്യൻ പ്രതിസന്ധി: അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്കുതിച്ചുയര്‍ന്ന് ആഗോള ഡിജിറ്റല്‍ ഇടപാടുകള്‍; മൊബൈല്‍ പണമിടപാടുകള്‍ 2 ട്രില്യണ്‍ ഡോളര്‍ കടന്നുവിഴിഞ്ഞത്ത് തടഞ്ഞ വിദേശ കപ്പലിന് ഇന്ധനം നിറച്ചു നൽകി കേരളാ മാരിടൈം ബോർഡ്പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ വിപണിയെ സാരമായി ബാധിച്ചില്ലെന്ന് റിപ്പോർട്ട്ആരോഗ്യം,വിദ്യാഭ്യാസം,ദാരിദ്ര്യനിർമാർജനം: മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാംസ്ഥാനത്ത്

സ്പിരിറ്റ് എയര്‍ലൈന്‍സ് പ്രവര്‍ത്തനം നിർത്തുന്നു

വാഷിംഗ്ടൺ ഡിസി: പ്രമുഖ അമേരിക്കൻ വിമാനക്കമ്പനിയായ സ്പിരിറ്റ് എയര്‍ലൈന്‍സ് പ്രവര്‍ത്തനം നിർത്തുന്നു. 34 വര്‍ഷത്തെ പ്രവര്‍ത്തനത്തിനുശേഷമാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി കമ്പനി പ്രഖ്യാപിച്ചത്.

എല്ലാ വിമാന സർവീസുകളും റദ്ദാക്കിയതായി കമ്പനി അറിയിച്ചു. കമ്പനി അടച്ചുപൂട്ടുന്നത് ഏകദേശം 17,000 തൊഴിലാളികളെ ബാധിക്കുമെന്ന് സ്പിരിറ്റ് എയർലൈൻസ് അറിയിച്ചു.
ഇന്ധനവില വര്‍ധനവും ബിസിനസ് രംഗത്തെ മറ്റു പ്രതിസന്ധികളുമാണ് കമ്പനി പൂട്ടാൻ നിർബന്ധിതരാക്കിയതെന്ന് സ്പിരിറ്റ് എയർലൈൻസ് അറിയിച്ചു. സാമ്പത്തിക ഭദ്രത തകർന്നുതുടങ്ങിയ പശ്ചാത്തലത്തിൽ ഇനിയും മുന്നോട്ടു പോയാൽ താങ്ങാനാകാത്ത വിധം നഷ്‌ടമുണ്ടാകുമെന്ന വിലയിരുത്തലിലാണ് പ്രവർത്തനം അവസാനിപ്പിക്കുന്നതെന്ന് സ്പിരിറ്റ് എയര്‍ലൈന്‍സ് വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് വിമാന ഇന്ധനവില ഇരട്ടിയായതാണ് കമ്പനിയുടെ തകര്‍ച്ചയ്ക്കു പ്രധാന കാരണം. ഇന്ധനവില ഗാലന് 2.24 ഡോളറിൽ കൂടില്ലെന്ന കണക്കുകൂട്ടലിലായിരുന്നു കമ്പനിയെന്നും എന്നാല്‍, യുദ്ധം തുടങ്ങിയതോടെ ഇന്ധനവില 4.51 ഡോളറായി ഉയര്‍ന്നത് കമ്പനിയുടെ സാമ്പത്തിക അടിത്തറ തകർത്തതായും കമ്പനി മാർച്ച് മാസത്തിൽത്തന്നെ അറിയിച്ചിരുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ യുഎസ് സര്‍ക്കാര്‍ സാമ്പത്തികസഹായ പദ്ധതി മുന്നോട്ടുവച്ചെങ്കിലും കമ്പനി അടച്ചുപൂട്ടലിലേക്ക് നീങ്ങുകയായിരുന്നു.

സ്പിരിറ്റ് എയര്‍ലൈന്‍സ് പ്രവർത്തനം നിർത്തിയതോടെ ഫ്രോണ്ടിയര്‍, ജെറ്റ് ബ്ലൂ, സൗത്ത് വെസ്റ്റ്, യുണൈറ്റഡ്, അമേരിക്കന്‍ എയര്‍ലൈന്‍സ് തുടങ്ങിയ കമ്പനികൾ സ്പിരിറ്റ് എയർലൈൻസിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് ഇളവുകൾ പ്രഖ്യാപിച്ചു.

