
മുംബൈ: ആർ.ബി.ഐ റിപ്പോ നിരക്കില്‍ അര ശതമാനം കുറവ് വരുത്തിയതിന് പിന്നാലെ അതിവേഗം ബാങ്കുകള്‍ ഭവന വായ്പാ പലിശ താഴ്ത്തി. റിപ്പോയുമായി ബന്ധിപ്പിച്ച വായ്പാ നിരക്കി(ആർഎല്‍എല്‍ആർ)ലാണ് ഉടനെ പ്രതിഫലിച്ചത്.
മാർജിനല്‍ കോസ്റ്റ്(എം.സി.എല്‍.ആർ), റിപ്പോ റേറ്റിനെപ്പോലുള്ള എക്സ്റ്റേണല്‍ ബെഞ്ച്മാർക്ക് (ഇ.ബി.എല്‍.ആർ)എന്നിവ അടിസ്ഥാനമാക്കിയാണ് നിലവില്‍ ബാങ്കുകള്‍ ഭവന വായ്പ നല്‍കുന്നത്. അതുകൊണ്ടുതന്നെ നിരക്ക് കുറയ്ക്കലിന്റെ നേട്ടം വേഗം ലഭിക്കാൻ റിപ്പോ അധിഷ്ഠിത നിരക്കിലേയ്ക്ക് മാറുന്നത് ഗുണകരമാകും.
എസ്.ബി.ഐയുടെ പുതുക്കിയ നിരക്ക് ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതുപ്രകാരം 7.75 ശതമാനമാണ് അടിസ്ഥാന പലിശ നിരക്ക്. ഇതോടൊപ്പം ക്രെഡിറ്റ് റിസ്കിനുളള പ്രീമിയം കൂടി ഉള്‍പ്പെടുത്തിയാകും അന്തിമ നിരക്ക് നിശ്ചയിക്കുകയെന്ന് വെബ്സൈറ്റില്‍ പറയുന്നു.
ഇന്ത്യൻ ഓവർസീസ് ബാങ്ക് ആകട്ടെ വായ്പാ പലിശയില്‍ അര ശതമാനം കുറവ് വരുത്തി. 8.85 ശതമാനത്തില്‍നിന്ന് 8.35 ശതമാനമായാണ് കുറച്ചത്. പുതുക്കിയ നിരക്ക് ജൂണ്‍ 12 മുതല്‍ പ്രാബല്യത്തിലായി.
കാനാറ ബാങ്ക് റിപ്പോ അധിഷ്ഠിത വായ്പകളുടെ പലിശ 8.75 ശതമാനത്തില്‍നിന്ന് 8.25 ശതമാനമാക്കി. പരിഷ്കരിച്ച നിരക്ക് ജൂണ്‍ 12 മുതല്‍ നിലവില്‍വന്നു. മാർജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള വായ്പകള്‍ക്കും ആനുപാതികമായ കുറവ് വരുത്തിയിട്ടുണ്ട്.
ബാങ്ക് ഓഫ് ബറോഡയുടെ പലിശ 8.65 ശതമാനത്തില്‍നിന്ന് 8.15 ശതമാനമായി. ജൂണ്‍ ഏഴ് മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിലായത്.
ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ അധിഷ്ഠിത വായ്പാ നിരക്ക് 8.85 ശതമാനത്തില്‍നിന്ന് 8.35 ശതമാനമാക്കി. ജൂണ്‍ ആറിന് നിരക്ക് നിലവില്‍വന്നു.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഇബിഎല്‍ആർ, റിപ്പോ അധിഷ്ഠിത വായ്പാ നിരക്കുകള്‍ അര ശതമാനം കുറച്ചു. ഇതോടെ പലിശ 8.25 ശതമാനമായി.
പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎൻബി) റിപ്പോ അധിഷ്ഠിത നിരക്കില്‍ അര ശതമാനം കുറവ് വരുത്തി. ഇതോടെ 8.85 ശതമാനത്തില്‍നിന്ന് 8.35 ശതമാനമായി പലിശ കുറഞ്ഞു.
ഇന്ത്യൻ ഓവർസീസ് ബാങ്ക് വായ്പാ പലിശ 8.85 ശതമാനത്തില്‍നിന്ന് 8.35 ശതമാനമായാണ് കുറച്ചത്. ജൂണ്‍ 12 മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തിലായി.
ജൂണ്‍ ആറിനാണ് റിസർവ് ബാങ്ക് റിപ്പോ നിരക്ക് അര ശതമാനം കുറച്ച് 5.50 ശതമാനമാക്കിയത്. ഇതിന് മുമ്ബ് രണ്ടു തവണയായി കാല്‍ ശതമാനം വീതം കുറവ് വരുത്തിയിരുന്നു.