ദില്ലി: ഹിൻഡൻ ബർഗ് ആക്ഷേപം തള്ളി സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ). അദാനി ഗ്രൂപ്പിനെതിരായ അന്വേഷണത്തിൽ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്ന് സെബി വ്യക്തമാക്കി.
24 ആക്ഷേപങ്ങളിൽ ഇരുപത്തിമൂന്നും അന്വേഷിച്ചു. ഒന്നിലെ നടപടി കൂടി ഉടൻ പൂർത്തിയാക്കും. അന്വേഷണത്തിൻ്റെ ഭാഗമായി അദാനി ഗ്രൂപ്പിന് നോട്ടീസ് നൽകുകയും മൊഴിയെടുക്കുകയും ചെയ്തു. ചെയർപേഴ്സൺ മാധബി പുരി ബുച്ചി അവർക്കെതിരായ ആക്ഷേപം നിഷേധിച്ച് കഴിഞ്ഞെന്നും സെബി കൂട്ടിച്ചേര്‍ത്തു.
അദാനിക്ക് പങ്കാളിത്തമുള്ള നിഴല്‍ കമ്പനികളില്‍ സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിന് നിക്ഷേപമുണ്ടായിരുന്നുവെന്ന ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടില്‍ രാഷ്ട്രീയ കോളിളക്കം തുടരുകയാണ്.
സെബി ചെയർപേഴ്‌സൺ മാധബി ബുച്ചിനും അവരുടെ ഭർത്താവിനും അദാനി പണമിടപാട് അഴിമതിയിൽ ഉൾപ്പെട്ട വിദേശ സ്ഥാപനങ്ങളിൽ ഓഹരിയുണ്ടെന്നാണ് ഹിൻഡൻ ബർഗ് കണ്ടെത്തൽ.
അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നിൽ ഈ ബന്ധമെന്നും ഹിൻഡൻ ബർഗ് റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, ഹിന്‍ഡന്‍ ബര്‍ഗ് വെളിപ്പെടുത്തല്‍ അദാനി ഗ്രൂപ്പും, മാധബി ബുച്ചും തള്ളി.
അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങൾ പൂർണ്ണമായും നിഷേധിക്കുന്നുവെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു. അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങൾ സമഗ്രമായി അന്വേഷിക്കുകയും അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുകയും ചെയ്തിട്ടുള്ളതാണ്.
അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു. തെളിവില്ലാത്ത ആരോപണങ്ങൾ വീണ്ടും ഉന്നയിക്കുകയാണെന്നും മാധബി ബുച്ചുമായി ബിസിനസ് ഇടപാടിലെന്നും അദാനി കമ്പനിയും വിശദീകരിച്ചു.
അതേസമയം, അദാനിക്കും മാധബി പുരി ബുച്ചിനുമെതിരെ ജെപിസി അന്വേഷണം വേണമെന്ന ആവശ്യം കോണ്‍ഗ്രസ് ശക്തമാക്കി.
സെബിയിലെ മാധബിയുടെ നിയമത്തിലടക്കം സംശയങ്ങള്‍ ഉയരുമ്പോള്‍ സംയുക്ത പാര്‍ലമെന്‍ററി സമിതി രൂപീകരിച്ച് മുഴുവന്‍ ഇടപാടുകളിലും അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാട്.
വിദേശ ശക്തികളുമായി ചേര്‍ന്ന് കോണ്‍ഗ്രസ് രാജ്യത്തെ അസ്ഥിരപ്പെടുത്തുകയാണെന്ന് ബിജെപി ആരോപിച്ചു.