“കഴിഞ്ഞ 34 വര്‍ഷമായി അള്‍ട്രാ ലോ-കോസ്റ്റ് മാതൃക വ്യവസായമേഖലയില്‍ ഉണ്ടാക്കിയ സ്വാധീനത്തില്‍ അഭിമാനിക്കുന്നു. വരും വര്‍ഷങ്ങളിലും അതിഥികളെ സേവിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ, വിധി മറ്റൊന്നാണ്’’- കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

നികുതിപ്പണം ഉപയോഗിച്ചുള്ള ഏറ്റെടുക്കലിനായി ട്രംപ് ഒരു അന്തിമ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച കരാറില്‍ എത്താന്‍ കഴിയാതിരുന്നതോടെ കമ്പനിയുടെ പ്രവർത്തനം അനിശ്ചിതത്വത്തിലാകുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണു കമ്പനിയെ സംരക്ഷിക്കാൻ പദ്ധതിയുമായി ട്രംപ് രംഗത്തെത്തിയത്.

500 മില്യണ്‍ ഡോളറിന്‍റെ പദ്ധതിക്കെതിരേ വലിയതോതിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെതന്നെ ഒരു വിഭാഗം ഈ നീക്കത്തെ എതിർത്തു രംഗത്തുവന്നതോടെ ട്രംപ് പ്രതിരോധത്തിലായി. സാന്പത്തിക ഉപദേശകരും കമ്പനി സംരക്ഷണ പാക്കേജിനെ വിമർശിച്ചിരുന്നു. ഇതാണു കരാറിലെത്താൻ സാധിക്കാതെ പോയതിനു പിന്നിലെ പ്രധാന കാരണം.

കോവിഡിനുശേഷം കമ്പനി നഷ്‌ടത്തിലായിരുന്നു. അന്നുമുതൽ കടബാധ്യത പൂർണമായി പരിഹരിക്കാൻ കമ്പനിക്കായില്ല. 2024 നവംബറില്‍ കമ്പനി ഏതാണ്ട് പാപ്പരായി. അന്ന് പാപ്പരത്ത സംരക്ഷണം ആവശ്യപ്പെടുമ്പോൾ ഏകദേശം 2.5 ബില്യണ്‍ ഡോളറിലധികം നഷ്‌ടമുണ്ടായിരുന്നു.
2025 ഓഗസ്റ്റില്‍ സ്പിരിറ്റ് വീണ്ടും പാപ്പരത്ത സംരക്ഷണം തേടി. അന്ന് 8.1 ബില്യണ്‍ ഡോളര്‍ കടവും 8.6 ബില്യണ്‍ ഡോളര്‍ ആസ്തിയും ഉള്ളതായാണു കമ്പനി അറിയിച്ചത്.

കടും മഞ്ഞ നിറത്തിലുള്ള സ്പിരിറ്റിന്‍റെ വിമാനങ്ങള്‍ യുഎസ്, കരീബിയന്‍, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ വളരെ കുറഞ്ഞ നിരക്കില്‍ യാത്രാസൗകര്യമൊരുക്കുന്ന അള്‍ട്രാ-ലോ-കോസ്റ്റ് എയര്‍ലൈന്‍സ് ആയിരുന്നു. അധിക സൗകര്യങ്ങള്‍ക്കു മാത്രം പണം നല്‍കുന്ന ‘ബെയര്‍ ഫെയര്‍’ രീതിയിലായിരുന്നു സ്പിരിറ്റ് എയര്‍ലൈന്‍സിന്‍റെ പ്രവര്‍ത്തനം.

‘ബിസിനസ് നിലനിര്‍ത്തുന്നതിനു സ്പിരിറ്റിന് ഇല്ലാത്തതും നേടാന്‍ കഴിയാത്തതുമായ കോടിക്കണക്കിന് ഡോളര്‍ അധിക പണലഭ്യത ആവശ്യമായി വന്നു. പക്ഷേ, അധ്വാനം വിഫലമായി. ഇത് അങ്ങേയറ്റം നിരാശാജനകമാണ്, നമ്മളാരും ആഗ്രഹിച്ച ഫലവുമല്ല. എല്ലാ സ്പിരിറ്റ് വിമാനങ്ങളും റദ്ദാക്കിയിരിക്കുന്നു, സ്പിരിറ്റ് അതിഥികള്‍ വിമാനത്താവളത്തിലേക്ക് പോകരുത്.’

  • ഡേവ് ഡേവിസ് (സ്പിരിറ്റ് എയർലൈൻസ് സിഇഒ)

X
Top