
മുംബൈ:മാര്‍ക്കറ്റ് ഡാറ്റ ലഭ്യത, സ്വകാര്യത എന്നിവയുമായി ബന്ധപ്പെട്ട നയങ്ങള്‍ രൂപീകരിക്കുന്ന ഉപദേശക സമിതിയെ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) പുനഃക്രമീകരിച്ചു. മാര്‍ക്കറ്റ് ഡാറ്റ ഉപദേശക സമിതിയില്‍ ഇനി 20 അംഗങ്ങളേ ഉണ്ടാകൂ. നേരത്തെ 21 അംഗങ്ങളാണ് സമിതിയില്‍ ഉണ്ടായിരുന്നത്.
എന്‍എസ്ഇയുടെ മുന്‍ എംഡിയും സിഇഒയുമായ വിക്രം ലിമായെയെ മാറ്റി, എക്‌സ്‌ചേഞ്ചിന്റെ പുതിയ മേധാവി ആശിഷ്‌കുമാര്‍ ചൗഹാനെ സെബി പട്ടികയില്‍ ഉള്‍പ്പെടുത്തി. നേരത്തെ ബിഎസ്ഇയുടെ എംഡിയും സിഇഒയുമായിരുന്നു ചൗഹാന്‍. ചൗഹാന്‍ എന്‍എസ്ഇയിലേയ്ക്ക മാറിയതോടെ ബിഎസ്ഇ നേതൃസ്ഥാനം ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുകയാണ്.
ഇതോടെ സമിതിയില്‍ ബിഎസ്ഇയുടെ പ്രതിനിധിയായി ആരുമുണ്ടാകില്ല. ബിഎസ്ഇയ്ക്ക് പുതിയ മേധാവി വരുമ്പോള്‍ ആവ്യക്തി പിന്നീട് സമിതിയില്‍ അംഗമാകും. ഡല്‍ഹിയിലെ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്‌സി ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (ഐബിബിഐ) മുന്‍ ചെയര്‍പേഴ്‌സണുമായ എസ് സാഹുവാണ് സമിതിയുടെ അധ്യക്ഷന്‍.
ഡിപ്പോസിറ്ററികളുടെ സിഇഒമാര്‍, ഓഹരി ഉടമകളുടെ പ്രതിനിധികള്‍, സെബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്.