വടകര: സംസ്ഥാന ടൂറിസംവകുപ്പ് നിർദേശിച്ച സർഗാലയ ഗ്ലോബല്‍ ഗേറ്റ് വേ ടു മലബാർ കള്‍ച്ചറല്‍ ക്രൂസിബിള്‍ പദ്ധതിക്ക് കേന്ദ്ര ടൂറിസംമന്ത്രാലയത്തിന്റെ അനുമതി.
95.34 കോടിരൂപയാണ് ‘ഡിവലപ്മെന്റ് ഓഫ് ഐക്കണിക് ടൂറിസ്റ്റ് സെന്റേഴ്സ് ടു ഗ്ലോബല്‍ സ്കെയില്‍’ പദ്ധതിയിലുള്‍പ്പെടുത്തി കേന്ദ്രം അനുവദിച്ചതെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.
59.71 കോടിരൂപയുടെ കൊല്ലം ബയോഡൈവേഴ്സിറ്റി ആൻഡ് റിക്രിയേഷണല്‍ ഹബ് എന്ന പദ്ധതിക്കും അനുമതിയുണ്ട്.
ഇരിങ്ങല്‍ സർഗാലയ ആർട് ആൻഡ് ക്രാഫ്റ്റ് വില്ലേജ് മുതല്‍ ബേപ്പൂർവരെയുള്ള ടൂറിസം ശൃംഖലയുടെ വികസനമാണ് സർഗാലയ ഗ്ലോബല്‍ ഗേറ്റ് വേ ടു മലബാർ കള്‍ച്ചറല്‍ ക്രൂസിബിള്‍ പദ്ധതി.
ലോകനിലവാരത്തിലേക്ക് ജില്ലയിലെ ടൂറിസംകേന്ദ്രങ്ങളെ എത്തിക്കുകയാണ് ലക്ഷ്യം. ജില്ലയിലെ പ്രധാന ടൂറിസംകേന്ദ്രങ്ങളുടെ വികസനം പദ്ധതിയിലൂടെ സാധ്യമാകും. സർഗാലയയുടെ വിപുലീകരണവും പദ്ധതിയുടെ ഭാഗമാണ്.
ടൂറിസംമന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരം സംസ്ഥാനത്തെ ടൂറിസംവകുപ്പുദ്യോഗസ്ഥർ ഡല്‍ഹിയിലെത്തി പദ്ധതിയുടെ വിശദമായ രൂപരേഖ കേന്ദ്ര ടൂറിസംവകുപ്പിലെ ഉദ്യോഗസ്ഥർക്കുമുന്നില്‍ അവതരിപ്പിച്ചിരുന്നു.
ഇതേത്തുടർന്നാണ് രണ്ടുപദ്ധതികള്‍ക്ക് കേന്ദ്രം ഫണ്ട് അനുവദിച്ചത്.