
കൊച്ചി: സംസ്ഥാനത്തെ പൊതുമേഖല കമ്പനികളെ പ്രൊഫഷണലൈസ് ചെയ്ത് ഓഹരി പങ്കാളിത്തം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കുന്ന കേരള ബഡ്‌ജറ്റിലുണ്ടാകുമെന്ന പ്രതീക്ഷയില്‍ ചെറുകിട നിക്ഷേപകർ.
ചരക്കു സേവന നികുതി (ജി.എസ്.ടി) നിലവില്‍ വന്നതോടെ നികുതി സമാഹരണത്തിന് സാദ്ധ്യതകള്‍ മങ്ങിയതിനാല്‍ നികുതി ഇതര വരുമാനത്തില്‍ ശ്രദ്ധയൂന്നാൻ ധനമന്ത്രി നിർബന്ധിതനാകും.
കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ (സിയാല്‍) മാതൃകയില്‍ സംസ്ഥാനത്തെ ലാഭത്തിലോടുന്ന പൊതുമേഖല സ്ഥാപനങ്ങളിലെ പത്ത് ശതമാനം ഓഹരികള്‍ ചെറുകിട നിക്ഷേപകർക്കും പ്രവാസികള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കിയാല്‍ പ്രതിവർഷം അയ്യായിരം കോടി രൂപയിലധികം സമാഹരിക്കാനാകുമെന്ന് കൊച്ചിയിലെ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റും ധനകാര്യ വിദഗ്ദ്ധനുമായ സുരേഷ് ഗോപിനാഥൻ പറഞ്ഞു.
കേരള സ്റ്റേറ്റ് ഫിനാൻഷ്യല്‍ എന്റർപ്രൈസസ്(കെ.എസ്.എഫ്.ഇ), കേരള മിനറല്‍സ് ആൻഡ് മെറ്റല്‍സ് ലിമിറ്റഡ് (കെ.എം.എം.എല്‍) തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് വിപുലമായ വളർച്ചയ്ക്ക് ആവശ്യമായ മൂലധനം കണ്ടെത്താൻ ചെറുകിട നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓഹരി വിപണിയില്‍ ലിസ്‌റ്റ് ചെയ്യുന്നതിലൂടെ പൊതുമേഖല സ്ഥാപനങ്ങളുടെ വിപണി മൂല്യം ഉയർത്താനാകുമെന്നതും നേട്ടമാണ്.
ലാഭത്തില്‍ 28 സ്ഥാപനങ്ങള്‍
കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള 28 പൊതുമേഖല സ്ഥാപനങ്ങള്‍ളാണ് ലാഭമുണ്ടാക്കിയത്. ഇക്കാലയളവില്‍ വിറ്റുവരവ് ഉയർത്താനും ലാഭക്ഷമത മെച്ചപ്പെടുത്താനും കമ്പനികള്‍ക്ക് സാധിച്ചു. അടുത്ത ഘട്ടത്തില്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ പ്രൊഫഷണല്‍ മാനേജ്‌മെന്റ് രൂപപ്പെടുത്താനും പ്രവർത്തനം വിപുലീകരിക്കാനും ശക്തമായ നടപടികളുണ്ടാകുമെന്നാണ് പ്രതീക്ഷ.
സിയാല്‍ മികച്ച മാതൃക
സ്വകാര്യ മേഖലയുമായി കൈകോർത്ത് സംസ്ഥാന സർക്കാർ രൂപം കൊടുത്ത കൊച്ചിൻ ഇന്റർനാഷണല്‍ എയർപോർട്ട് ലിമിറ്റഡ്(സിയാല്‍) രാജ്യത്തിന് തന്നെ മികച്ച മാതൃകയാണ്. പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ 1994ല്‍ രൂപീകരിച്ച സിയാലിന്റെ നിലവിലെ വിപണി മൂല്യം 25,000 കോടി രൂപയിലധികമാണെന്ന് വിലയിരുത്തുന്നു.
ഓഹരികള്‍ ഇതുവരെ വിപണിയില്‍ ലിസ്‌റ്റ് ചെയ്യാത്തതിനാല്‍ കൃത്യമായ മൂല്യം ഇതുവരെ കണക്കാൻ കഴിഞ്ഞിട്ടില്ല. സംസ്ഥാന സർക്കാരിന് കമ്പനിയില്‍ 33.38 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.






